ചുംബനത്തെരുവില്‍ സംഘര്‍ഷം; 32 പേര്‍ അറസ്റ്റില്‍

കോഴിക്കോട്: സവര്‍ണ ഫാഷിസ്റ്റ് ഭീകരതയ്‌ക്കെതിരേ സദാചാര വിരുദ്ധ ചുംബനത്തെരുവ് സംഘടിപ്പിച്ച ഞാറ്റുവേല പ്രവര്‍ത്തകരും ഹനുമാന്‍ സേനക്കാരും നഗരത്തില്‍ ഏറ്റുമുട്ടി. ഇന്നലെ രാവിലെ മാനാഞ്ചിറ സ്‌ക്വയറിന് സമീപം സെന്‍ട്രല്‍ ലൈബ്രറി പരിസരത്താണ് സംഘര്‍ഷമുണ്ടായത്. ഞാറ്റുവേല സംഘടനയിലെ ഭിന്നശേഷിയുള്ള പ്രവര്‍ത്തകനും മൂന്ന് സ്ത്രീകളുമാണആദ്യമെത്തിയത്. ഇവരെ കണ്ടതോടെ മുഹമ്മദ് ബഷീര്‍ റോഡില്‍ തമ്പടിച്ചിരുന്ന ഹനുമാന്‍ സേന പ്രവര്‍ത്തകര്‍ ജാഥയായി എത്തി ഇവരെ മര്‍ദ്ദിച്ചു. ഭിന്ന ശേഷിയുള്ള പ്രവര്‍ത്തകന് ഭീകരമായ മര്‍ദ്ദനമേറ്റു.
അതോടെയാണ് ഞാറ്റുവേല പ്രവര്‍ത്തകരും ഹനുമാന്‍ സേനയും തമ്മില്‍ സംഘര്‍ഷമുണ്ടായത്. ഇവരെ പോലിസ് നീക്കം ചെയ്യുന്നതിനിടയില്‍ സ്ത്രീകളടക്കമുള്ള ഞാറ്റുവേല സംഘം ബാനറുകളും വടികളുമായി ജാഥ നയിച്ചെത്തി. പീന്നീട് ഏറ്റുമുട്ടല്‍ ഹനുമാന്‍ സേനക്കാരും സ്ത്രീ പ്രവര്‍ത്തകരും തമ്മിലായി. ഇരു കൂട്ടരും തമ്മിലുള്ള അടിപിടി രൂക്ഷമായതോടെ പോലിസ് ലാത്തിവീശുകയായിരുന്നു.
പതിനാറ് ഹനുമാന്‍ സേനക്കാരെയും പതിനാറ് ഞാറ്റുവേലക്കാരെയും പോലിസ് കസ്റ്റഡിയിലെടുത്തു. പോലിസിന് നേരെ അക്രമം നടത്തിയെന്നാരോപിച്ച് തേജസ് ലേഖകന്‍ പി അനീബിനെയും അറസ്റ്റ് ചെയ്തു. സംഭവം ക്യാമറയില്‍ പകര്‍ത്താനെത്തിയ പുതിയ ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകരായ മൂന്നു പേരെയും പോലിസ് കസ്റ്റഡിയിലെടുത്തു. സംഘം ചേര്‍ന്ന് അക്രമണം നടത്തിയതിനാണ് 32 പേരെ അറസ്റ്റ് ചെയ്തതെന്ന് പോലിസ് പറഞ്ഞു.
സൗത്ത് എഡി എ ജെ ബാബു, ടൗണ്‍ സിഐ അഷ്‌റഫ്, കസബ സിഐ സുനില്‍കുമാര്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് എഡിപി ടി ബാലന്‍ എന്നിവരടക്കം വന്‍ പോലിസ് സന്നാഹം നിലയുറപ്പിച്ചിരുന്നു.കോട്ടയം സ്വദേശി അജിത് തച്ചനാട്, ശരത് ബാബു, ഷിജി, പ്രിയ, നസീബ, അനീസ, വിജിത്, രാഗേഷ്, തുടങ്ങിയവരെയാണ് കസ്റ്റഡിയിലെടുത്തത്. ഹനുമാന്‍ സേന നേതാവ് ഭക്ത വത്സനടക്കമുള്ളവരും അറസ്റ്റിലായി. ചുംബന സമര നായകന്‍ ഹാറൂണ്‍ കാവനൂരിനെയും പോലിസ് വാഹനത്തില്‍ കയറ്റി കൊണ്ടുപോയി.
ചുംബനത്തെരുവ് സമരത്തെ തെരുവില്‍ നേരിടുമെന്ന് കഴിഞ്ഞ ദിവസം തന്നെ ഹനുമാന്‍ സേന പ്രസിഡന്റ് ഭക്തവത്സന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു.
Next Story

RELATED STORIES

Share it