malappuram local

ചീക്കോട് കുടിവെള്ള പദ്ധതി അനന്തമായി നീളുന്നു

മലപ്പുറം: ചീക്കോട്, മുതുവല്ലൂര്‍, കുഴിമണ്ണ, പുളിക്കല്‍, വാഴയൂര്‍, വാഴക്കാട്, ചെറുകാവ് എന്നീ പഞ്ചായത്തുകളിലും കൊണ്ടോട്ടി, രാമനാട്ടുകര എന്നീ മുനിസിപ്പാലിറ്റികളിലും നേരിടുന്ന ജലക്ഷാമം പരിഹരിക്കുന്നതിനായി വിഭാവനം ചെയ്ത് 1996ല്‍ കേരള ജാഥ അതോറിറ്റി തുടക്കമിട്ട ചീക്കോട് കുടിവെള്ള പദ്ധതി അനന്തമായി നീളുന്നു. പദ്ധതിയുടെ ആദ്യകാലത്ത് ആവശ്യമായ തുക വകയിരുത്താതെ അവഗണന നരിട്ടപ്പോള്‍ ചീക്കോട് പദ്ധതി ആക്ഷന്‍ കൗണ്‍സില്‍ നേതൃത്വത്തില്‍ ജനകീയ ഇടപെടലുകള്‍ നടന്നതോടെ 2005ല്‍ പദ്ധതി പുനരാരംഭിച്ചെങ്കിലും പിന്നീട് വീ ണ്ടും മുടന്തുകയായിരുന്നു.
ഈ വര്‍ഷം ഫെബ്രുവരി ആദ്യവാരം മുതല്‍ ജനങ്ങള്‍ക്ക് വെള്ളം ലഭിക്കുമെന്ന് വാട്ടര്‍ അതോറിറ്റി വിവരാവകാശ നിയമ പ്രകാരം മറുപടയില്‍ അറിയിച്ചിട്ടുണ്ടെങ്കിലും പ്രവൃത്തികള്‍ പൂര്‍ത്തിയായിട്ടില്ലെന്നു മാത്രമല്ല പദ്ധതി കമ്മീഷനിങ് പോലും നടന്നിട്ടില്ല. ഗുണഭോക്താക്കളെ ഇതുവരെ തിരഞ്ഞെടുക്കുകയോ അപേക്ഷ ക്ഷണിക്കുകയോ ചെയ്തിട്ടില്ല. ഉടനെ കമ്മീഷന്‍ ചെയ്യുമെന്നും ജനങ്ങള്‍ക്ക് സമര്‍പ്പിക്കുമെന്നും തിയ്യതികള്‍ പലതവണ മാറ്റിപ്പറഞ്ഞ് ജനങ്ങളെ വഞ്ചിക്കുകയാണ് ജലവകുപ്പ്. ഇത്രയും ബൃഹത്തായ പദ്ധതിയെക്കുറിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി നാളിതുവരെ ജല വകുപ്പ് വ്യവസ്ഥകളോ ധാരണകളോ കരാറുകളോ വച്ചിട്ടില്ല.
പല തദ്ദേശ സ്വയംഭരണ അധികാരികള്‍ക്കും പദ്ധതിയെക്കുറിച്ച് യാതൊരു അറിവുകളും ഇല്ല. പഞ്ചായത്തുകളില്‍ നിന്ന് ഇതിന്റെ ജല വിതരണത്തെപ്പറ്റി യാതൊരു വിവരങ്ങളും കാര്യമായി ലഭ്യമല്ല. പദ്ധതിയില്‍ ഗുണഭോക്തൃ അംഗമല്ല എന്നു പോലും രേഖാമൂലം അറിയിച്ച പഞ്ചായത്ത് അധികൃതരും ഉണ്ട്. 105 കോടിയിലധികം മുടക്കി നടപ്പാക്കുന്ന പദ്ധതിയുടെ പ്രവൃത്തികള്‍ക്കായി പൈപ്പിടുന്നതിനും മറ്റും ചാലുകീറിയ റോഡുകള്‍ ഗതാഗതത്തിനു പറ്റാതായി. റോഡുകള്‍ നന്നാക്കുന്നതിനു വേണ്ട തരത്തിലുള്ള പ്രവൃത്തികള്‍ ഉണ്ടായിട്ടില്ല. പലയിടത്തും നാട്ടുകാര്‍ പരാതിപ്പെട്ടിട്ടും നടപടി എടുത്തിട്ടില്ല.
ജനങ്ങളില്‍ നിന്ന് നിശ്ചിത ഫീസ് ഈടാക്കി ജലവിതരണം നടത്താനാണ് ജല വകുപ്പ് ഉദ്ദേശിക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിലെ കാലതാമസം മൂലമുണ്ടായ സാമ്പത്തിക ബാധ്യത സമൂഹത്തിനു മേല്‍ അടിച്ചേല്‍പിക്കാനാണ് ജലവകുപ്പ് നയം. ത്രിതല പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും പദ്ധതി നടത്തിപ്പില്‍ യാതൊരു ഉത്തരവാദിത്വവും ഇല്ലാത്ത അവസ്ഥയാണ്.
വകുപ്പുകള്‍ തമ്മില്‍ ഏകോപനം ഇല്ലാത്തതിനാല്‍ ഇത്രയും വലിയ പദ്ധതിക്ക് കോടികള്‍ ചെലവഴിക്കുമ്പോഴും ത്രിതല പഞ്ചായത്തുകള്‍ വളരെ പ്രാദേശികമായി ചെറുതും വലുതുമായ ധാരാളം ജല പദ്ധതികള്‍ നടപ്പിലാക്കി ഖജനാവ് കാലിയാക്കുന്നുമുണ്ട്. ചീക്കോട് പദ്ധതിയിലെ അനാസ്ഥയും ആസൂത്രണമില്ലായ്മയും ശാസ്ത്രീയ കാഴ്ചപ്പാടില്ലായ്മയും കാരണം മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ലക്ഷക്കണക്കിനു ജനങ്ങള്‍ക്കു ലഭിക്കേണ്ട പ്രയോജനമാണ് നീണ്ടുപോകുന്നത്.
പദ്ധതിയെക്കുറിച്ച് മന്ത്രിതലത്തിലോ മുഖ്യമന്ത്രി തലത്തിലോ അടിയന്തരമായി ഇടപെട്ട് ബന്ധപ്പെട്ട വകുപ്പുകളെയും ഉദ്യോഗസ്ഥരേയും ജനപ്രതിനിധികളേയും ഉള്‍പ്പെടുത്തി അടിയന്തര നടപടികള്‍ എടുത്ത് പദ്ധതി പൂര്‍ത്തീകരിക്കണമെന്നു ആവശ്യമാണ് ചീക്കോട് ജല പദ്ധതി ആക്ഷക്ഷന്‍ കൗണ്‍സില്‍ മുന്നോട്ടു വക്കുന്നതെന്ന് അലി പുല്ലിത്തൊടി, എ ഹസ്സന്‍ കോയ, ടി ഷബീര്‍ അറിയിച്ചു. ഇതോടൊപ്പം തകരാറിലായ റോഡുകള്‍ നന്നാക്കണമെന്നും ആക്ഷക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it