palakkad local

ചുള്ളിയാര്‍ ഡാം പ്രദേശങ്ങളില്‍ കൈയേറ്റം വ്യാപകം; അതിര്‍ത്തി നിര്‍ണയം നടത്തണമെന്ന ആവശ്യം ശക്തം

കെ വി സുബ്രഹ്മണ്യന്‍

കൊല്ലങ്കോട്: മുതലമട പഞ്ചായത്തിലെ ചുള്ളിയാര്‍ ഡാം പ്രദേശത്ത് വ്യാപകമായ കൈയേറ്റം നടത്തി സ്വകാര്യ വ്യക്തികള്‍ സ്ഥലങ്ങള്‍ കൈക്കലാക്കുന്നതായി ആക്ഷേപം ശക്തമാകുന്നു. വനം വകുപ്പിന്റെയും ഡാം അതിര്‍ത്തിയും അതിരുകള്‍ നിര്‍ണയം നടത്തി വച്ച ജണ്ടകള്‍ മാറ്റിയാണ് സ്വകാര്യ വ്യക്തികള്‍ സ്ഥലം കൈയേറി മാവിന്‍ തോട്ടം നട്ടുപിടിപ്പിക്കുന്നത്.
വര്‍ഷങ്ങളായി ഇത്തരം സ്ഥലം കൈയേറ്റം നടത്തിയ സ്വകാര്യ വ്യക്തികള്‍ക്കെതിരേ വനം വകുപ്പും ജലസേചന വകുപ്പും ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. കൈയേറായ ഭൂമി റീസര്‍വേ നടത്തി അവരുടെ തന്നെ സ്ഥലമായി എഴുതി ചേര്‍ക്കുന്നതിനാല്‍ ഉദ്യോഗസ്ഥരും അവര്‍ക്ക് ഒത്താശ ചെയ്യുന്നതായി പറയുന്നു.
ഡാമിന് ചുറ്റുമുള്ള ഡാമിനോട് ചേര്‍ന്ന ഭാഗങ്ങള്‍ കൈയേറുന്നതുമൂലം ഡാമിന്റെ വ്യാപ്തി തന്നെ കുറഞ്ഞു കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞാഴ്ച ഡാം സന്ദര്‍ശിച്ച സംസ്ഥാന വിജിലന്‍സ് വിഭാഗവും ജലസേചന വിഭാഗവും ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതായും ഡാമിന്റെ അതിര്‍ത്തി നിര്‍ണയം നടത്തി കമ്പിവേലി ഇടുന്നതിനായുള്ള നിര്‍ദ്ദേശം സര്‍ക്കാറിന് നല്‍കുമെന്നും ഡാം സന്ദര്‍ശിച്ച് ഡാമിന്റെ സുരക്ഷാ വിശകലനം നടത്താന്‍ എത്തിയ സംഘം പറഞ്ഞു.
ഡാമിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ അനധികൃതമായി മരം മുറിച്ച് കടത്തുന്നതും പിന്നീട് ഈ സ്ഥലങ്ങളില്‍ മാവ് തൈകള്‍ വച്ച് പിടിപ്പിച്ച് കൈയേറ്റം നടത്തുന്നതും ഡാമിന് ഭീഷണിയായി തുടരുകയാണ്.
Next Story

RELATED STORIES

Share it