palakkad local

ചിനക്കത്തൂര്‍ പൂരത്തിന്  26ന് കൊടിയേറും; വള്ളുവനാടിന് ഇനി ഉല്‍സവ ലഹരി

ഒറ്റപ്പാലം: വള്ളുവനാട് ഇനി ഉല്‍സവലഹരിയില്‍. ചരിത്രപ്രസിദ്ധമായ ചിനക്കത്തൂര്‍ ഭഗവതീ ക്ഷേത്രത്തിലെ 1191-ാം ആണ്ടിലെ പൂരം മഹോല്‍സവത്തിന് നാന്ദികുറിക്കുന്ന കൂത്ത് 26ന് രാത്രി 10.30ന് കൂത്തുമാടത്ത് കൊടികയറും.
ആദ്യദിവസത്തെ കൂത്ത് ദേവസ്വം വകയും തുടര്‍ന്ന് ഏഴ് ദിവസം ഏഴ് ദേശങ്ങള്‍ നടത്തിവരുന്ന കൂത്തുമാണ്.
ബാക്കി ഒമ്പത് ദിവസങ്ങളില്‍ വഴിപാടുകൂത്തും നടക്കും. ഫെബ്രുവരി 11ന് കൊടിയേറ്റം നടക്കും. 12 മുതല്‍ പറയെടുപ്പ് ആരംഭിക്കും.
20ന് താലപ്പൊലിയും 21ന് കുമ്മാട്ടിയും 22ന് പൂരവും പൂര്‍വാധികം ഭംഗിയായി നടത്തുവാന്‍ തീരുമാനിച്ചതായി ദേവസ്വം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ദേവസ്വം കൂത്തിനോടനുബന്ധമായി രാവിലെ 9.30ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പനാവൂര്‍ അനിയന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ പൂമൂടല്‍ ചടങ്ങ് നടക്കും.
വൈകീട്ട് 6.30ന് കലാമണ്ഡലം സംഗീത അവതരിപ്പിക്കുന്ന നങ്ങ്യാര്‍കൂത്ത്, വൈകീട്ട് 5.30 മുതല്‍ സര്‍വൈശ്വര്യ പൂജ, നിറമാല, ചുറ്റുവിളക്ക് എന്നിവയും രാത്രി 8.30ന് പഞ്ച തായമ്പകയും ഉണ്ടായിരിക്കും.
ട്രസ്റ്റി ചെയര്‍മാന്‍ ഇ എം സി നമ്പൂതിരിപ്പാട്, ട്രസ്റ്റ് അംഗം തെക്കിനെടത്ത് കൃഷ്ണന്‍ നമ്പൂതിരി, എക്‌സി. ഓഫീസര്‍ കെ കെ രഘുനാഥ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it