thrissur local

ചിറനെല്ലൂര്‍ കൂമ്പുഴ പ്രദേശം വീണ്ടും മാലിന്യ നിക്ഷേപ കേന്ദ്രമാവുന്നു

കേച്ചേരി: അക്കിക്കാവ്-കേച്ചേരി ബൈപാസ് റോഡിലെ ചിറനെല്ലൂര്‍ കൂമ്പുഴ പ്രദേശം വീണ്ടും മാലിന്യ നിക്ഷേപ കേന്ദ്രമാവുന്നു. ആഘോഷങ്ങളുടേയും കോഴിക്കട, കാറ്ററിങ് സര്‍വീസ് എന്നിവിടങ്ങളില്‍ നിന്നുമുള്ള അവശിഷ്ടങ്ങളുമാണ് രാത്രിയുടെ മറവില്‍ നിക്ഷേപിക്കുന്നത്.
ചൂണ്ടല്‍, കടങ്ങോട് പഞ്ചായത്തുകളുടെ അതിര്‍ത്തിയായതിനാല്‍ ഇരുപഞ്ചായത്ത് അധികൃതരും ഇതിനെതിരേ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം ശക്തമാണ്. ചിറനെല്ലൂര്‍ ചെമ്മന്തിട്ട റോഡ് മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ പ്രദേശത്ത് സിസിടിവി കാമറയും എസ്ഡിപിഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കാവല്‍മാടവും ഇവിടെ മാലിന്യം നിക്ഷേപിക്കരുത് എന്ന ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ടെങ്കിലും സാമൂഹിക വിരുദ്ധര്‍ രാത്രിയുടെ മറവില്‍ പരിസരം മലിനമാക്കുകയാണ്.
എസ്ഡിപിഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ റോഡിന്റെ ഇരുവശവും ശുചീകരിച്ചിരുന്നു. എന്നാല്‍ വൃത്തിയാക്കുന്ന പ്രദേശം മുഴുവന്‍ ഓരോ ദിവസവും കോഴിവേസ്റ്റുകളാല്‍ മലിനമാക്കപ്പെടുകയാണ്.
കൂമ്പുഴ പാലം മുതല്‍ ചെമ്മന്തിട്ട ശിവക്ഷേത്ര പരിസരം വരെ മാലിന്യങ്ങള്‍ ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം വമിക്കുന്നതുമൂലം വഴിയാത്രക്കാര്‍ക്ക് ഈ വഴി നടക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. ആരോഗ്യവകുപ്പ് സ്ഥാപിച്ചിരുന്ന കാമറകള്‍ പ്രവര്‍ത്തനക്ഷമമല്ലെന്ന പരാതി നിലനില്‍ക്കെയാണ് കാമറയ്ക്ക് മുന്നിലായി മാലിന്യ നിക്ഷേപം നടക്കുന്നത്.
മാലിന്യ നിക്ഷേപം അവസാനിപ്പിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്. എന്നാല്‍ പോലിസ് സ്‌റ്റേഷനിലും ആരോഗ്യവകുപ്പിലും പരാതി നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞ് കയ്യൊഴിയുകയാണ് പഞ്ചായത്ത് അധികൃതര്‍.
Next Story

RELATED STORIES

Share it