Middlepiece

ചുട്ടെടുക്കുന്ന വാര്‍ത്തകളുടെ കള്ളം പുറത്ത്

പി എ എം ഹാരിസ്

ഏതുരംഗത്തും സംരംഭകത്വത്തിന് നല്ല ഡിമാന്റുള്ള കാലഘട്ടമാണ്. മെയ്ക്ക് ഇന്‍ ഇന്ത്യ എന്നത് ഇന്നത്തെ ഫാഷന്‍. പക്ഷേ, ന്യൂസ്‌മെയ്ക്കിങ് എന്ന കലയില്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ തനതുമുദ്ര പതിപ്പിച്ച, സ്വന്തം ഇടം സ്ഥാപിച്ചെടുത്ത ചില മാധ്യമങ്ങളുണ്ട്. അതിനായി സ്വയം അവതരിച്ച സ്വന്തം ലേഖകരുമുണ്ട്.
അപസര്‍പ്പക കഥയെ വെല്ലുന്ന ഉഗ്രന്‍ എക്‌സ്‌ക്ലൂസീവാണ് ചൊവ്വാഴ്ച ഒരു മലയാള ദിനപത്രം ആഘോഷപൂര്‍വം ഒന്നാംപേജില്‍ നല്‍കിയത്. കശ്മീര്‍ തീവ്രവാദി ബന്ധമുള്ള ഉമര്‍ ഖാലിദുമായി അപരാജിത എന്ന വിദ്യാര്‍ഥിനേതാവിന്റെ സൗഹൃദത്തിന്റെ അടിവേരുകള്‍ എത്തുന്നത് രാജ്യാന്തര ഭീകരതയിലേക്കാണ് എന്ന മുന്നറിയിപ്പായിരുന്നു വാര്‍ത്തയുടെ കാതല്‍. ശിശുവിദ്യാലയങ്ങള്‍ മുതല്‍ സര്‍വകലാശാലകള്‍ വരെ ഒരു സ്ഥാപനത്തിലെ സഹപാഠികള്‍ തമ്മില്‍ പരിചയമുണ്ടാവുക എന്നത് സ്വാഭാവികം. ജെഎന്‍യു വിദ്യാര്‍ഥികളായ അപരാജിതയും ഉമര്‍ ഖാലിദും തമ്മില്‍ പരിചയമുണ്ടാവുന്നതില്‍ ഒട്ടും അസ്വാഭാവികതയില്ല. രണ്ടുപേരും സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളില്‍ വ്യക്തമായ വീക്ഷണവും ധിഷണാശേഷിയുമുള്ളവരായിരിക്കെ വിശേഷിച്ചും. സിപിഐ നേതാക്കളായ ഡി രാജയുടെയും ആനി രാജയുടെയും മകള്‍ അപരാജിത എഐഎസ്എഫ് നേതാവാണ്. 1982-85 കാലത്ത് സിമി അഖിലേന്ത്യാ പ്രസിഡന്റായിരുന്ന, നിലവില്‍ വെല്‍ഫെയര്‍ പാര്‍ട്ടി അഖിലേന്ത്യാ പ്രസിഡന്റായ എസ് ക്യു ആര്‍ ഇല്‍യാസിന്റെ മകനായ ഉമര്‍ ഖാലിദ് പിതാവിന്റെ നേരെ ഏതിര്‍ദിശയില്‍ കമ്മ്യൂണിസ്റ്റ് ആശയഗതിക്കാരനാണ്. ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് യൂനിയന്‍ സാരഥ്യത്തിലുണ്ടായിരുന്നു. ഇരുവരെയും കേന്ദ്രകഥാപാത്രങ്ങളാക്കി, വ്യക്തമായ താല്‍പര്യങ്ങളോടെ ന്യൂഡല്‍ഹിയില്‍ പടച്ച ഈ വാര്‍ത്തയുടെ ഉറവിടം തിരിച്ചറിഞ്ഞവര്‍ കാര്യമായെടുത്തില്ല. ദേശസ്‌നേഹപ്രചോദിതരായ കേരളത്തിലെ ഭീകരവിരുദ്ധ പോരാളികളാണ് അതിനു മുതിര്‍ന്നത്. എന്തു കാര്യം. വാര്‍ത്ത ചീറ്റിപ്പോയി. ഒരു ഇംപാക്ട് നല്‍കാമെന്ന മോഹം വെറുതെയായി.
ജെഎന്‍യു വിദ്യാര്‍ഥി ഉമര്‍ ഖാലിദ് തന്റെ പ്രസംഗത്തില്‍ പറഞ്ഞല്ലോ, ''തോന്നിയത് വിളിച്ചുപറയാന്‍ മാധ്യമങ്ങള്‍ക്ക് ഒരു തെളിവിന്റെയും ആവശ്യമില്ല. ഇതിനൊന്നും നിങ്ങള്‍ക്കു നാണമില്ലേയെന്ന് അവരോട് ചോദിക്കുന്നത് നാം നമ്മെ തന്നെ വിഡ്ഢികളാക്കുന്നതിന് തുല്യമായിരിക്കും.'' അതുതന്നെയാണു ശരി.
പണ്ട് താനൂര്‍ കടപ്പുറത്ത് ദുരൂഹമായി പാക് കപ്പല്‍ ആയുധങ്ങളുമായി തീരത്തണഞ്ഞതും ആരോരുമറിയാതെ കാണാതായതും കോഴിക്കോട്ടുനിന്നുള്ള ഉഗ്രന്‍ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ കോട്ടയത്തുനിന്നു പുറത്തുവരുന്നത് അതിലേറെ മൂല്യവര്‍ധിത ഉല്‍പന്നങ്ങളാണ്. എത്രയെത്ര ഭീകരയത്‌നങ്ങള്‍ക്കും തീവ്രവാദനീക്കങ്ങള്‍ക്കുമാണ് കേരളത്തില്‍ മംഗളകരമായി തുടക്കമിട്ടത്. എന്തുചെയ്യാം, ഒന്നിനും തുടര്‍ച്ചയുണ്ടായില്ല എന്നതാണ് നിര്‍ഭാഗ്യകരം. രാഷ്ട്രസുരക്ഷയുടെ കാര്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള താല്‍പര്യംപോലും സുരക്ഷാവിഭാഗങ്ങള്‍ക്ക് ഇല്ലാതെപോയല്ലോ എന്ന് ദുഃഖിക്കാന്‍ വരട്ടെ. ഇന്റലിജന്‍സ് ബ്യൂറോയിലെ ചില കേന്ദ്രങ്ങളുടെ ആസൂത്രണത്തിനനുസൃതമായി തയ്യാറാക്കിയ വിവിധ എപ്പിസോഡുകള്‍ ഏറെക്കാലമായി പലതരത്തിലും വെളിച്ചംകാണുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കായി നിലകൊണ്ട സമാന്തര മാധ്യമങ്ങളെ വരെ പലപ്പോഴും സ്വാധീനിച്ച് ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ച അനുഭവവും നമ്മുടെ മുന്നിലുണ്ട്.
ഇതേ ഫാക്ടറിയില്‍ ഉല്‍പാദിപ്പിക്കപ്പെട്ട എത്രയെത്ര എക്‌സ്‌ക്ലൂസീവ് വാര്‍ത്തകളാണ് സമൂഹത്തിനു മുന്നില്‍ വിളമ്പിയത്. തീവ്രവാദത്തിനും ഭീകരവാദത്തിനും എതിരായ വാര്‍ത്തകളില്‍ മുഴുവന്‍ നിറഞ്ഞുനിന്നത് മുസ്‌ലിം യുവാക്കളും സംഘടനകളുമാണ്. മറ്റു വിഭാഗങ്ങളില്‍നിന്നുള്ള ഒരു തീവ്രവാദവും ഭീകരവാദവും ഇന്ത്യന്‍ സമൂഹം നേരിടുന്നില്ലെന്ന് വായനക്കാരെ നിരന്തരം ബോധ്യപ്പെടുത്തുന്നതായിരുന്നു വാര്‍ത്തകള്‍. മലബാറിനെ, മലപ്പുറം ജില്ലയെ പ്രത്യേകിച്ചും ചൂഴ്ന്നുനില്‍ക്കുന്ന ഭീകരതയെക്കുറിച്ച, വനിതാ സെല്ലുകളെക്കുറിച്ചുപോലും രഹസ്യരേഖ ചോര്‍ത്തിയ ചൂടന്‍ വാര്‍ത്തകള്‍. ഈ എക്‌സ്‌ക്ലൂസീവുകള്‍ ഇല്ലായിരുന്നെങ്കില്‍ എന്താവുമായിരുന്നു കേരളീയരുടെ അവസ്ഥ!
ലറ്റര്‍ ബോംബ് കേസില്‍ മുഹ്‌സിന്‍ എന്ന വിദ്യാര്‍ഥിയെ, കുമളിയിലെ കശ്മീരി യുവാവ് അഫ്‌സലിനെ, ബാങ്കില്‍ മേധാവിയായി നിയമിതനായ കൊച്ചിയിലെ അക്ബറിനെ, ബംഗളൂരുവില്‍ ഐടി കമ്പനി ഉദ്യോഗസ്ഥയായിരുന്ന റാസിഖിന്റെ പത്‌നിയെ, യഹ്‌യ കമ്മുക്കുട്ടിയെ തുടങ്ങി എത്രയെത്ര നിരപരാധികളുടെ ജീവിതമാണ് ഈ മാധ്യമവിചാരണകളിലൂടെ, കള്ളക്കഥകളിലൂടെ വഴിതിരിച്ചത്.
വ്യാജ വീഡിയോ സംപ്രേഷണം ചെയ്ത സീ ന്യൂസ് മോഡല്‍ മാധ്യമപ്രവര്‍ത്തനത്തിന് ഇനിയില്ല എന്ന് പരസ്യമായി പ്രഖ്യാപിച്ച് മനസ്സാക്ഷിക്കുത്ത് കാരണം രാജിനല്‍കിയ മാധ്യമപ്രവര്‍ത്തകന്‍ വിശ്വ ദീപക് രാജിക്കത്തില്‍ ഉയര്‍ത്തിയ ചില ചോദ്യങ്ങളുണ്ട്: ''കനയ്യയെയും മറ്റു നിരവധി ജെഎന്‍യു വിദ്യാര്‍ഥികളെയും ജനങ്ങളുടെ കണ്ണില്‍ ദേശവിരുദ്ധരെന്ന് മുദ്രകുത്തുന്നതില്‍ നാം വിജയിച്ചു. നാളെ അവരിലൊരാള്‍ കൊല്ലപ്പെട്ടാല്‍ ആരാണ് അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുക. ഏതെങ്കിലുമൊരാളുടെ കൊലയ്‌ക്കോ ചില കുടുംബങ്ങളുടെ ജീവിതം നശിപ്പിക്കുന്നതിനോ സാഹചര്യമൊരുക്കുക മാത്രമല്ല, കലാപങ്ങള്‍ക്ക്, ആഭ്യന്തരയുദ്ധം തന്നെ പടരുന്നതിന് വളക്കൂറുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് നാം ചെയ്തത്. ഇതെന്തുതരം രാജ്യസ്‌നേഹമാണ്? ദേശദ്രോഹികളെന്ന സര്‍ട്ടിഫിക്കറ്റുകളും ബിരുദങ്ങളും വിതരണം ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകരെന്ന നിലയില്‍ നമുക്ക് എന്തവകാശമാണുള്ളത്? ഇതെന്തുതരം മാധ്യമപ്രവര്‍ത്തനമാണ്? എന്തിനാണ് നാം ഇങ്ങനെ അധാര്‍മികരും മൂല്യരഹിതരും നികൃഷ്ടരുമാവുന്നത്? മാധ്യമപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന മൂല്യങ്ങളായ നിഷ്പക്ഷതയ്ക്കും സത്യസന്ധതയ്ക്കും ഒരു വിലയുമില്ലേ?'' ആര്‍ക്കോ വേണ്ടി വ്യാജം വിളമ്പുന്നവരുടെ മനസ്സിലേക്ക് കൂരമ്പായി തറച്ചുകയറുന്നതാണ് വിശ്വദീപകിന്റെ വരികള്‍.
'പലനാള്‍ കള്ളന്‍ ഒരുനാള്‍ കുഴിയില്‍' എന്ന പഴമൊഴിയില്‍ പതിരില്ല എന്ന് കാലം ബോധ്യപ്പെടുത്തുന്നു. കുറച്ചുപേരെ ഏറെക്കാലത്തേക്കും ഏറെ പേരെ കുറച്ചുകാലത്തേക്കും പറ്റിക്കാനാവും. പക്ഷേ, എല്ലാവരെയും എല്ലാകാലത്തേക്കും പറ്റിക്കാനാവില്ലെന്ന് അലക്‌സാണ്ടര്‍ പോപ്പ് ഇംഗ്ലീഷിലും നമ്മെ ഓര്‍മിപ്പിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it