ചിദംബരത്തിന്റെ മകന് ശതകോടികളുടെ ബിനാമി വ്യവസായം

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ മകന്റെ ബിനാമി ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍ പുറത്ത്. ബിനാമി പേരില്‍ വിവിധ രാജ്യങ്ങളില്‍ കോടികളുടെ വ്യവസായ സാമ്രാജ്യമാണു ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി കെട്ടിപ്പടുത്തതെന്നു ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്യുന്നു. അഡ്വാന്റേജ് സ്ട്രാറ്റജിക് കണ്‍സള്‍ട്ടിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി വഴി ലോകവ്യാപകമായി കോടികളുടെ നിക്ഷേപമാണ് ചിദംബരവും മകനും നടത്തിയിട്ടുള്ളത്. സുഹൃത്തുക്കളെ ബിനാമിയാക്കിയാണു കമ്പനി മുന്നോട്ടുപോവുന്നത്. കാര്‍ത്തി ചിദംബരത്തിന്റെ ഇന്ത്യയിലെ സ്ഥാപനമായ ഓസ്ബ്രിഡ്ജിന്റെ മറവിലാണ് ഇടപാടുകള്‍. ചിദംബരം മന്ത്രിപദവിയിലിരിക്കെ അഴിമതിയിലൂടെ നേടിയ പണമാണ് ഇത്തരത്തില്‍ നിക്ഷേപിച്ചിട്ടുള്ളത്.
ഭൂരിപക്ഷം ആസ്തികളും സുഹൃത്തുക്കളുടെയും വിശ്വസ്തരുടെയും പേരിലാണ്. രേഖകള്‍ ഒഴിവാക്കി വിശ്വാസത്തിനു പുറത്താണ് കൈമാറ്റങ്ങളിലധികവും നടന്നിട്ടുള്ളതെന്നും റിപോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ഇത്രയും കോടി സ്വത്ത് മറ്റൊരാളുടെ പേരില്‍ വാങ്ങിക്കൂട്ടിയതിനു ശേഷം ചതിക്കപ്പെടുമോയെന്ന ഭയത്താല്‍ കാര്‍ത്തി സ്വത്ത് സംബന്ധിച്ചുണ്ടാക്കിയ രഹസ്യ രേഖകളാണു ബിനാമി ഇടപാടുകള്‍ പുറത്തുവരാനിടയാക്കിയത്. അഡ്വാന്റേജ് കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും കൈവശമുള്ള ബിനാമിയെക്കൊണ്ട് മരണപത്രം ഉണ്ടാക്കിയിട്ടുണ്ട്. ബിനാമിയായ എസ് ഭാസ്‌കരന്‍ ഇതനുസരിച്ച് മരണശേഷം തന്റെ സ്വത്തുക്കളെല്ലാം കാര്‍ത്തിയുടെ മകളായ അതിഥി നളിനി ചിദംബരത്തിനാണെന്ന് സാക്ഷ്യപ്പെടുത്തി. ഈ മരണപത്രമാണ് ഇപ്പോള്‍ ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്തുവിട്ടത്. ഡിസംബറില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ആദായനികുതി വിഭാഗവും കാര്‍ത്തിയുടെ സ്ഥാപനങ്ങളിലും മറ്റും റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍, ഇരുവരും ആരോപണം നിഷേധിക്കുകയായിരുന്നു. അഡ്വാന്റേജ് ഉള്‍പ്പെടെയുള്ള കമ്പനികളുമായി ബന്ധമില്ലെന്നായിരുന്നു വാദം. വാസന്‍ ഐ കെയറാണ് രാജ്യത്തെ അഡ്വാന്റേജ് ഇന്ത്യയുടെ പ്രധാന സ്വത്തുകളിലൊന്ന്. ഇതിന്റെ 1.5 ലക്ഷം ഇക്വിറ്റി ഓഹരികളില്‍ 90,000ഉം അഡ്വാന്റേജ് ഇന്ത്യയുടെ പേരിലാണ്. അഡ്വാന്റേജ് സിംഗപ്പൂര്‍ എന്ന പേരിലാണ് ആഗോളതലത്തില്‍ കമ്പനി വളര്‍ന്നത്.
ലണ്ടന്‍, ദുബയ്, ദക്ഷിണാഫ്രിക്ക, ഫിലിപ്പീന്‍സ്, തായ്‌ലന്‍ഡ്, മലേസ്യ, ശ്രീലങ്ക, ബ്രിട്ടിഷ് വിര്‍ജിന്‍ ഐലാന്‍ഡ്, യുഎസ്, സ്വിറ്റ്‌സര്‍ലന്‍ഡ്, ഫ്രാന്‍സ്, ഗ്രീസ്, സ്‌പെയ്ന്‍ എന്നിവിടങ്ങളില്‍ കമ്പനിക്കു ശക്തമായ അടിത്തറയുള്ളതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഇന്‍കംടാക്‌സും നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അഡ്വാന്റേജിന്റെ ഉടമസ്ഥാവകാശം ഒളിപ്പിക്കുന്നതിനായി കാര്‍ത്തിയുടെ സ്വന്തം കമ്പനിയായ ഓസ്ബ്രിഡ്ജ് 40 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയിരുന്നു. പിന്നീട് ഓസ്ബ്രിഡ്ജിലെ തന്റെ ഉടമസ്ഥാവകാശം 2011ല്‍ അയല്‍ക്കാരനായ മോഹനന്‍ രാജേഷിലേക്കു മാറ്റി. ബിനാമി ഇടപാടുകള്‍ വാര്‍ത്തയായതോടെ തന്റെ കുടുംബത്തെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയമായി വേട്ടയാടുന്നുവെന്നു ചിദംബരം ആരോപിച്ചിരുന്നു.
Next Story

RELATED STORIES

Share it