ചുംബനത്തെരുവ്: പോലിസ് നടപടി നിയമവിരുദ്ധം

കോഴിക്കോട്: സവര്‍ണ ഫാഷിസ്റ്റ് ഭീകരതയ്‌ക്കെതിരേ ഞാറ്റുവേല പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച ചുംബനത്തെരുവിനെ പോലിസ് കൈകാര്യം ചെയ്തത് ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട്. സംഘര്‍ഷ സാധ്യതയുള്ള സാഹചര്യത്തില്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ചുംബനത്തെരുവിനെ പോലിസ് നേരിട്ടത്. ഞാറ്റുവേല പ്രവര്‍ത്തകര്‍ സംഘടിപ്പിക്കുന്ന ചുംബനത്തെരുവിനെ തെരുവില്‍ നേരിടുമെന്ന് ഹനുമാന്‍ സേന നേതാവ് ഭക്തവല്‍സലന്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു.
പോലിസ് ആക്റ്റ് 63ാം വകുപ്പനുസരിച്ച് തര്‍ക്കം കുറ്റമായി പരിണമിക്കും എന്ന് ബോധ്യപ്പെടുന്ന സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ സംഘര്‍ഷം തടയാന്‍ നടപടി സ്വീകരിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്. ഏതെല്ലാം രീതിയിലാണ് ഇടപെടേണ്ടത് എന്നും പോലിസ് ആക്റ്റ് നിര്‍ദേശിക്കുന്നു. വകുപ്പ് 42(1) പ്രകാരം ഹനുമാന്‍ സേനാപ്രവര്‍ത്തകര്‍ സ്ഥലത്ത് പ്രവേശിക്കുന്നത് തടയുകയായിരുന്നു പോലിസ് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ സംഭവസ്ഥലത്തേക്ക് അവര്‍ക്ക് പ്രവേശനം നല്‍കുകയാണ് പോലിസ് ചെയ്തത്. പോലിസ് നല്‍കുന്ന നിര്‍ദേശം അനുസരിക്കാത്തവരെ സ്ഥലത്തു നിന്ന് നീക്കണമെന്ന് വകുപ്പ് 40(1)ല്‍ നിര്‍ദേശിക്കുന്നു.
രാവിലെതന്നെ ഞാറ്റുവേല പ്രവര്‍ത്തകരെ നേരിടാന്‍ ഹനുമാന്‍ സേന പ്രവര്‍ത്തകര്‍ നിലയുറപ്പിച്ചിരുന്നെങ്കിലും സംഘര്‍ഷം തടയാന്‍ പോലിസ് മുന്‍കരുതല്‍ സ്വീകരിച്ചിരുന്നില്ല. സംഘര്‍ഷസ്ഥലങ്ങളില്‍ പോലിസിനെതിരേയുള്ള ശാരീരിക കൈയേറ്റങ്ങള്‍ വര്‍ധിക്കുന്നു എന്ന പരാതി സേനയില്‍ നിന്നുതന്നെ ഉയര്‍ന്ന സാഹചര്യത്തില്‍, 2013ല്‍ അന്നത്തെ പോലിസ് മേധാവി ഒരു സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. 15-2013 നമ്പറിലുള്ള ഈ സര്‍ക്കുലറില്‍, ക്രമസമാധാന ചുമതലയില്‍ ഏര്‍പ്പെടുന്ന ഓഫിസര്‍മാരും കോണ്‍സ്റ്റബിള്‍മാരും നിര്‍ബന്ധമായും യൂനിഫോം ധരിച്ചിരിക്കണം എന്നു പറയുന്നു.
യൂനിഫോമില്‍ ഉണ്ടായിരുന്ന പോലിസുകാര്‍ക്കൊപ്പം മഫ്തി പോലിസ് ക്രമസമാധാന പാലനത്തിന് ഇറങ്ങിയത് നിയമ വിരുദ്ധമായാണ്. പോലിസ് ഉദ്യോഗസ്ഥന്‍ ഔദ്യോഗിക ചുമതല നിര്‍വഹിക്കുമ്പോള്‍ യൂനിഫോം ധരിച്ചിരിക്കണമെന്ന് പോലിസ് ആക്റ്റും മാന്വലും നിഷ്‌കര്‍ഷിക്കുന്നുണ്ട്.
2011 ജനുവരി 21ന് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ 03-2011 നമ്പര്‍ സര്‍ക്കുലറില്‍ ചുമതലയില്‍ ഏര്‍പ്പെടുന്ന പോലിസ് ഉദ്യോഗസ്ഥര്‍, യൂനിഫോമും പേര് വ്യക്തമാക്കുന്ന ബാഡ്ജും ധരിച്ചിരിക്കണമെന്ന് വ്യക്തമാക്കുന്നു. ഉദ്യോഗസ്ഥഭരണ പരിഷ്‌കാരവകുപ്പ് 2015 സപ്തംബര്‍ 19ന് പുറത്തിറക്കിയ 13671-എആര്‍-13(2) നമ്പര്‍ സര്‍ക്കുലറില്‍ ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ പേര് വ്യക്തമാക്കുന്ന ബാഡ്ജ് ധരിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. സേനാംഗങ്ങളുടെ അറിവിലേക്കായി പോലിസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഈ സര്‍ക്കുലര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത്തരം നിയമ നിര്‍ദേശങ്ങളെല്ലാം അവഗണിച്ചാണ് മഫ്തി പോലിസ് പ്രശ്‌നത്തില്‍ ഇടപെട്ടത്. പോലിസ് എന്ന് വ്യക്തമാവുന്ന ഒരു സൂചനകളും ശരീരത്തില്‍ ഇല്ലാതെ, സമരക്കാരെ നേരിടുകയാണ് ഇവര്‍ ചെയ്തത്. ഹനുമാന്‍ സേനയിലെ അംഗങ്ങള്‍ എന്ന നിലയിലാണ് മഫ്തി പോലിസുകാരുടെ കൈയേറ്റത്തെ സമരക്കാര്‍ നേരിട്ടത്.
Next Story

RELATED STORIES

Share it