wayanad local

ചുരുളി വനഗ്രാമത്തിലേക്കുള്ള റോഡ് നവീകരണം വൈകുന്നു

പനമരം: തൊണ്ടര്‍നാട് പഞ്ചായത്തിലെ കുഞ്ഞോത്തിന് സമീപത്തെ ചുരുളി വനഗ്രാമത്തില്‍ ഗതാഗതയോഗ്യമായ റോഡ് വേണമെന്ന ആവശ്യം ശക്തമാവുന്നു. പൂര്‍ണമായി വനത്താല്‍ ചുറ്റപ്പെട്ട ഈ ഗ്രാമത്തില്‍ നൂറിലധികം വീടുകളുണ്ട്.
നിരവില്‍പ്പുഴ-പേര്യ റോഡിലെ കല്ലറയില്‍ നിന്ന് ഇവിടേക്ക് മണ്‍പാത മാത്രമാണുള്ളത്. ഇതിലൂടെ നാലു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കോളനിയിലെത്താം.
മഴക്കാലത്ത് ചളിക്കുളമാവുന്നതിനാല്‍ വാഹനങ്ങള്‍ക്ക് പോവാന്‍ കഴിയില്ല.
കാര്‍ഷികോല്‍പന്നങ്ങള്‍ തലച്ചുമടായി കൊണ്ടുപോവണം. രോഗികളെ മഴക്കാലത്ത് ആശുപത്രിയിലെത്തിക്കാന്‍ വലിയ പ്രയാസമാണ്. എല്‍പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലേക്ക് നിരവധി വിദ്യാര്‍ഥികള്‍ ഈ കോളനിയില്‍ നിന്നു പോവുന്നു.
റോഡ് നന്നാക്കിയാല്‍ ചുരുളി, ആന്നിയില്‍, ചിറക്കമ്പാടി, മുണ്ടത്തേരി, ആനിയോട്ടില്‍ ആദിവാസി കോളനിവാസികള്‍ക്ക് ആശ്വാസമാവും. എല്‍ഡിഎഫ് ഭരണകാലത്താണ് ചുരുളി കോളനിയില്‍ വീടുകള്‍ അനുവദിച്ചത്. കോളനിവികസനത്തിനായി പ്രത്യേക പാക്കേജുകള്‍ യുഡിഎഫ് മന്ത്രിമാര്‍ പ്രഖ്യാപിച്ചെങ്കിലും നടപ്പായില്ല. മന്ത്രിമാരായ പി കെ ജയലക്ഷ്മി, രമേശ് ചെന്നിത്തല എന്നിവര്‍ നേരിട്ടെത്തി കോളനിക്കാരൊത്ത് ഭക്ഷണം കഴിച്ച് പോയതല്ലാതെ വികസനമെത്തിയില്ല.
മന്ത്രിമാരുടെ മുന്നില്‍ കോളനിവാസികള്‍ പ്രയാസങ്ങള്‍ നിരത്തിയെങ്കിലും ഫലമുണ്ടായില്ല. മഴക്കാലത്തിനു മുമ്പ് റോഡ് നവീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.
Next Story

RELATED STORIES

Share it