Districts

ചിലര്‍ ബോധപൂര്‍വം അസഹിഷ്ണുത സൃഷ്ടിക്കുന്നു: മനീഷ കൊയ്‌രാള

തിരുവനന്തപുരം: രാജ്യത്ത് ചില സംഘടനകള്‍ മനപൂര്‍വം അസഹിഷ്ണുത സൃഷ്ടിക്കുകയാണെന്ന് ബോളിവുഡ് നടി മനീഷ കൊയ്‌രാള. എന്നാല്‍, ഇന്ത്യയാകെ അസഹിഷ്ണുതയുണ്ടെന്നു പറയാനാവില്ല. കാന്‍സറിനോടു പൊരുതി ജയിച്ചതാണ് തന്റെ ജീവിതത്തിന്റെ ഊര്‍ജ്ജമെന്നും അവര്‍ പറഞ്ഞു.
ലെനിന്‍ രാജേന്ദ്രന്റെ പുതിയചിത്രം ഇടവപ്പാതിയുടെ ഷൂട്ടിങിനു വേണ്ടിയാണ് മനീഷ കേരളത്തിലെത്തിയത്. കാന്റിനെ അതിജീവിച്ചാണ് സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് മനീഷ തിരിച്ചെത്തിയത്. ഒരു കലാകാരി അറിയപ്പെടാനാഗ്രഹിക്കുന്നത് തീര്‍ച്ചയായും കാന്‍സര്‍ രോഗി എന്ന നിലയില്‍ മാത്രമല്ല.
സിനിമയുള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ മരണത്തിനു തുല്യമായി കാന്‍സറിനെ ചിത്രീകരിക്കുന്നതിനാല്‍ ജനങ്ങളില്‍ ഈ രോഗത്തെക്കുറിച്ച് വലിയ തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്നുണ്ട്. മറ്റ് ഏതിനെയും പോലെ അതിജീവിക്കാന്‍ കഴിയുന്ന രോഗമാണ് കാന്‍സറുമെന്നു തിരിച്ചറിയണമെന്നും മനീഷ പറഞ്ഞു.
സിനിമയോടൊപ്പം കാന്‍സറിനെതിരായ ബോധവല്‍ക്കരണ പരിപാടികളിലും സജീവമാണ്. ഡല്‍ഹിയില്‍ നടക്കുന്ന സാഹിത്യ സമ്മേളനത്തില്‍ ഇതേപ്പറ്റി ഒരു പുസ്തകം പുറത്തിറക്കുക്കുമെന്നും മനീഷ പറഞ്ഞു.
രണ്ടു കാലഘട്ടങ്ങള്‍ ചിത്രീകരിക്കുന്ന ഇടവപ്പാതി എന്ന ചിത്രത്തിന്റെ കഥാപരിസരം കാവ്യാത്മകമാണെന്ന് മനീഷ വ്യക്തമാക്കി. മലയാളത്തില്‍ ഇത്തരം ചിത്രങ്ങള്‍ ധാരാളമായുണ്ടാവുന്നത് പ്രേക്ഷകര്‍ അവയെ സ്വീകരിക്കുന്നതിനാലാവാമെന്നും അവര്‍ പറഞ്ഞു.
37 വര്‍ഷമായി കര്‍ണാടകയിലെ ബൈലഗുപ്പയില്‍ അഭയാര്‍ഥികളായി താമസിക്കുന്ന ടിബറ്റന്‍ വംശജരുടെ ആന്തരിക സംഘര്‍ഷങ്ങളാണ് ഇടവപ്പാതിയുടെ പ്രമേയം. വാര്‍ത്താസമ്മേളനത്തില്‍ ലെനിന്‍ രാജേന്ദ്രന്‍, കാമറാമാന്‍ മധു അമ്പാട്ട്, അഭിനേതാക്കളായ ഉത്തര ഉണ്ണി, സിദ്ധാര്‍ഥ് ലാമ, പ്രകാശ്, നിര്‍മാതാക്കളായ ഡോ. സന്തോഷ് കുമാര്‍, രവി ശങ്കര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it