Sports

'ചെകുത്താന്റെ' കൈയില്‍ ബ്രസീല്‍ പിടഞ്ഞു

ചെകുത്താന്റെ കൈയില്‍  ബ്രസീല്‍ പിടഞ്ഞു
X
Brazil's-Lucas-Lima-(left)-ഫോക്‌സ്ബര്‍ഗ്: ദൈവത്തിന്റെ കൈയല്ല; ഇത് ചെകുത്താന്റെ കൈ. ഇന്നലെ ബ്രസീലിയന്‍ ആരാധകര്‍ ഒരു പോലെ വികാരഭരിതമായി പറഞ്ഞ നിമിഷം. അര്‍ജന്റീന ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ ദൈവത്തിന്റെ കൈ കൊണ്ടുള്ള ഗോള്‍ ഇന്നലെ ഫോക്‌സ്ബര്‍ഗില്‍ പെറു താരം ആവര്‍ത്തിച്ചപ്പോള്‍ ബ്രസീലിനൊപ്പം ആരാധകരും ഒരു പോലെ ഉരുവിട്ടു ഇത് ദൈവത്തിന്റൈ കൈയല്ല, ചെകുത്താന്റെ കൈയാണെന്ന്.
നാട്ടില്‍ നടന്ന ലോകകപ്പിന് പിന്നാലെ എട്ട് തവണ ചാംപ്യന്‍മാരായ ബ്രസീല്‍ കോപ അമേരിക്കയിലും കണ്ണീരോടെ വിടവാങ്ങി. അതും വിവാദമായ ഒരു ഗോളില്‍. 75ാം മിനിറ്റില്‍ റോള്‍ റോഡിയാസാണ് ബ്രസീലിന്റെ അന്തകനായി പെറുവിന്റെ വിവാദ വിജയഗോള്‍ നേടിയത്. ഈ ഒരു ഗോളിന്റെ പിന്‍ബലത്തില്‍ രണ്ടു തവണ ചാംപ്യന്‍മാരായ പെറു കോപ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറിയപ്പോള്‍ നോക്കൗട്ട് റൗണ്ടിലേക്ക് കടക്കാന്‍ സമനില മാത്രം മതിയായിരുന്ന മഞ്ഞപ്പട ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവുകയായിരുന്നു.
1987ന് ശേഷം ആദ്യമായാണ് കോപ അമേരിക്ക ഫുട്‌ബോളിന്റെ ഗ്രൂപ്പ്ഘട്ടത്തില്‍ തന്നെ ബ്രസീല്‍ പുറത്താവുന്നത്. ബ്രസീലിനെതിരായ ജയത്തോടെ ഗ്രൂപ്പ് ബിയില്‍ നിന്ന് ഒന്നാംസ്ഥാനക്കാരായി പെറു ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇടംപിടിച്ചു. മൂന്ന് മല്‍സരങ്ങളില്‍ നിന്ന് രണ്ട് ജയവും ഒരു സമനിലയും ഉള്‍പ്പെടെ ഏഴ് പോയിന്റോടെയാണ് പെറു ഗ്രൂപ്പ് ചാംപ്യന്‍മാരായത്.
ഇത്രയും മല്‍സരങ്ങളില്‍ നിന്ന് ഒരു ജയവും രണ്ട് സമനിലയും ഉള്‍പ്പെടെ അഞ്ച് പോയിന്റുമായി ഇക്വഡോര്‍ രണ്ടാംസ്ഥാനക്കാരായി ഗ്രൂപ്പ് ബിയില്‍ നിന്ന് നോക്കൗട്ട് റൗണ്ടില്‍ ഇടംകണ്ടെത്തി. മൂന്ന് മല്‍സരങ്ങളില്‍ നിന്ന് ഓരോ വീതം ജയവും തോല്‍വിയും സമനിലയും ഉള്‍പ്പെടെ നാല് പോയിന്റാണ് മൂന്നാം സ്ഥാനക്കാരായ ബ്രസീലിന് നേടാനായത്. മൂന്ന് മല്‍സരങ്ങളിലും തോറ്റ ഹെയ്തിക്ക് പോയിന്റൊന്നും നേടാനായില്ല.
മല്‍സരത്തിലുടനീളം ബ്രസീലിനായിരുന്നു ആധിപത്യം. പന്തടക്കത്തിലും ആക്രമിച്ചു കളിക്കുന്നതിലും മേധാവിത്വം പുലര്‍ത്തിയ ബ്രസീല്‍ ഗോളിനുള്ള നിരവധി മികച്ച അവസരങ്ങള്‍ പാഴാക്കുകയായിരുന്നു. കളിയുടെ 12ാം മിനിറ്റില്‍ ബ്രസീല്‍ താരം ഫിലിപ്പ് ലൂയിസിന്റെ ലോങ് റേഞ്ച് ഷോട്ട് പെറു ഗോള്‍കീപ്പര്‍ പെഡ്രോ ഗല്ലെസ കുത്തിയകറ്റി.
27ാം മിനിറ്റില്‍ ഗാബ്രിയേലിന്റെ ഗോള്‍ ശ്രമവും പെറു ഗോള്‍ വിഫലമാക്കി. 36ാം മിനിറ്റില്‍ വില്ല്യനിലൂടെയും 41ാം മിനിറ്റില്‍ ഗാബ്രിയേലിലൂടെയും ഗോളവസരം ലഭിച്ചെങ്കിലും ബ്രസീലിന് ലക്ഷ്യത്തിലെത്തിക്കാനായില്ല.
കളിയുടെ രണ്ടാംപകുതിയിലാണ് പെറു ഗോളിനുള്ള ആദ്യ ശ്രമം നടത്തിയത്. ക്രിസ്റ്റിയന്‍ കുഹെവയുടെ ഫ്രീകിക്ക് ബ്രസീല്‍ ഗോളി വിഫലമാക്കുകയായിരുന്നു. 64ാം മിനിറ്റില്‍ എഡിസന്‍ ഫ്‌ളോറസ് പെറാല്‍റ്റയുടെ പകരക്കാരനായി കളിയുടെ ഗതിമാറ്റിയ റോഡിയാസ് കളത്തിലിറങ്ങി. കളത്തിലിറങ്ങി 11ാം മിനിറ്റില്‍ തന്നെ റോഡിയാസ് ബ്രസീലിയന്‍ ഗോള്‍വല കുലുക്കുകയും ചെയ്തു. ആന്‍ഡി പോളോയുടെ ക്രോസില്‍ നിന്നാണ് റോഡിയാസ് വിവാദ ഗോള്‍ നേടിയത്.
പോസ്റ്റിനോട് ചേര്‍ന്ന് കിട്ടിയ ക്രോസ് ഗോളാക്കാനുള്ള ശ്രമത്തിനിടെ റോഡിയാസിന്റെ കൈയില്‍ പന്ത് തട്ടി ബ്രസീലിയന്‍ ഗോള്‍ വലയില്‍ തറയ്ക്കുകയായിരുന്നു. റോഡിയാസിന്റെ വലതു കൈയില്‍ തട്ടിയാണ് പന്ത് വലയിലെത്തിയതെന്ന ബ്രസീല്‍ ഗോളി അലിസണ്‍ ബീക്കറിന്റെ ആരോപണം റഫറി ചെവികൊണ്ടില്ല. ബ്രസീലിയന്‍ താരങ്ങള്‍ പ്രതിഷേധിച്ചെങ്കിലും നാല് മിനിറ്റുകള്‍ക്കു ശേഷം റഫറി ഗോളാണെന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.
ഇത് ഹാന്‍ഡ് ബോളാണെന്ന് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. പിന്നീട് സമനില ഗോളിനായി കിണഞ്ഞു ശ്രമിച്ച ബ്രസീലിന് ഇഞ്ചുറിടൈമില്‍ ഗോളിനുള്ള സുവര്‍ണാവസരം ലഭിച്ചു. എന്നാല്‍, പെനാല്‍റ്റി ബോക്‌സില്‍ നിന്നുള്ള എലിയാസിന്റെ ഷോട്ട് ലക്ഷ്യം തെറ്റിയതോടെ ബ്രസീലിന് ടൂര്‍ണമെന്റില്‍ നിന്ന് തലതാഴ്ത്തി മടങ്ങേണ്ടിവരികയായിരുന്നു.
1985ന് ശേഷം ആദ്യമായാണ് ബ്രസീലിനെതിരേ പെറു വെന്നിക്കൊടി നാട്ടുന്നത്. ഇത് ഉള്‍പ്പെടെ നാല് തവണ മാത്രമാണ് ബ്രസീലിനെ പെറുവിന് കീഴടക്കാനായത്.
ദുംഗയുടെ ഭാവി അനിശ്ചിതത്വത്തില്‍
ഫോക്‌സ്ബര്‍ഗ്: കോപ അമേരിക്കയില്‍ പെറുവിനോട് തോറ്റ് ക്വാര്‍ട്ടര്‍ കാണാതെ പുറത്തായതോടെ ബ്രസീല്‍ കോച്ച് ദുംഗയുടെ ഭാവി അനിശ്ചിതത്വത്തില്‍. ദുംഗയെ ബ്രസീല്‍ കോച്ച് സ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യം ശക്തമായിട്ടുണ്ട്.
എന്നാല്‍, പെറുവിനെതിരായ മല്‍സരത്തിനു ശേഷം ദുംഗ വൈകാരികമായി പ്രതികരിച്ചു. താന്‍ മരണത്തെ മാത്രമേ ഭയപ്പെടുവുള്ളുവെന്നും ജോലി നഷ്ടമാകുന്നതില്‍ ആശങ്കയില്ലെന്നും ദുംഗ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Next Story

RELATED STORIES

Share it