ചിഹ്ന വൈവിധ്യം ബാലറ്റ് പേപ്പറില്‍

ചിഹ്ന വൈവിധ്യം ബാലറ്റ് പേപ്പറില്‍
X
ballot-paper

പിഎഎം ഹനീഫ്

കേരളത്തിലെ ഇലക്ഷന്‍ പോരാട്ടത്തില്‍ ഇത്രയേറെ ചിഹ്ന വൈവിധ്യം മുമ്പെങ്ങും ഉണ്ടായിട്ടില്ല.
''ബ്രീഫ്‌കെയ്‌സ് ജനലിലൂടെ ഇട്ടകാര്യം ടെലിഫോണിലൂടെ ഒരു കുഞ്ഞുടുപ്പുകാരി അറിയിച്ചു.
ബാറ്റും കൈയിലേന്തി വരുകയായിരുന്ന അയാള്‍ അടുക്കളത്തോട്ടത്തില്‍ നിന്ന് വെണ്ടയ്ക്ക ഒരെണ്ണം പറിച്ചു ചവച്ചുതിന്നു. വീട്ടിലേക്കു കയറുമ്പോള്‍ അതാ ഒരു കുടം നിറയെ ഐസ്‌ക്രീം. അയാള്‍ ആഹ്ലാദിച്ചു.
പയര്‍മണികള്‍ പോലെ ഐസ്‌ക്രീമില്‍ ബദാം പൊടിച്ചിട്ടിരിക്കുന്നു. കുടത്തിനരികെ മെഴുകുതിരികളും കത്തിച്ചിട്ടുണ്ട്. അപ്പോഴാണ് ഓട്ടോറിക്ഷയില്‍ ഹാര്‍മോണിയവുമായി ഫ്രോക്കിട്ട പെണ്‍കുട്ടി വന്നത്...''
ബ്രീഫ്‌കെയ്‌സും ടെലിഫോണും കുടവും ഐസ്‌ക്രീമും ഒക്കെ ഇത്തവണ ബാലറ്റ് പേപ്പറില്‍ അച്ചടിച്ച ചിഹ്നങ്ങളാണ്. കഥയല്ല; നോവല്‍ തന്നെ രചിക്കാം ഇലക്ഷന്‍ ചിഹ്നശാസ്ത്രാനുസരണം...
ആനപ്പെട്ടിയും കാളപ്പെട്ടിയും ഒക്കെ 50കളില്‍ ഇലക്ഷന്‍ രംഗത്തുണ്ടായിരുന്നു. നുകംവച്ച കാളയും പശുവും കിടാവും ചക്രവും ഒക്കെ രാഷ്ട്രീയ കാലാവസ്ഥകളിലെ മാറ്റത്തിനനുസരിച്ച് കൈപ്പത്തിയായും താമരയായും വേഷം മാറി. കലപ്പയേന്തിയ കര്‍ഷകനും ചക്രവുമൊക്കെ ഇന്നും ചിഹ്നപ്പട്ടികയിലുണ്ട്. പക്ഷെ കേരളത്തില്‍ അപൂര്‍വമായിട്ടേ ബാലറ്റ് പേപ്പറില്‍ കാണാനുള്ളൂ. 'ടൂത്ത് ബ്രഷും' 'എഴുത്തുപെട്ടിയും' 'ഓട്ടോറിക്ഷയും' മറ്റുമാണ് ഇത്തവണ സ്വതന്ത്രര്‍ക്ക് ഏറെ പേര്‍ക്കും ലഭിച്ചത്. ജെഡിയു സ്ഥാനാര്‍ഥികളുടെ 'അമ്പും' , എസ്‌യുസിഐ സ്വതന്ത്രരുടെ 'ബാറ്ററി ടോര്‍ച്ചും' ചിലേടത്ത് ചില രാഷ്ട്രീയകാര്യങ്ങളെ ധ്വനിപ്പിക്കുന്നു.
പേരാമ്പ്ര മണ്ഡലത്തില്‍ കേരളാ കോണ്‍ഗ്രസ്സിന് 'രണ്ടില' ചിഹ്നം വര്‍ഷങ്ങളായി ബാലറ്റ് പേപ്പറിലുള്ളതാണ്. രണ്ട് അപരന്മാര്‍ അവിടെ പത്രിക സ്വീകരിക്കപ്പെട്ടവരില്‍ വന്നു. അതിവിചിത്രമാണ് ചിഹ്നങ്ങളും. മുഹമ്മദ് ഇഖ്ബാല്‍ പള്ളത്തിന് 'മുന്തിരിക്കുല'യും; മുഹമ്മദ് ഇഖ്ബാല്‍ ബാപ്പു ബൈത്തിന് ''പയര്‍മണികളും....''
കോഴിക്കോട് സൗത്തിലാണ് ചിഹ്നങ്ങളുടെ വൈവിധ്യം ഏറെ. ബിഎസ്പിയുടെ ആന മുതല്‍ ബിഡിജെഎസിന്റെ കുടവും ഐസ്‌ക്രീം, ബാറ്റ്, ഓട്ടോറിക്ഷ, ഡിഷ് ആന്റിന വരെ
'അമ്പും ഓടക്കുഴലും പെന്‍ നിബ്ബ് വിത്ത് സെവന്‍ റെയ്‌സും ചിഹ്‌നങ്ങളായി വരുന്ന തിരഞ്ഞെടുപ്പില്‍ ഏണി, താമര, അരിവാള്‍ നെല്‍ക്കതിര്‍, കൈപ്പത്തി, ടെലിവിഷന്‍, അരിവാള്‍ ചുറ്റിക നക്ഷത്രം തുടങ്ങിയ ചിഹ്നങ്ങളാണ് പരസ്യങ്ങളില്‍ തിളങ്ങിനിന്നത്. 19ന് ഉച്ചയോടെ അറിയാം ചിഹ്നങ്ങളുടെ മാഹാത്മ്യങ്ങള്‍. വോട്ടര്‍മാര്‍ ഇഷ്ടപ്പെടുന്ന ചിഹ്നം ഏത്.
'കുടങ്ങള്‍ തറയില്‍ വീണ് ചിതറുമോ... താമരകള്‍ തണ്ടൊടിഞ്ഞ് ശിരസ്സും താഴ്ത്തി നില്‍ക്കുമോ? അരിവാള്‍ വളയുമോ..? കൈപ്പത്തിയിലെ വിരളുകള്‍ ചുരുളുമോ..? എല്ലാവരും ആകാംക്ഷകളിലാണ്.
Next Story

RELATED STORIES

Share it