malappuram local

ചീക്കോട് ശുദ്ധജല പദ്ധതി; ഒന്നാംഘട്ട ഉദ്ഘാടനം 27ന്; 45,000 കുടുംബങ്ങള്‍ക്ക് ആശ്വാസമാവും

മലപ്പുറം: ചീക്കോട് ശുദ്ധജല പദ്ധതിയുടെ ഒന്നാംഘട്ട ഉദ്ഘാടനം 27ന് വൈകീട്ട് ആറിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. ചീക്കോട് ശുദ്ധജല പദ്ധതിയുടെ ഒന്നാംഘട്ടം പൂര്‍ത്തിയായതോടെ ചീക്കോട്, മുതുവല്ലൂര്‍, കുഴിമണ്ണ, വാഴയൂര്‍, വാഴക്കാട്, പുളിക്കല്‍, പള്ളിക്കല്‍, ചെറുകാവ് ഗ്രാമപ്പഞ്ചായത്തുകളിലും കൊണ്ടോട്ടി, രാമനാട്ടുകര നഗരസഭകളിലും പ്രതിദിനം ഒരാള്‍ക്ക് 70 ലിറ്റര്‍ വീതം ശുദ്ധജലം ലഭ്യമാവും.
ചാലിയാര്‍ പുഴയില്‍ നിന്നു പമ്പ് ചെയ്ത് രായിന്‍കോട് മലയിലെ പ്ലാന്റില്‍ ശുദ്ധീകരിച്ച് വിവിധ സ്ഥലങ്ങളിലായി പുതുതായി നിര്‍മിച്ച ഏഴ് ടാങ്കുകളിലും നിലവിലുള്ള മൂന്ന് ടാങ്കുകളിലും എത്തിച്ചതിന് ശേഷമാണ് ജലവിതരണം നടത്തുക. രായിന്‍കോട് മല, ചുള്ളിക്കോട്, പരതക്കാട്, കോമ്പറമ്പ്, മുകശ്ശേരി, പുളിക്കല്‍, ചെപ്പിലിക്കുന്ന് പ്രദേശങ്ങളിലാണ് പുതുതായി ജലസംഭരണികള്‍ നിര്‍മിച്ചിട്ടുള്ളത്. ഏഴ് ടാങ്കുകളിലേക്കുള്ള പമ്പിങ് മെയിനുകളും പമ്പ് സൈറ്റ്, ട്രാന്‍സ്‌ഫോമര്‍, 20 കിലോമീറ്റര്‍ നീളത്തിലുള്ള വിതരണ ൈപപ്പുകള്‍ എന്നിവയും പൂര്‍ത്തീകരിച്ചിട്ടുണ്ട്.
80.57 കോടിരൂപ ചെലവിലാണ് ഒന്നാംഘട്ടം പൂര്‍ത്തിയായത്. 45,000 ത്തോളം വീടുകള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നും ആവശ്യപ്പെടുന്ന മുഴുവന്‍ കുടുംബങ്ങള്‍ക്കും ശുദ്ധജലം വിതരണം ചെയ്യുമെന്നും മുഹമ്മദുണ്ണി ഹാജി എംഎല്‍എ അറിയിച്ചു.
പദ്ധതി പ്രദേശം എംഎല്‍എയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശനം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ നസീറ, വൈസ് പ്രസിഡന്റ് എ അബ്ദുള്‍ കരീം, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ എ സഹീര്‍, പി കെ സെയ്ത്, ജെയ്‌സന്‍ എളമരം, വാട്ടര്‍ അതോറിറ്റി എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ മുഹമ്മദ് റാഫി എന്നിവരും സംഘത്തിലുണ്ടായിരുന്നു. 1992ല്‍ ആരംഭിച്ച പദ്ധതി പലകാരണങ്ങളാല്‍ മുടങ്ങുകയും തുടര്‍ന്ന് 2008 ല്‍ പുനരാരംഭിക്കുകയുമാണുണ്ടായത്.
കുടിവെള്ള പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ മുഴുവന്‍ ടാങ്കുകളിലും വെള്ളമെത്തിക്കും. രണ്ടാംഘട്ടത്തിലാണ് വെള്ളം വിതരണം ചെയ്യുക. 60.40 കോടി ചെലവഴിച്ച് നടത്തുന്ന രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ഒരു വര്‍ഷംകൊണ്ട് പൂര്‍ത്തിയാവുമെന്ന് അധികൃതര്‍ അറിയിച്ചു. മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയില്‍ നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍ ജലവിതരണ മന്ത്രി പി ജെ ജോസഫ് അധ്യക്ഷനാവും. മന്ത്രിമാരായ പി കെ കുഞ്ഞാലികുട്ടി, എ പി അനില്‍കുമാര്‍, മഞ്ഞളാംകുഴി അലി, എംപിമാരായ പ്രേമചന്ദ്രന്‍, എം ഐ ഷാനവാസ്, എളമരം കരീം എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുക്കും.
Next Story

RELATED STORIES

Share it