Azhchavattam

ചിരിപ്പിച്ചും ചിന്തിപ്പിച്ചും

ചിരിപ്പിച്ചും ചിന്തിപ്പിച്ചും
X













പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് പി വി കൃഷ്ണന്റെ കാര്‍ട്ടൂണ്‍ പ്രദര്‍ശനം കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് അരങ്ങേറുകയുണ്ടായി. അദ്ദേഹത്തിന്റെ കാര്‍ട്ടൂണുകളിലൂടെ



kartoon



ശ്രീജിഷ പ്രസന്നന്‍

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ചിത്രത്തിനു മുന്നില്‍ കൂപ്പുകൈയുമായി നില്‍ക്കുന്ന ഇടതു നേതാക്കളായ പിണറായി വിജയനെയും വി എസ് അച്യുതാനന്ദനെയും സങ്കല്‍പ്പിക്കാമോ? പ്ലീസ് രാജിവയ്ക്കരുത്, ഭരണകൂടത്തിന്റെ നെഗറ്റീവ് എനര്‍ജിയാണ് തങ്ങളുടെ ശക്തിയെന്നു പറഞ്ഞാണ് വിഎസും പിണറായിയും ഉമ്മന്‍ചാണ്ടിക്കു മുന്നില്‍ തൊഴുകൈയോടെ നില്‍ക്കുന്നത്. അത് ചിത്രത്തിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ കാഴ്ചക്കാരെല്ലാം അടക്കിപ്പിടിച്ച ചിരിയുമായി കണ്ടുനിന്നു. പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് പി വി കൃഷ്ണന്റെ തിരഞ്ഞെടുത്ത കാര്‍ട്ടൂണുകളുടെ പ്രദര്‍ശനത്തിലാണ് ഉമ്മന്‍ചാണ്ടിയും വിഎസും പിണറായിയും കഥാപാത്രങ്ങളായത്.

സമകാലിക രാഷ്ട്രീയത്തെ കണക്കിനു പരിഹസിക്കുന്ന ഒരുപിടി കാര്‍ട്ടൂണുകളുടെ പ്രദര്‍ശനമാണ് വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ നടന്നുവരുന്ന പ്രദര്‍ശനത്തില്‍ ഒരുക്കിയിരിക്കുന്നത്. പരിസ്ഥിതി, രാഷ്ട്രീയം, മദ്യനയം എന്നീ മൂന്നു വിഷയങ്ങള്‍ കോര്‍ത്തിണക്കിയാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്.മാലിന്യപ്രശ്‌നം മുതല്‍ സംസ്ഥാനം നിലവില്‍ നേരിടുന്ന വിഷയങ്ങള്‍ ഉള്‍പ്പെടുന്ന കാര്‍ട്ടൂണുകളാണ് പ്രദര്‍ശനത്തിനുള്ളത്. മാലിന്യം നിറഞ്ഞ നാട്ടിലേക്ക് ടൂറിസ്റ്റുകളുടെ വരവ് കുറഞ്ഞെന്നു കാണിക്കുന്ന കാര്‍ട്ടൂണ്‍, സംസ്ഥാനം നേരിടുന്ന വെല്ലുവിളിയെ സര്‍ക്കാര്‍ അവഗണിക്കുന്ന ചിത്രം വരച്ചുകാട്ടുന്നു.

ഭാരതപ്പുഴയിലും പ്ലാച്ചിമടയിലും തേടിനടന്നിട്ടും കുടിവെള്ളം കിട്ടാതെ സമീപത്തെ വീട്ടില്‍ ഒഴിച്ചുവച്ച മദ്യക്കുപ്പിയില്‍ നിന്ന് കുടിച്ച് മരിക്കുന്ന തവളകളുടെ ചിത്രം ചിരിയോടൊപ്പം പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചു ചിന്തിക്കേണ്ട ആവശ്യകതയും എടുത്തുകാട്ടുന്നു. രാഷ്ട്രീയം വിഷയമാക്കിയ കാര്‍ട്ടൂണുകളാണ് സന്ദര്‍ശകരെ ഏറെ ചിരിപ്പിക്കുന്നത്. ഗൗരിയമ്മയുടെ ഇടതുപക്ഷത്തേക്കുള്ള പുനപ്രവേശനവും മികച്ച നടനുള്ള ഓസ്‌കര്‍ അവാര്‍ഡ് വിഎസ് ഏറ്റുവാങ്ങുന്ന കാര്‍ട്ടൂണും ചിരിപടര്‍ത്തുന്നു.

സ്വച്ഛ്ഭാരത സന്ദേശത്തിനും ചേരിരഹിത നഗരത്തിനും വിമര്‍ശനവുമായി കേന്ദ്രസര്‍ക്കാരിനും പരിഹാസമുണ്ട്. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഭാഗ്യചിഹ്നമായ ഷേരയുടെ രൂപത്തില്‍ വരച്ച മന്‍മോഹന്‍ സിങിന്റെ പടം ആരെയും ചിരിപ്പിക്കും. ഷേരയുടെ വാലുമുറിച്ചിട്ടിരിക്കുന്ന ചിത്രം കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയില്‍ മന്‍മോഹന്റെ വാലുമുറിഞ്ഞതായാണ് പരിഹസിക്കുന്നത്. ഗാന്ധിജിയെ മാതൃകയാക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇപ്പോള്‍ സോണിയാഗാന്ധിയെ മാതൃകയാക്കുന്നു എന്ന പ്രതീതി ഉണര്‍ത്തി പ്രവര്‍ത്തകരെ കണക്കിനു പരിഹസിക്കുന്നു. വടിയും കുത്തിനില്‍ക്കുന്ന ഗാന്ധിജിയുടെ ചിത്രത്തില്‍ സോണിയയുടെ മുഖം വരച്ചുചേര്‍ത്താണ് ചിരിയുയര്‍ത്തുന്നത്.

kartoon2മദ്യക്കുപ്പിയും ബജറ്റ് പെട്ടിയും ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന കെ എം മാണിയുടെ ചിത്രത്തിനു താഴെ ഉന്നതമൂല്യങ്ങള്‍ ഉയര്‍ത്തി ഞാനിതാ രാജിവയ്ക്കുന്നു എന്ന തലക്കെട്ട് ആരെയും ചിരിപ്പിക്കും. ഇത്തരത്തില്‍ ചിരിയും ചിന്തയും ചാലിച്ച നിരവധി കാര്‍ട്ടൂണുകളാണ് പി വി കൃഷ്ണന്‍ പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുള്ളത്.
കുങ്കുമം വാരികയില്‍ സാക്ഷി എന്ന തലക്കെട്ടില്‍ വരച്ച കാര്‍ട്ടൂണുകളാണ് തന്നെ പ്രശസ്തനാക്കിയതെന്നു പറയുന്നു കൃഷ്ണന്‍ മാസ്റ്റര്‍. തന്റെ കാര്‍ട്ടൂണ്‍ പരമ്പരയ്ക്ക് സാക്ഷിയെന്നു പേരിട്ടത് എന്‍ വി കൃഷ്ണവാരിയര്‍ ആണെന്നു പറഞ്ഞ് അദ്ദേഹവുമായുള്ള അനുഭവവും പി വി കൃഷ്ണന്‍ പങ്കുവയ്ക്കുന്നു. തേജസ് ഉള്‍പ്പെടെ നിരവധി പത്രങ്ങളിലും വാരികകളിലും അദ്ദേഹത്തിന്റെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡിസംബര്‍ 28ന് ആരംഭിച്ച പ്രദര്‍ശനം ജനുവരി മൂന്നിന് അവസാനിച്ചു. കവയിത്രി സുഗതകുമാരി, കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍, ലളിതകലാ അക്കാദമി ചെയര്‍മാന്‍ കാട്ടൂര്‍ നാരായണപിള്ള എന്നിവര്‍ ചിത്രം വരച്ചുകൊണ്ടാണ് പ്രദര്‍ശനത്തിന് തുടക്കമിട്ടത്.



Next Story

RELATED STORIES

Share it