Kollam Local

ചിറ്റുമൂലയിലെ പച്ചത്തേങ്ങ സംസ്‌കരണ യൂനിറ്റ് അടച്ചുപൂട്ടി

കരുനാഗപ്പള്ളി: തഴവ പഞ്ചായത്തിലെ ചിറ്റുമൂല കോക്കനട്ട് നഴ്‌സറിയില്‍ പ്രവര്‍ത്തിച്ചുവന്ന പച്ചത്തേങ്ങ സംസ്‌കരണ യൂനിറ്റ്(തേങ്ങസംഭരണ ട്രല്‍) അടച്ചുപൂട്ടി. കോക്കനട്ട് നഴ്‌സറി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവന്ന പ്രദേശത്തെ കാഷ്വല്‍ തൊഴിലാളികള്‍ക്കുവേണ്ടി സംസ്ഥാന കൃഷിവകുപ്പ് 20ലക്ഷം രൂപാ ചെലവില്‍ നിര്‍മിച്ച യൂനിറ്റാണ് അടച്ചുപൂട്ടിയത്.

കൃഷിവകുപ്പിന്റെ കീഴിലെ പുതിയകാവ് കേരഫെഡിനുവേണ്ടിയുള്ള പച്ചത്തേങ്ങയാണ് യൂനിറ്റിലെത്തിച്ച് സംസ്‌കരണം നടത്തിവന്നത്. ഒരാഴ്ച ആറുടണ്‍ തേങ്ങാസംസ്‌കരണ ശേഷിയുള്ള യൂനിറ്റ് കഴിഞ്ഞ ജൂണ്‍ 12നാണ് സ്ഥാപിച്ചത്. പ്രദേശവാസികളായ 38കാഷ്വല്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ സംരഭം ഒരുക്കിയാണ് പദ്ധതി വിജയകരമായി പ്രവര്‍ത്തിച്ചുവന്നത്. രണ്ടാഴ്ച മുമ്പ് ഔദ്യോഗിക ഹാജര്‍ ആവശ്യപ്പെട്ട് 20ഓളം തൊഴിലാളികള്‍ പണിമുടക്കിയശേഷം ജോലിയില്‍ ഏര്‍പ്പെട്ടവരെ തൊഴില്‍ തടസപ്പെടുത്തിയതാണ് പ്രശ്‌നത്തിന് തുടക്കം.
എച്ച്എംഎസ് യൂനിയന്റെ കീഴിലുണ്ടായിരുന്ന തൊഴിലാളികള്‍ ഐഎന്‍ടിയുസിയുടെ പ്രാദേശികഘടകം ഏറ്റെടുത്തു. നഴ്‌സറികള്‍ക്ക് മുമ്പില്‍ സമരവും ധര്‍ണയും ഉപരോധവും നടത്തിവരവെ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജഗദമ്മ, സെക്രട്ടറി അനില്‍കുമാര്‍, ഡിവിഷന്‍ മെംബര്‍മാരായ അനില്‍ കല്ലേലിഭാഗം, ശ്രീലതാ വേണുഗോപാല്‍, വൈസ്പ്രസിഡന്റ് ശിവശങ്കരപിള്ള, ജില്ലാപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി മെംബര്‍ അഡ്വ. വേണുഗോപാല്‍, പ്രദേശവാസി കോട്ടൂര്‍ കലാം, അഫ്‌സല്‍ എന്നിവരുമായി ചര്‍ച്ച നടത്തിയെങ്കിലും പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം മൂന്നുലോഡ് തേങ്ങ കേന്ദ്രത്തിലെത്തിച്ചിരുന്നു.
ഇതില്‍ അഞ്ചുലക്ഷത്തോളം രൂപയുടെ ഒരുലോഡ് തേങ്ങ കേടാകുകയും ബാക്കി ഒന്നരലോഡ് തേങ്ങ ഉടച്ച് ട്രയല്‍യൂനിറ്റിലിട്ട് അഴുകിയ നിലയില്‍ കേരഫെഡ് തിരികെ കയറ്റിക്കൊണ്ടുപോയി. തൊഴില്‍പ്രശ്‌നം രൂക്ഷമായതോടെ ട്രയല്‍ യൂനിറ്റ് അടച്ചുപൂട്ടാന്‍ സംസ്ഥാന കൃഷിവകുപ്പ് കേരഫെഡിനോട് നിര്‍ദ്ദേശിക്കുകയായിരുന്നു. കഴിഞ്ഞദിവസം ഇവിടെയുള്ള വൈദ്യുത കണക്ഷന്‍ കെഎസ്ഇബി വിച്ഛേദിച്ചു. ട്രയല്‍യൂനിറ്റ് ഇവിടെനിന്നും മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുന്നതുവരെ പോലിസ് സംരക്ഷണയില്‍ നഴ്‌സറിയില്‍ തേങ്ങ കേടുകൂടാതെ സംരക്ഷിക്കുവാന്‍ കലക്ടര്‍ ഉത്തരവിടുകയായിരുന്നു. നഴ്‌സറി ജില്ലാപഞ്ചായത്തിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ള കോക്കനട്ട് നഴ്‌സറികളില്‍ ഒന്നാണിത്. 12സ്ഥിരം സര്‍ക്കാര്‍ തൊഴിലാളികളും നാല് ഉദ്യോഗസ്ഥരുമുള്ള ഇവിടെ ഒമ്പതര ഏക്കറില്‍ പച്ചക്കറി തൈകള്‍, തെങ്ങിന്‍ തൈകള്‍, ടിഷ്യൂക്കല്‍ച്ചര്‍ വാഴ തൈകള്‍ എന്നിവ ഉല്‍പ്പാദിപ്പിച്ച് കേരളത്തിലെ വിവിധ കൃഷിഭവനുകളില്‍ വിതരണം ചെയ്തുവരുന്നതിന് പുറമേയാണ് കേരഫെഡിന്റെ സംഭരണയൂനിറ്റ് പ്രവര്‍ത്തനം നടത്തിയിരുന്നത്.
Next Story

RELATED STORIES

Share it