ചിന്നമ്മയുടെ ശസ്ത്രക്രിയ കൃത്യസമയത്ത് നടത്താന്‍ ഇടുക്കിയിലും 'ട്രാഫിക് 'മോഡല്‍

തൊടുപുഴ: മലയിടിച്ചിലില്‍ ഗുരുതരമായി പരിക്കേറ്റ ചിന്നമ്മയുടെ കാലില്‍ ശസ്ത്രക്രിയ നടത്താന്‍ ഇടുക്കിയിലും ട്രാഫിക് സിനിമാ മോഡലില്‍ ഗതാഗത സംവിധാനമൊരുക്കി. ഇതോടെ ആംബുലന്‍സിന് നാല് മണിക്കൂറിനുള്ളില്‍ കട്ടപ്പനയില്‍ നിന്ന് എറണാകുളത്തെത്താനായി. വാഴവര കൗന്തിക്ക് സമീപം മണ്ണിടിച്ചിലില്‍ കൂറ്റന്‍ പാറ വീണ് വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന ഗുരുതരമായി പരിക്കേറ്റ അഞ്ചുരുളി കിഴക്കേ പറമ്പില്‍ ചിന്നമ്മയുടെ ചികില്‍സാര്‍ഥമാണ് ആംബുലന്‍സിനു കടന്നുപോവാനുള്ള സൗകര്യമൊരുക്കി പൈലറ്റ് വാഹനം നല്‍കിയത്. കടന്നുവന്ന എല്ലാ സ്‌റ്റേഷന്‍ പരിധിയിലും പോലിസ് റോഡിലെ തടസ്സങ്ങള്‍ നീക്കി.
ചിന്നമ്മയുടെ കാല്‍ എട്ടു മണിക്കൂറിനുള്ളില്‍ മൈക്രോവാസ്‌കുലര്‍ ശസ്ത്രക്രിയ നടത്തിയാല്‍ മാത്രമെ പൂര്‍വാവസ്ഥയിലെത്തുകയുള്ളൂവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതിനായി എറണാകുളം സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ എത്തിക്കണമായിരുന്നു. ഈ വിവരം ജനപ്രതിനിധികള്‍ ജില്ലാ കലക്ടര്‍ എ കൗശിഗനുമായി പങ്കുവച്ചു. കലക്ടര്‍ ഇടുക്കി ജില്ലാ പോലിസ് മേധാവി കെ വി ജോസഫിനെ വിവരം അറിയിച്ചു. ഉടന്‍ തന്നെ ജില്ലാ പോലിസ് മേധാവി കടന്നുപോവുന്ന റൂട്ടുകളില്‍ പ്രിന്‍സിപ്പല്‍ എസ്‌ഐമാരുടെ നേതൃത്വത്തില്‍ റോഡുകളിലെ തടസ്സം നീക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കി.
കട്ടപ്പന, ഇടുക്കി, കാഞ്ഞാര്‍, തൊടുപുഴ, മൂവാറ്റുപുഴ എസ്‌ഐമാര്‍ ആംബുലന്‍സിനു കടന്നുപോവാനുള്ള സൗകര്യമൊരുക്കി. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കട്ടപ്പനയില്‍ നിന്ന് ആംബുലന്‍സ് പുറപ്പെട്ടത്. വൈകീട്ട് 5.30ന് എറണാകുളത്തെ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ ചിന്നമ്മയെ എത്തിച്ചു. ഇടുക്കി ജില്ലാ കലക്ടര്‍ ഏറണാകുളം ജില്ലാ കലക്ടറുമായും ജില്ലാ പോലിസ് മേധാവിയുമായും ബന്ധപ്പെട്ടാണ് എറണാകുളത്ത് ആവശ്യമായ സൗകര്യമൊരുക്കിയത്. ഇന്നലെ രാവിലെയുണ്ടായ മണ്ണിടിച്ചിലില്‍ കൂറ്റന്‍ പാറ വീണ് വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന ചിന്നമ്മയുടെ മകന്‍ ജോബി ജോണ്‍(33) മരിച്ചിരുന്നു.
Next Story

RELATED STORIES

Share it