ചിദംബരവും സിബലും രാജ്യസഭയിലേക്ക്

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പി ചിദംബരം, കബില്‍ സിബല്‍, ജയ്‌റാം രമേശ് എന്നിവര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാവും. ചിദംബരം മഹാരാഷ്ട്രയില്‍ നിന്നും കബില്‍സിബല്‍ ഉത്തര്‍പ്രദേശില്‍ നിന്നും ജയ്‌റാം രമേശ് കര്‍ണാടകയില്‍ നിന്നുമായിരിക്കും മല്‍സരിക്കുക. ഓസ്‌കര്‍ ഫെര്‍ണാണ്ടസ് കര്‍ണാടകയില്‍ നിന്നും അംബിക സോണി പഞ്ചാബില്‍ നിന്നും ഛായ വര്‍മ ഛത്തീസ്ഗഡില്‍ നിന്നും വിവേക് താന്‍ഖ മധ്യപ്രദേശില്‍ നിന്നും പ്രദീപ് തംത ഉത്തരാഖണ്ഡില്‍ നിന്നും രാജ്യസഭയിലേക്കു മല്‍സരിക്കും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ് ഈ തീരുമാനമെടുത്തത്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചിദംബരം മല്‍സരിച്ചിരുന്നില്ല. തമിഴ്‌നാട്ടിലെ ശിവഗംഗ മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ മകന്‍ കാര്‍ത്തി മല്‍സരിച്ച് തോല്‍ക്കുകയും ചെയ്തിരുന്നു. കര്‍ണാടകയില്‍ ഒരു സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്ന കാര്യം പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്റെയും പരിഗണനയ്ക്ക് വിട്ടു. ചിദംബരം, സിബല്‍, രമേശ് എന്നിവരുടെ സാന്നിധ്യം രാജ്യസഭയില്‍ കോണ്‍ഗ്രസ്സിനു കരുത്തുപകരും. മഹാരാഷ്ട്രയില്‍ നിന്ന് രാജ്യസഭയില്‍ ഒഴിവുവന്ന ഏക സീറ്റിന് മുന്‍ കേന്ദ്രമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ, മുന്‍ പാര്‍ട്ടി എംപി ബാലചന്ദ്ര മംഗേകര്‍ എന്നിവരടക്കമുള്ള നേതാക്കള്‍ ചരടുവലി നടത്തിയിരുന്നു. അവിനാശ് പാണ്ഡെ വിരമിക്കുന്നതിനാലാണ് സഭയില്‍ ഒഴിവു വരുന്നത്. പഞ്ചാബില്‍ അടുത്തവര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പു കണക്കിലെടുത്താണ് അംബികാ സോണിയെ വീണ്ടും സ്ഥാനാര്‍ഥിയാക്കിയത്. പഞ്ചാബില്‍ പാര്‍ട്ടിയുടെ പ്രചാരണസമിതി അധ്യക്ഷയാണ് സോണി. ഫെര്‍ണാണ്ടസ് യംഗ് ഇന്ത്യന്‍ പ്രൈവറ്റ് ലിമിറ്റഡ് ബോര്‍ഡ് അംഗമാണ്.
Next Story

RELATED STORIES

Share it