ചുംബനത്തെരുവ്; പോലിസ് പിന്തുണയില്‍ അക്രമം ആരംഭിച്ചത് ഹനുമാന്‍സേന: പ്രതിഷേധ കൂട്ടായ്മ

കോഴിക്കോട്: ഞാറ്റുവേല സാംസ്‌കാരിക സംഘത്തിന്റെ ചുംബനത്തെരുവു പരിപാടിയുമായി ബന്ധപ്പെട്ട പോലിസ് നടപടി നിയമലംഘനമാണെന്ന് പോലിസ്-സവര്‍ണ ഫാഷിസ്റ്റ് അതിക്രമങ്ങള്‍ക്കെതിരായ പ്രതിഷേധക്കൂട്ടായ്മ ആരോപിച്ചു. പോലിസിന്റെ നിയമലംഘനങ്ങള്‍ക്കെതിരേ സംസ്ഥാനതലത്തില്‍ കാംപയിന്‍ ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഇതിന്റെ മുന്നോടിയായി ഇന്ന് വൈകീട്ട് നാലിന് കോഴിക്കോട് മാനാഞ്ചിറയില്‍ സാംസ്‌കാരിക പ്രതിരോധം സംഘടിപ്പിക്കും. സാംസ്‌കാരിക പ്രവര്‍ത്തകര്‍, ചിത്രകാരന്മാര്‍, നാടക പ്രവര്‍ത്തകര്‍, എഴുത്തുകാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
സമരത്തില്‍ പങ്കെടുക്കാനെത്തിയ ദലിത് കവിയും ഭിന്നശേഷിക്കാരനുമായ അജിത്ത് എം പച്ചനാടനെ പോലിസ് ക്രൂരമായി മര്‍ദ്ദിക്കുകയും സ്ത്രീകളെ കൈയേറ്റം ചെയ്യുകയുമാണുണ്ടായത്. പരിപാടി റിപോര്‍ട്ട് ചെയ്യാനെത്തിയ തേജസ് ലേഖകന്‍ പി അനീബിനെ പോലിസിനെ ആക്രമിച്ചെന്ന് ആരോപിച്ച് ജയിലിലടയ്ക്കുകയും ചെയ്തു.
ചുംബനത്തെരുവ് പരിപാടി നടത്താന്‍ അനുവദിക്കില്ലെന്ന് ഹനുമാന്‍സേന നേതാവ് ഭക്തവല്‍സലന്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. പരിപാടി നിയമ വിരുദ്ധമാണെങ്കില്‍ അത് തടയാന്‍ നിയമസംവിധാനമുണ്ട്. ഒരു സംഘടന പരിപാടി തടയും എന്ന് പ്രഖ്യാപിക്കുന്നത് നിയമ വിരുദ്ധമാണ്. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്ന് കേരളപോലിസ് ആക്ട് നിര്‍ദേശിക്കുന്നുണ്ട്. ഹനുമാന്‍ സേനയെ പിന്തിരിപ്പിക്കുന്നതിനും പരിപാടി നടക്കാനിരിക്കുന്ന സ്ഥലത്തേക്ക് ഇവരെ പ്രവേശിപ്പിക്കാതിരിക്കാനുമുള്ള സംവിധാനങ്ങള്‍ പോലിസ് സ്വീകരിച്ചിരുന്നില്ലെന്നും പ്രതിഷേധക്കൂട്ടായ്മ ഭാരവാഹികള്‍ ആരോപിച്ചു.
ഹനുമാന്‍ സേനയ്‌ക്കെതിരെ പോലിസ് നടപടിയെടുത്തത് സംഘര്‍ഷമുണ്ടായതിനുശേഷമാണ്. സംഘര്‍ഷമുണ്ടാവുമെന്ന് ബോധ്യമുള്ള സാഹചര്യത്തില്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍ പോലിസ് സ്വീകരിച്ചില്ല. സംഘര്‍ഷമുണ്ടായപ്പോള്‍ മഫ്ടിയിലായിരുന്ന പോലിസുകാര്‍ ഹനുമാന്‍സേനയ്‌ക്കൊപ്പം ചേര്‍ന്ന് സമരത്തില്‍ പങ്കെടുത്തവരെ മര്‍ദ്ദിക്കുകയാണുണ്ടായത്. മഫ്ടിയിലെത്തിയ പോലിസുകാര്‍ പാലിക്കേണ്ടതായി സര്‍ക്കുലറില്‍ പറഞ്ഞ നിര്‍ദേശങ്ങളൊന്നും പാലിച്ചിട്ടില്ല.
ഹനുമാന്‍സേന നടത്തിയ കുറ്റങ്ങളെ നിസ്സാരവല്‍ക്കരിക്കുന്ന നടപടിയാണ് പോലിസിന്റെ ഭാഗത്തുനിന്നുണ്ടായത്. തങ്ങളെ ഹനുമാന്‍സേന പ്രവര്‍ത്തകരേക്കാള്‍ കൂടുതല്‍ മര്‍ദ്ദിച്ചത് പോലിസാണെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം പ്രവര്‍ത്തക നസീറ പറഞ്ഞു. ടൗണ്‍ പോലിസ് ഉദ്യോഗസ്ഥര്‍ വളരെ മോശമായാണ് ഞാറ്റുവേല പ്രവര്‍ത്തകരോട് പെരുമാറിയത്. ഉദ്യോഗസ്ഥരുടെ അടിയേറ്റ് കൈക്ക് പരിക്ക് പറ്റിയ പ്രവര്‍ത്തകന് മതിയായ ചികില്‍സ നല്‍കാനും പോലിസ് വൈമനസ്യം കാണിച്ചു. സ്ത്രീകളോട് മോശമായ ഭാഷയിലാണ് സംസാരിച്ചതെന്നും നസീറ പറഞ്ഞു.
തേജസ് ലേഖകന്‍ പി അനീബിനെ പത്തോളം ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് സ്റ്റേഷനില്‍ വച്ച് ക്രൂരമായി മര്‍ദ്ദിച്ചു. നിയമവാഴ്ച ഉറപ്പുവരുത്തേണ്ട പോലിസിന്റെ ഭാഗത്തു നിന്നുണ്ടായ നിയമലംഘനങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നും പ്രതിഷേധക്കൂട്ടായ്മ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ അഡ്വ. പി എ പൗരന്‍, അജയ്‌ഘോഷ്, സ്വപ്‌നേഷ് ബാബു, ഹാറൂണ്‍ കാവനൂര്‍, ഷജില്‍ കുമാര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it