ചുംബനത്തെരുവ്; കുറ്റം നിശ്ചയിച്ചതിലും ഹനുമാന്‍ സേനയ്ക്ക് പോലിസിന്റെ ആനുകൂല്യം

കോഴിക്കോട്: ചുംബനത്തെരുവ് പരിപാടിയുമായി ബന്ധപ്പെട്ടുണ്ടായ അക്രമക്കേസില്‍ ഹനുമാന്‍ സേനയ്ക്ക് കേരളാ പോലിസിന്റെ പ്രത്യേക ആനുകൂല്യം. ചുംബനത്തെരുവിന്റെ സംഘാടകരും അവരെ ശാരീരികമായി നേരിടും എന്ന് മുന്‍കൂട്ടി പ്രഖ്യാപിച്ച് സംഘംചേര്‍ന്ന് ആക്രമിക്കാനെത്തിയ ഹനുമാന്‍ സേനയും ഒരേ കുറ്റം ചെയ്തു എന്നാണ് പോലിസിന്റെ കണ്ടെത്തല്‍. ഇത് അനുസരിച്ചാണ് പോലിസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വകുപ്പുകള്‍ ചേര്‍ത്തിട്ടുള്ളത്.
ഹനുമാന്‍ സേനാ പ്രവര്‍ത്തകര്‍ ചുംബനത്തെരുവിനെ നേരിട്ട രീതിക്ക് വിവിധ വകുപ്പുകളിലായി അഞ്ച് വര്‍ഷത്തില്‍ അധികം തടവും പിഴയും ലഭിക്കാവുന്ന കുറ്റം ചുമത്തേണ്ടിയിരുന്നു. എന്നാല്‍, പരസ്പരം അടിപിടികൂടി എന്ന നിസ്സാര വകുപ്പുകള്‍ ചേര്‍ത്ത് അക്രമകാരികള്‍ക്ക് 100 രൂപ പിഴയും കോടതി പിരിയുന്നതുവരെ തടവും ലഭിക്കാവുന്ന കുറ്റം ചാര്‍ത്തി രക്ഷപ്പെടുത്തുകയാണ് യഥാര്‍ഥത്തില്‍ പോലിസ് ചെയ്തത്. ഐപിസി 160 പ്രകാരം രണ്ടുപേര്‍ ചേര്‍ന്ന് അടിപിടികൂടി എന്നതാണ് ഇരു സംഘത്തിനുമെതിരേ കോടതിയില്‍ പോലിസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ബോധിപ്പിച്ചത്.
സവര്‍ണ ഫാഷിസ്റ്റ് ഭീകരതയ്‌ക്കെതിരേ വിവിധ പ്രതീകാത്മക പ്രതികരണങ്ങളാണ് ചുംബനതെരുവില്‍ ഞാറ്റുവേല പ്രവര്‍ത്തകര്‍ നടത്താന്‍ നിശ്ചയിച്ചിരുന്നത്. ഇത് മുന്‍കൂട്ടി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ചുംബനത്തെരുവിനെ ശാരീരികമായി നേരിടും എന്ന് നേരത്തെ പ്രഖ്യാപിച്ചുകൊണ്ടാണ് ഹനുമാന്‍ സേന ഞാറ്റുവേല പ്രവര്‍ത്തകരെ കൈയേറ്റം ചെയ്യാന്‍ എത്തിയത്. ഇന്ത്യന്‍ ശിക്ഷാനിയമം 143, 147, 148 വകുപ്പുകള്‍ പ്രകാരം അഞ്ചര വര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഹനുമാന്‍ സേന പ്രവര്‍ത്തകര്‍ ചെയ്തിട്ടുള്ളത്. ഈ പ്രവൃത്തിയെ പോലിസ് ലാഘവത്തോടെയാണു സമീപിച്ചതെന്ന് ഇവര്‍ക്കെതിരേ ചുമത്തിയ വകുപ്പുകളില്‍ നിന്നു തന്നെ വ്യക്തമാണ്. സംഘര്‍ഷം ഉണ്ടാവുമെന്ന് ബോധ്യപ്പെട്ടിട്ടും തടയാതിരുന്ന പോലിസ്, ഇതേ പരിഗണന തന്നെയാണ് കുറ്റം നിശ്ചയിക്കുന്നതിലും ഹനുമാന്‍ സേനയ്ക്കു നല്‍കിയത്.
Next Story

RELATED STORIES

Share it