palakkad local

ചൂരിയോട് പാലം: സംരക്ഷണ ഭിത്തി നിര്‍മാണവുമായി ബന്ധപ്പെട്ട് റിപോര്‍ട്ടാവശ്യപ്പെട്ടു

മണ്ണാര്‍ക്കാട്: ചൂരിയോട് പാലത്തിന് താഴെ പുഴ സംരക്ഷണഭിത്തി നിര്‍മാണവുമായി ബന്ധപ്പെട്ട് സബ് കലക്ടര്‍ റിപോര്‍ട്ട് ആവശ്യപ്പെട്ടു. സ്വകാര്യവ്യക്തിക്ക് പുഴ പുറമ്പോക്ക് കൈയേറാന്‍ സൗകര്യം ഒരുക്കുന്ന തരത്തിലാണ് സംരക്ഷണഭിത്തി നിര്‍മാണം എന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് ഒറ്റപ്പാലം സബ് കലക്ടര്‍ നൂഹ് ബാവ സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെ പുഴ സംരക്ഷണ ഫണ്ടില്‍ നിന്ന് 20 ലക്ഷം ചിലവില്‍ 135 മീറ്ററാണ് സംരക്ഷണഭിത്തി നിര്‍മിക്കുന്നത്. എന്നാല്‍ പുഴ പുറമ്പോക്ക് കൈയേറാന്‍ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് സൗകര്യം ഒരുക്കുകയാണെന്നും പുഴയുടെ വീതി കുറയ്ക്കുന്ന വിധത്തില്‍ പുഴയിലേക്ക് ഇറക്കിയാണ് ഭിത്തി നിര്‍മിക്കുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
യഥാര്‍ത്ഥത്തില്‍ പുഴ സംരക്ഷണമല്ല സ്വകാര്യ വ്യക്തികള്‍ക്ക് സ്ഥലം പതിച്ചുനല്‍കുകയാണെന്ന് പരാതിയില്‍ പറയുന്നു. എന്നാല്‍ താലൂക്ക് സര്‍വ്വേയര്‍ അടയാളപ്പെടുത്തിയ ഭാഗത്താണ് ഭിത്തി നിര്‍മ്മിക്കുന്നതെന്ന് മൈനര്‍ ഇറിഗേഷന്‍ എ ഇ ദേവനാരായണന്‍ പറഞ്ഞു. നിര്‍മ്മാണം തുടങ്ങിയപ്പോള്‍ തന്നെ പരാതി ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് അതിര്‍ത്തി നിര്‍ണ്ണയിക്കാന്‍ റവന്യു അധികൃതരെ ചുമതലപ്പെടുത്തിയതെന്നും എ ഇ പറഞ്ഞു.
Next Story

RELATED STORIES

Share it