thrissur local

ചൂട് കനത്തു: ജില്ലയില്‍ വീണ്ടും നിര്‍മാണത്തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

കൊടുങ്ങല്ലൂര്‍: ചൂട് കനത്തതോടെ ജില്ലയില്‍ വീണ്ടും നിര്‍മാണ തൊഴിലാളിക്ക് സൂര്യതാപമേറ്റു. കൊടുങ്ങല്ലൂരില്‍ ശക്തമായ ചൂടില്‍ നിര്‍മാണ പ്രവര്‍ത്തനം നടത്തുകയായിരുന്ന തൊഴിലാളി സൂര്യതാപമേറ്റ് കുഴഞ്ഞു വീഴുകയായിരുന്നു.
പുല്ലൂറ്റ് സ്വദേശി പാറയില്‍ മുകുന്ദന്‍(59) ആണ് കൊടുങ്ങല്ലൂര്‍ പടിഞ്ഞാറ് വശത്ത് വീട്ടുപണി നടത്തികൊണ്ടിരിക്കെ കുഴഞ്ഞു വീണത്. കൂടെ ജോലി ചെയ്തിരുന്നവര്‍ ഉടനെ കൊടുങ്ങല്ലൂര്‍ ഗവ. താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് ചികില്‍സ നല്‍കി. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം ലംഘിച്ച് കനത്ത ചൂടിലും പണിയെടുക്കേണ്ടിവരുന്ന നിര്‍മാണ തൊഴിലാളികള്‍ക്ക് സൂര്യതാപമേല്‍ക്കുന്നത് പതിവായിട്ടുണ്ട്.
കഴിഞ്ഞ ദിവസം മാള കുഴൂരിലും നിര്‍മാണ തൊഴിലാളിക്ക് സൂര്യതാപമേറ്റിരുന്നു. കരാറുകാരും തൊഴിലുടമകളും തൊഴില്‍സമയത്തില്‍ മാറ്റം വരുത്താന്‍ തയ്യാറാവുന്നില്ലെന്ന പരാതി ശക്തമായിട്ടുണ്ട്. അതേസമയം, കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ കടുത്ത ചൂട് സംബന്ധിച്ച മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകളില്‍ നടത്തുന്ന അവധിക്കാല ക്ലാസുകള്‍ നിര്‍ത്തിവയ്ക്കാന്‍ ജില്ലാകലക്ടര്‍ ഉത്തരവിട്ടു.
ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ ഒഴികെയുളള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഈ ഉത്തരവ് ബാധകമാണ്. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. മെയ് 15 വരെ അവധിക്കാല ക്ലാസ്സുകള്‍ നടത്താന്‍ പാടില്ലെന്ന് ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.
എന്നാല്‍ നേരത്തേ നിശ്ചയിച്ച പരീക്ഷകള്‍ക്ക് ഈ ഉത്തരവ് ബാധകമല്ല.
Next Story

RELATED STORIES

Share it