kannur local

ചൂടുചായക്കൊപ്പം പുസ്തകചര്‍ച്ചയുമായി ഷുക്കൂറിന്റെ കട

ഇരിക്കൂര്‍: ചായക്കടകളില്‍ പോലും രാഷ്ട്രീയം തിളച്ചുമറിയുന്ന തിരഞ്ഞെടുപ്പ് കാലത്ത് ഇരിക്കൂര്‍ പെടയങ്ങോട്ടെ ഷുക്കൂറിന്റെ കട വ്യത്യസ്തമാണ്. സമീപകാലത്ത് വായനക്കാരുടെ ശ്രദ്ധ നേടിയ വിനോയ് തോമസിന്റെ കരിക്കോട്ടക്കരിയും പ്രകാശന്‍ മടിക്കൈയുടെ കൊരുവാനത്തിലെ പൂതങ്ങളുമൊക്കെയാണ് ഇവിടെ ചര്‍ച്ചകളില്‍ നിറഞ്ഞുനില്‍ക്കുന്നത്.
ചായ കുടിക്കാനെത്തി ചര്‍ച്ചയില്‍ പങ്കെടുക്കുന്നതാവട്ടെ സംസ്ഥാന തലത്തില്‍ അറിയപ്പെടുന്ന എഴുത്തുകാരും നിരൂപകരും എഴുത്തിനെ സ്‌നേഹിക്കുന്നവരും. എല്ലാ മാസത്തിലെയും അവസാനത്തെ ഞായറാഴ്ചയാണ് ഷുക്കൂറിന്റെ ചായപ്പീടികയുടെ വരാന്ത പുസ്തകചര്‍ച്ചകള്‍ക്ക് വേദിയാവുന്നത്. കൊരുവാനത്തിലെ പൂതങ്ങള്‍ എന്ന നോവലിനെക്കുറിച്ചുള്ള ചര്‍ച്ച ഇന്നലെ നടന്നു. പ്രശസ്ത നിരൂപകന്‍ ഇ പി രാജഗോപാലന്‍ ചര്‍ച്ചയ്ക്ക് തുടക്കമിട്ടു. ഗ്രാമാന്തരങ്ങളിലെ സാധാരണ ജീവിതങ്ങളുടെ കഥ പറയുന്ന ഇതുപോലൊരു പുസ്തകം ചായപ്പീടികയിലിരുന്ന് ചര്‍ച്ച ചെയ്താല്‍ ലഭിക്കുന്ന സുഖം ശീതീകരണ മുറിയിലെ ചര്‍്ച്ചയില്‍ ലഭിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു പ്രദേശത്തിന്റെ കഥ പറയുമ്പോള്‍ അവിടുത്തെ ജീവിതം ആവിഷ്‌കരിക്കാന്‍ പ്രദേശത്തെ ഭാഷ തന്നെ ഉപയോഗിച്ചുവെന്നതാണ് നോവലിന്റെ വിജയമെന്ന് രാധാകൃഷ്ണന്‍ പട്ടാന്നൂര്‍ അഭിപ്രായപ്പെട്ടു.
നോവലിസ്റ്റ് പ്രകാശന്‍ മടിക്കൈയും എഴുത്തുകാരായ അജയന്‍ വളക്കൈ, സി പി ചന്ദ്രന്‍, കെ വി രാജന്‍ കല്ലുവയല്‍, തിരക്കഥാകൃത്ത് നൗഫല്‍ ബ്ലാത്തൂര്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കാളികളായി. കാലത്തിന്റെ മാറ്റത്തിനൊപ്പം മറഞ്ഞുപോയ നന്മയെ തിരിച്ചുകൊണ്ടുവരിക എന്നതാണ് ചായപ്പീടികയിലെ ചര്‍ച്ചയിലൂടെ ലക്ഷ്യമിടുന്നതെന്ന് എഴുത്തുകാരന്‍ കൂടിയായ ഷുക്കൂര്‍ പെടയങ്ങോട് പറയുന്നു.
Next Story

RELATED STORIES

Share it