Gulf

ചുട്ടുപൊള്ളുന്ന വഴിയരികില്‍ ശഹ്ബാസ് കാത്തിരിക്കുന്നു; ഒരു കുപ്പി വെള്ളവുമായി

ദോഹ: 40 ഡിഗ്രിയില്‍ ചുട്ടുപൊള്ളുന്ന പാതയോരത്ത് ആ ചെറുപ്പക്കാരന്‍ കാത്തു നില്‍ക്കുകയാണ്, കൈയില്‍ ഒരു പിടി വെള്ളക്കുപ്പികളുമായി. ഇന്ത്യക്കാരനായ എന്‍ജിനീയറിങ് സൂപ്പര്‍ വൈസര്‍ ശഹ്ബാസ് ശെയ്ഖാണത്. അരികില്‍ ഒരു കാക്കക്കാല്‍ പോലുമില്ലാതെ വെന്തുരുകുന്ന റോഡില്‍ തൊണ്ട വരളുന്നവര്‍ക്ക് ദാഹ ജലം നല്‍കുകയാണ് ശഹ്ബാസിന്റെ ലക്ഷ്യം. ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് ശഹ്ബാസ് ഈ ജീവകാരുണ്യ പ്രവര്‍ത്തി ആരംഭിച്ചത്. തൊട്ടടുത്തൊന്നും വിശ്രമ കേന്ദ്രങ്ങളോ കടകളോ ഇല്ലാത്ത വുഖൈറിലെ തന്റെ താമസ സ്ഥലത്തിന് സമീപമുള്ള റോഡിലാണ് ശഹ്ബാസ് സൗജന്യമായി വെള്ളം നല്‍കുന്നത്. എസ്ദാന്‍ വില്ലേജ് 30 ന് സമീപം ദിവസേന 30 മുതല്‍ 40 വരെ വെള്ളക്കുപ്പികള്‍ ശഹ്ബാസ് ഡ്രൈവര്‍മാര്‍ക്കും ബൈക്ക് യാത്രികര്‍ക്കും കാല്‍നടക്കാര്‍ക്കും നല്‍കും. ചൂടിന് കാഠിന്യമേറുന്ന ഉച്ചസമയത്താണ് ശഹ്ബാസിന്റെ ദൗത്യമെന്നതാണ് ശ്രദ്ധേയം.
വെള്ളം നല്‍കുന്നതോടൊപ്പം യാത്രക്കാര്‍ക്ക് ഇസ്‌ലാമിന്റെ നന്മയുടെ സന്ദേശം പകരാനും ഈ ചെറുപ്പക്കാരന്‍ ശ്രദ്ധിക്കുന്നു. ഇതിനായി അല്ലാഹുവിനെ സ്‌നേഹിക്കുക, അല്ലാഹു വലിയവനാണ്, ശാന്തനാവുക, മുഹമ്മദിന്റെ പാത പിന്തുടരുക തുടങ്ങിയ സന്ദേശങ്ങള്‍ എഴുതിയ ബോര്‍ഡ് കൈയില്‍ പിടിച്ചിട്ടുണ്ടാവും. ഇസ്‌ലാമിക ചിട്ടകളില്‍ താന്‍ പൂര്‍ണനൊന്നുമല്ലെങ്കിലു പ്രവാചക പാത പരമാവധി പിന്തുടരാന്‍ ശ്രമിക്കുകയാണെന്ന് ശഹ്ബാസ് ദോഹ ന്യൂസിനോട് പറഞ്ഞു.
അന്നം നല്‍കുന്ന രാജ്യത്തെ സമൂഹത്തിന് തങ്ങളാലാവുന്നത് തിരിച്ചു നല്‍കാന്‍ ശ്രമിക്കുന്ന പ്രവാസികളുടെ പ്രതിനിധിയാണ് ശഹ്ബാസ്. പണമില്ലാതെ പട്ടിണി കിടക്കുന്നവര്‍ക്ക് തങ്ങളുടെ റസ്‌റ്റോറന്റില്‍ സൗജന്യമായി ഭക്ഷണം നല്‍കുന്ന മുഹമ്മദ് ഹുസയ്‌നും ജവഹര്‍ അബ്ദുല്ലയും ഈയിടെ വാര്‍ത്തയായിരുന്നു.
നാട്ടില്‍ ദരിദ്രര്‍ക്ക് ഭക്ഷണ കിറ്റുകള്‍ നല്‍കാറുള്ള മാതാവാണ് തന്റെ പ്രചോദനമെന്ന് ശഹ്ബാസ് പറയുന്നു. മാതാവിന്റെ കാലടിയിലാണ് സ്വര്‍ഗം എന്നതായിരുന്നു കഴിഞ്ഞ ദിവസം ശഹ്ബാസിന്റെ കൈയിലുണ്ടായിരുന്ന ബോര്‍ഡിലെ വചനം.
അദ്ദേഹത്തിന്റെ നന്മയെക്കുറിച്ച് കേട്ടറിഞ്ഞ് പലരും സാമ്പത്തികമായി സഹായിക്കാന്‍ മുന്നോട്ടു വരാറുണ്ട്. എന്നാല്‍, അപരിചിതരുടെ സഹായം സ്വീകരിക്കാറില്ലെന്ന് ശഹ്ബാസ് പറയുന്നു. കൂടെ താമസിക്കുന്നവര്‍ സഹായിക്കാറുണ്ട്. ഈയിടെ അവരില്‍ രണ്ടു പേര്‍ ശഹ്ബാസിനോടൊപ്പം വെള്ളം വിതരണം ചെയ്യാനും രംഗത്തിറങ്ങി.
ശഹ്ബാസിന്റെ നന്മയെക്കുറിച്ചറിഞ്ഞ നാട്ടില്‍ കുടുംബക്കാരും സുഹൃത്തുക്കളും തന്നില്‍ വന്ന മാറ്റം കണ്ട് അമ്പരന്നിരിക്കുകയാണത്രെ. നാട് വിടും മുമ്പ് കുരുത്തംകെട്ടവന്‍ എന്നായിരുന്നു തന്നെക്കുറിച്ചുള്ള അഭിപ്രായമെന്നും ഖത്തറിലെത്തിയതോടെയാണ് താന്‍ മറ്റുള്ളവരെ കൂടുതലായി പരിഗണിച്ച് തുടങ്ങിയതെന്നും ശഹ്ബാസ് പറയുന്നു.
Next Story

RELATED STORIES

Share it