Idukki local

ചിന്നാര്‍ വനംവകുപ്പ് ചെക്‌പോസ്റ്റില്‍ അനധികൃതമായി പണം പിരിക്കുന്നു

ഇടുക്കി: ചിന്നാറിലെ വനം- വന്യജീവി വകുപ്പിന്റെ ചെക്‌പോസ്റ്റില്‍ അനധികൃത പണം പിരിവ് വ്യാപകം. ആനമല ടൈഗര്‍ റിസര്‍വിനും ചിന്നാര്‍ വന്യജീവി സങ്കേതത്തിനും ഇടയില്‍ സ്ഥാപിച്ചിട്ടുള്ള ചിന്നാര്‍ വൈല്‍ഡ് ലൈഫ് സാങ്ച്വറിയുടെ ചെക്ക്‌പോസ്റ്റിലാണ് ടൂറിസ്റ്റുകളുമായി എത്തുന്ന ടാക്‌സി വാഹനങ്ങളില്‍ നിന്നും ചരക്ക് വാഹങ്ങളില്‍ നിന്നും ലക്ഷകണക്കിന് രൂപ കൊയ്യുന്നത്.
ആര്‍ടി ഓഫിസുകള്‍ക്ക് മാത്രമാണ് ഇത്തരത്തില്‍ പണം പിരിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നും മറയൂര്‍ ഭാഗങ്ങളിലേക്ക് കടക്കുന്ന വിനോദ സഞ്ചാരികളുടേത് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് 100 രൂപ വീതമാണ് വാങ്ങുന്നത്. തിരിച്ച് തമിഴ്‌നാട്ടിലേക്ക് പോകുന്ന വാഹനങ്ങള്‍ക്കും ഇതേതരത്തില്‍ പണം ഈടാക്കുന്നുണ്ട്.
ഇതിനു പുറമേ പെര്‍മിറ്റും രേഖകളും പരിശോധിച്ച് വിനോദ സഞ്ചാരികളെ ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നുണ്ട്. ഉദുമലപേട്ട- മൂന്നാര്‍ അന്തര്‍ സംസ്ഥാനപാതയില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ചെക്ക്‌പോസ്റ്റ് ഇല്ലാത്തതിനാല്‍ ഗോവിന്ദപുരത്തുനിന്നും പെര്‍മിറ്റെടുത്താണ് യാത്രക്കാര്‍ ചിന്നാറിലെത്തുന്നത്. രാത്രികാലങ്ങളില്‍ കൊടുംകാടിന് നടുവിലകപ്പെട്ടുപോകുന്ന അവസ്ഥയിലാകുന്ന അയല്‍ സംസ്ഥാനക്കാര്‍ ഭയന്ന് കൈക്കൂലി നല്‍കി രക്ഷപ്പെടുകയാണ് ചെയ്യുന്നത്. വനം വകുപ്പ് പണം പിരിക്കുന്നതിന് പകരമായി യാതൊരു രേഖകളും നല്‍കാറില്ല എന്നതാണ് വസ്തുത. എല്ലാ പണപ്പിരിവുകള്‍ക്കും സര്‍ക്കാര്‍ രസീത് നിര്‍ബന്ധമാക്കിയ കാലത്താണ് ഇത്തരത്തില്‍ യാത്രക്കാരെ കൊള്ളയടിക്കുന്നത്.
ചെക്ക്ഡ് ആന്റ് റിലീസ് എന്ന കേരള സര്‍ക്കാര്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സീല്‍ പെര്‍മിറ്റിന് പിന്നില്‍ പതിച്ചു നല്‍കിയാണ് കൈക്കൂലി നിയമവിധേയമാണെന്ന തോന്നല്‍ സഞ്ചാരികളില്‍ ഉണ്ടാക്കുന്നത്. വനം വകുപ്പിന് ഇത്തരത്തില്‍ പണം പിരിക്കാന്‍ അനുമതി ഇല്ല എന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കുന്ന വിശദീകരണം. ജില്ലയില്‍ കുമളിയില്‍ മാത്രമാണ് വാഹനങ്ങളില്‍ നിന്നും പണം പിരിവ് നടത്തുന്നതിന് ആര്‍ടി ഓഫിസുള്ളതെന്നും മറ്റൊരുടിത്തും ഇത്തരത്തില്‍ പണം പിരിക്കുന്നതിന് അനുവാദമില്ലെന്നുമാണ് ജില്ലയിലെ ആര്‍ടി ഓഫിസില്‍ നിന്നും ലഭിക്കുന്ന വിവരം. വാഹനങ്ങള്‍ പരിശോധിക്കാന്‍ അധികാരം വനം വകുപ്പിന് ഉണ്ടെങ്കിലും രേഖകളും പെര്‍മിറ്റും പരിശോധിക്കാന്‍ ഇവരെ നിയമം അനുവദിക്കുന്നില്ല. പണപ്പിരിവ് തടയാന്‍ അടിയന്തിരമായി നടപടി വേണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്.
Next Story

RELATED STORIES

Share it