Editorial

ചൂടിനെ ശപിക്കുന്നതിനു മുമ്പ്

ഏപ്രില്‍ മൊത്തം ഇന്ത്യക്കാര്‍ക്ക് ക്രൂരമായ മാസമായിരിക്കുമെന്നാണു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണവിഭാഗം മുന്നറിയിപ്പു നല്‍കുന്നത്. കടല്‍ത്തീരത്തായതിനാലും സഹ്യാദ്രി ദുരിതങ്ങളെ തടഞ്ഞുനിര്‍ത്തുന്നതിനാലും കാലാവസ്ഥയുടെ കാര്യത്തില്‍ അനുഗൃഹീതമായ കേരളത്തിലും ചൂട് കൂടുമെന്നാണു പ്രവചനം. തമിഴ്‌നാട്ടിലും മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും കവിഞ്ഞ ചൂടാണു രേഖപ്പെടുത്തിയിട്ടുള്ളത്. ഊട്ടി, കൊടൈക്കനാല്‍ തുടങ്ങിയ പ്രദേശങ്ങളിലും പതിവില്ലാത്ത ചൂടനുഭവപ്പെടുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഈ വേനല്‍ക്കാലത്ത് ചുടുകാറ്റടിക്കുമെന്നും ശരാശരി ചൂട് ഒരു സെല്‍ഷ്യസ് വര്‍ധിക്കുമെന്നുമാണു മുന്നറിയിപ്പ്.
2016ല്‍ ചരിത്രത്തില്‍ ഇതുവരെയില്ലാത്ത ചൂടുണ്ടാവുമെന്നു പാശ്ചാത്യ കാലാവസ്ഥാ നിരീക്ഷണകേന്ദ്രങ്ങളും വ്യക്തമാക്കുന്നു. അതിനനുസരിച്ച് ചുടുകാറ്റും വെള്ളപ്പൊക്കവും വരള്‍ച്ചയുമൊക്കെയുണ്ടാവും. ഇതുവരെ വലിയ അനര്‍ഥങ്ങളൊന്നുമുണ്ടാക്കാതിരുന്ന എല്‍ നിനോ കാറ്റ് രണ്ടുമൂന്നു വര്‍ഷമായി രൗദ്രഭാവത്തിലാണ് അടിച്ചുതകര്‍ക്കുന്നത്. കഴിഞ്ഞ ഒരുനൂറ്റാണ്ടിനുള്ളില്‍ എല്‍ നിനോ ഇത്ര അനര്‍ഥങ്ങളുണ്ടാക്കിയിട്ടില്ലെന്നു കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. അതിനു സമാനമായി കടല്‍നിരപ്പ് ഉയരുന്നതും ചില ജീവജാലങ്ങളുടെ പ്രത്യുല്‍പാദനശേഷി കുറയുന്നതും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. രാജ്യത്ത് ചൂടു കൂടുന്നതിന്റെ പ്രത്യാഘാതങ്ങള്‍ നിസ്സാരമല്ല. കാലാവസ്ഥാ വകുപ്പിന്റെ പഠനപ്രകാരം അതുണ്ടാക്കുന്ന മാനസികവും ശാരീരികവുമായ സമ്മര്‍ദ്ദം രോഗാതുരത വര്‍ധിപ്പിക്കുകയും കുട്ടികളെയും വൃദ്ധജനങ്ങളെയും അപകടത്തിലാക്കുകയും ചെയ്യുന്നു. അതിനുപുറമേ ശുദ്ധജലത്തിന്റെ ലഭ്യത കുറയുകയും അതിനു സമാനമായി ഊര്‍ജോല്‍പാദനത്തില്‍ ഇടിവുണ്ടാവുകയും ചെയ്യും.
ചൂട് കൂടുന്നതിന്റെ കാരണങ്ങള്‍ എന്തെന്ന് സാമാന്യബുദ്ധിയുള്ള ആര്‍ക്കും കണ്ടെത്താന്‍ കഴിയുന്നതു തന്നെ. നിലവിലുള്ള വ്യാവസായികോല്‍പാദനരീതി പരിസ്ഥിതിയില്‍ വലിയ പരിക്കേല്‍പിക്കുകയും അന്തരീക്ഷം ക്രമേണയായി വിഷമയമാക്കുകയും ചെയ്യുന്നു. പുഴകളും നദികളും മലിനമാക്കപ്പെടുന്നു. കല്‍ക്കരിയും പെട്രോളിയം ഉല്‍പന്നങ്ങളും ഉപയോഗിച്ചുള്ള ഉല്‍പാദനം കാര്‍ബണ്‍ നിര്‍ഗമനത്തില്‍ വളരെ മുന്നിലാണ്. ഈയിടെ ആഗോള താപനത്തെക്കുറിച്ചു പാരിസില്‍ ചേര്‍ന്ന ഉച്ചകോടിയില്‍ ചര്‍ച്ചചെയ്യപ്പെട്ടതാണ് ഈ പ്രശ്‌നം. എന്നാല്‍, വികസിതരാജ്യങ്ങളില്‍ ചിലതൊഴിച്ച് മറ്റൊന്നും വ്യവസായനയങ്ങളില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ക്ക് തയ്യാറായതായി കാണുന്നില്ല. ബദല്‍ ഉല്‍പാദനരീതികള്‍ അന്വേഷിക്കാനും ഉപഭോഗശീലങ്ങളില്‍ മാറ്റംവരുത്തുന്നതിനെക്കുറിച്ചു ചിന്തിക്കാനും നന്നെ ചുരുക്കം പേരെ തയ്യാറാവുന്നുള്ളൂ.
ഇപ്പോഴുള്ള ചൂട് ചിലപ്പോള്‍ യാദൃച്ഛികമായിരിക്കാനുള്ള സാധ്യതയുമുണ്ട് എന്നത് നിഷേധിക്കുന്നില്ല. കാലാവസ്ഥ അനേകം സങ്കീര്‍ണവും പരസ്പരബന്ധിതവുമായ ഘടകങ്ങളെ ആശ്രയിച്ചുള്ളതാണ്. ചൂടിനെ ശപിക്കാതെ അതിന്റെ കാരണങ്ങള്‍ അന്വേഷിക്കുകയും അവ ഇല്ലാതാക്കാനുള്ള വഴികള്‍ അന്വേഷിക്കുകയും ചെയ്യാന്‍ സമയമായി. മനുഷ്യന്‍ മാത്രമാണ് പ്രകൃതിയില്‍ ഇടപെടുകയും അതിനു പരിക്കേല്‍പിക്കുകയും ചെയ്യുന്ന ജീവിവര്‍ഗം എന്നത് മറക്കരുത്.
Next Story

RELATED STORIES

Share it