kasaragod local

ചീര്‍ക്കയത്തെ കരിങ്കല്‍ ക്വാറി-ക്രഷര്‍ യൂനിറ്റിനെതിരേ ജനരോഷം

വെള്ളരിക്കുണ്ട്: കരിങ്കല്‍ ക്വാറി-ക്രഷര്‍ യൂനിറ്റിനെതിരേ ജനരോഷമുയരുന്നു. വെസ്റ്റ് എളേരി പഞ്ചായത്തിലെ ചീര്‍ക്കയത്ത് പ്രവര്‍ത്തിക്കുന്ന ക്രഷര്‍ യൂനിറ്റാണ് പ്രദേശവാസികളുടെ ഉറക്കംകെടുത്തുന്നതെന്നാണ് ആരോപണം. ക്വാറിയും ക്രഷറും പ്രവര്‍ത്തിക്കുന്ന ഇവിടെ ഇപ്പോള്‍ എം സാന്‍ഡ് യൂനിറ്റും പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ക്വാറിയിലെ ഉഗ്ര സ്‌ഫോടനകള്‍ മൂലം സമീപവാസികളുടെ വീടുകള്‍ വിണ്ടുകീറുന്നതായും പൊടിപടലം മൂലം ശ്വാസകോശ രോഗങ്ങള്‍ ഉള്‍പ്പെടെ പിടിപെടുന്നതായും നാട്ടുകാര്‍ പരാതിപ്പെടുന്നു.
ചൈത്രവാഹിനി പുഴയില്‍ നിന്നാണ് ക്രഷറിലേക്ക് വെള്ളം പമ്പു ചെയ്യുന്നത്. വൈദ്യുതി സംവിധാനമുപയോഗിച്ചു പാറ പൊട്ടിക്കുമ്പോള്‍ പ്രദേശമാകെ ഭൂകമ്പമുണ്ടാകുന്നതിനു സമാനമാണെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറയുന്നു.
പൊതുമരാമത്തു റോഡും നൂറുകണക്കിന് കുടുംബങ്ങളും നാലു കോളനികളുമുള്ള പ്രദേശത്ത് ഇത്തരത്തില്‍ ക്വാറിയുടെ പ്രവര്‍ത്തനം നടത്താന്‍ അനുമതി നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ക്വാറിയുടെ പ്രവര്‍ത്തനം എത്രയും വേഗം നിര്‍ത്തിവച്ചില്ലെങ്കില്‍ പഞ്ചായത്ത് ഉപരോധമുള്‍പ്പെടെയുള്ള സമരപരിപാടികള്‍ക്കു നേതൃത്വം നല്‍കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ടി വി തമ്പാന്‍, പാട്ടത്തില്‍ ചന്ദ്രന്‍, അജയകുമാര്‍, എം എ ബേബി സംബന്ധിച്ചു.
Next Story

RELATED STORIES

Share it