Articles

ചിന്താശീലം ആരോഗ്യത്തിന് ഹാനികരം

ചിന്താശീലം ആരോഗ്യത്തിന് ഹാനികരം
X
slug-avkshngl-nishdnglബി എസ് ബാബുരാജ്

രണ്ടാഴ്ച മുമ്പാണ് പുല്ലൂറ്റ് കുഞ്ഞുക്കുട്ടന്‍ തമ്പുരാന്‍ കോളജിലെ അധ്യാപകനെ കാണുന്നത്. കോളജിനു മുന്നിലെ വിശാലമായ മൈതാനത്തിനു മുന്നിലാണ് അദ്ദേഹത്തിന്റെ നില്‍പ്പ്. ഒരു മൂളലോടെ യന്ത്രക്കൈകള്‍ നീട്ടി മൈതാനത്തിനടുത്ത മുളങ്കാട് മറിച്ചിടാനായുന്ന എക്‌സ്‌കവേറ്ററിന്റെ ശക്തിയില്‍ കണ്ണുമിഴിച്ചുനില്‍ക്കുകയാണ് മാഷും കുട്ടികളും. ഗ്രൗണ്ടിനും ഓഫിസിനുമിടയില്‍ രണ്ടു മുളങ്കാടുകളാണുള്ളത്. അവയ്ക്കിടയില്‍ വലിയൊരു കുളം. കോളജിനോടും മൈതാനത്തിനോടും ചേര്‍ന്ന നിരത്തില്‍ മരങ്ങള്‍. മരങ്ങളുടെ ചില്ലകള്‍ ഇതിനകം വെട്ടിവീഴ്ത്തിക്കഴിഞ്ഞു. മൈതാനത്തിന് മധ്യത്തിലായി മൂന്നു ടാറിട്ട വൃത്തങ്ങള്‍. ടാറില്‍ വെള്ള ചിഹ്നങ്ങള്‍ വരച്ചുചേര്‍ക്കുന്ന തൊഴിലാളികളും വ്യോമസേനാ ഉദ്യോഗസ്ഥരും. മുസിരിസ് പൈതൃകപദ്ധതി ഉദ്ഘാടനം ചെയ്യാനെത്തുന്ന ഇന്ത്യന്‍ പ്രസിഡന്റിനുള്ള ഹെലിപാഡിന്റെ നിര്‍മാണം നടക്കുകയാണ്.
കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ പ്രതിമയും അനാച്ഛാദനം ചെയ്യുന്നുണ്ട്. ഹെലികോപ്റ്റര്‍ ഇറങ്ങുന്നതിന് തടസ്സമില്ലാതാക്കാനാണ് മരം മുറിക്കുന്നത്. ഇതിനിടയില്‍ മൈതാനത്തിനടുത്തുള്ള മുളങ്കാട് ഒരു വലിയ ശബ്ദത്തോടെ ചരിഞ്ഞുവീണു. മാഷും കുട്ടികളും പരസ്പരം നോക്കി. പ്രസിഡന്റ് കോളജിലെ ഇക്കോ പാര്‍ക്ക് പദ്ധതി തകര്‍ത്തുവെന്ന് അടക്കം പറഞ്ഞ് മാഷ് തിരിച്ചുനടന്നു. ഇത്രത്തോളം കുഴപ്പമൊന്നുമില്ലായിരുന്നു.
പ്രശ്‌നം ആരംഭിക്കുന്നത് കോളജ് ഓഫിസിനു മുന്നിലെ മുളങ്കാട് മറിച്ചിടാന്‍ എക്‌സ്‌കവേറ്റര്‍ എത്തിയതോടെയാണ്. മുളങ്കാട് വെട്ടിവീഴ്ത്തുന്നതിനെ കുട്ടികള്‍ ചോദ്യംചെയ്തു. കൊമ്പു മുറിച്ചാല്‍ മതിയല്ലോ എന്നായിരുന്നു ചോദ്യം. അധ്യാപകരും കുട്ടികളോടൊപ്പം പ്രതിഷേധിച്ചു.
ബഹളം ശക്തമായതോടെ വ്യോമസേനക്കാര്‍ പോലിസിനെ വിളിച്ചു. അതോടെ തര്‍ക്കം പോലിസുകാരുമായിട്ടായി. അതിന്റെ മൂര്‍ധന്യത്തില്‍ സിഐ ജീപ്പില്‍ നിന്ന് ചാടിയിറങ്ങി. കുട്ടികളും അധ്യാപകരും കൃത്യനിര്‍വഹണത്തെ തടസ്സപ്പെടുത്തുകയാണെന്ന് ആക്രോശിച്ചു. കോളജിനെക്കാള്‍ ഉയരം കുറഞ്ഞ മുളങ്കാട് ഹെലികോപ്റ്ററിന് എന്തു തടസ്സമാണ് ഉണ്ടാക്കുകയെന്ന് പ്രിന്‍സിപ്പല്‍ സൗമ്യമായി ചോദിച്ചെങ്കിലും സിഐ അടങ്ങിയില്ല.
പിന്നെ നടന്നതാണ് സംഭവത്തിലെ ഹൈലൈറ്റ്: മുളങ്കാട് വെട്ടുന്നതിന് തടസ്സം നില്‍ക്കുന്നവര്‍ക്കെതിരേ രാജ്യദ്രോഹത്തിന് കേസെടുക്കുമെന്ന് സിഐ ഭീഷണി മുഴക്കി. ജാമ്യമില്ലാതെ 60 ദിവസം കിടത്തും. ഭീഷണി ഫലിച്ചു. രാജ്യദ്രോഹികളുടെ തടസ്സമില്ലാതെ, മറിഞ്ഞുവീണ മരങ്ങള്‍ക്കും മുളങ്കാടുകള്‍ക്കും മീതെ പിറ്റേന്ന് പ്രസിഡന്റിന്റെ ഹെലികോപ്റ്റര്‍ വലിയ ശബ്ദത്തോടെ ഇറങ്ങി. കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ വെങ്കലപ്രതിമയും അനാച്ഛാദനം ചെയ്യപ്പെട്ടു.
അടുത്തത് കോഴിക്കോട് ലോ കോളജില്‍നിന്നാണ്. ബാസില എന്ന വിദ്യാര്‍ഥിനിയും കൂട്ടുകാരികളും വനിതാദിനത്തില്‍ വിതരണം ചെയ്ത ഒരു കുറിപ്പാണ് വില്ലനായത്. അടിച്ചമര്‍ത്തപ്പെടുന്ന ജനതയോടും സ്ത്രീകളോടും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതായിരുന്നു കുറിപ്പ്. ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സോണി സോറി, പയ്യന്നൂരിലെ ചിത്രലേഖ, കശ്മീരിലെ അര്‍ധവിധവകള്‍, മണിപ്പൂരിലെ ഇറോം ശര്‍മിള എന്നിവരുടെ അനുഭവങ്ങള്‍ ഓര്‍മപ്പെടുത്തുന്ന ഒന്ന്.
ഇതു ശ്രദ്ധയില്‍പ്പെട്ട പ്രിന്‍സിപ്പല്‍ പെണ്‍കുട്ടിയെ വിളിപ്പിച്ചു. കുറിപ്പ് രാജ്യദ്രോഹപരമാണെന്നും പോലിസില്‍ അറിയിക്കുമെന്നും ഭീഷണി മുഴക്കി. പ്രശ്‌നം ഗുരുതരമാവുന്നെന്നു തോന്നിയതുകൊണ്ടാവാം പിന്നീട് നിലപാട് തിരുത്തി. വിവരം രഹസ്യാന്വേഷണവിഭാഗത്തിനു കൈമാറുമെന്നാണ് ഇപ്പോള്‍ പറയുന്നത്.
രാജ്യദ്രോഹം എന്ന സങ്കല്‍പം നമ്മുടെ ചിന്താരീതികളെ എത്രമാത്രം ഗുരുതരമായി ബാധിച്ചിരിക്കുന്നുവെന്ന് ഈ രണ്ട് അനുഭവങ്ങളും തെളിയിക്കുന്നു. സെക്യൂരിറ്റി സ്റ്റേറ്റിന്റെ രൂപഘടനയിലേക്ക് രാജ്യം മാറുകയാണ്. ഒപ്പം കാംപസുകളും. ഒരുഭാഗത്ത് ഒരു ജനാധിപത്യ ഇടം എന്ന നിലയിലുള്ള കാംപസുകളുടെ നിലനില്‍പ്പ് ചോദ്യംചെയ്യപ്പെടുന്നു. മറുഭാഗത്ത് അധ്യാപകര്‍ തന്നെ ഭരണകൂടത്തിന്റെ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നു. അധ്യാപനവും പോലിസിങും പരസ്പരം ഒന്നുചേരുകയാണ്. ഈ മനോഘടന അധ്യാപകര്‍ക്കു മാത്രമല്ല, കുട്ടികളിലും വേരുറച്ചിട്ടുണ്ടെന്നു വേണം കരുതാന്‍. കുട്ടികള്‍ ഇപ്പോള്‍ വെറും കുട്ടികളല്ലല്ലോ, കുട്ടിപ്പോലിസുകാരാണല്ലോ.
Next Story

RELATED STORIES

Share it