Life Style

ചിത്രവധം

ചിത്രവധം
X
.






chitralekha



നിലനില്‍പ്പിനുവേണ്ടി മാത്രം തന്‍മയത്വത്തിന്റെ ഭാഷ സംസാരിക്കുന്ന ജന്‍മിയുടെ ആത്മസംഘര്‍ഷമാണ് വൈലോപ്പിള്ളിയുടെ കുടിയൊഴിക്കല്‍. കീഴാളനോടുള്ള ആഭിമുഖ്യം പരസ്യമായി പ്രകടമാക്കെതന്നെ സ്വന്തം നില ഭദ്രമാക്കുന്ന കൗശലവിദ്യ ആ കവിത തുറന്നുകാട്ടുന്നു. 'തേവിടിശ്ശി, നീയെന്തിനേ കഞ്ഞി തേവി വെച്ചത്? ചോറെനിക്കില്ലേ?' എന്ന് ഭാര്യയെ പുലയാട്ടു പറയുന്ന തൊഴിലാളിയെ ജന്‍മി ശകാരിക്കുകയാണ്.

'നിന്‍ കുടിയൊഴിഞ്ഞീടണം, ഞങ്ങള്‍ നിന്‍ കുടിയൊഴിപ്പിക്കുമല്ലെങ്കില്‍.' ശകാരത്തിലും നീറുന്ന 'വേദന'യുണ്ട് തമ്പുരാന്! നീ നിന്റെ ഭാര്യയെയാണ് ശകാരിക്കുന്നത്. ശരിതന്നെ പക്ഷേ, അതെത്ര മോശമാണ്. നീ നിന്റെ മദ്യസേവ നിര്‍ത്തൂ. ഭാര്യക്കു നേരെ കല്ലു വലിച്ചെറിയും പോല്‍ തെറിപ്പിക്കുന്ന തെറിവാക്കുകളും നിര്‍ത്തൂ.ഹാ കഷ്ടം! അല്ലെങ്കില്‍ നിന്നെ കുടിയിറക്കേണ്ടിവരും എനിക്ക്. തൊഴിലാളിയോടൊപ്പം നിന്ന് അവനെ കുടിയിറക്കുന്ന നീചതന്ത്രം പയറ്റുകയാണ് ജന്മി. 1948-49ല്‍ കയ്യൂരും കരിവള്ളൂരും മലയാളിയെ പിടിച്ചുലച്ച കാലത്താണ് വൈലോപ്പിള്ളി ഈ കവിത എഴുതുന്നത്. എന്നാല്‍, ഇപ്പോള്‍ ഏകദേശം അറുപത് വര്‍ഷത്തിനു ശേഷവും മലയാളിയുടെ സാമൂഹികമനസ്സാക്ഷിയില്‍ വലിയ വ്യതിയാനങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് പയ്യന്നൂര്‍ എടാട്ട് എരമംഗലത്ത് ചിത്രലേഖ എന്ന ദലിത് സ്ത്രീയുടെ അനുഭവങ്ങള്‍ തെളിയിക്കുന്നു.






ജാതിയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്ന ദലിതന് പുരോഗമന മുഖംമൂടി ധരിച്ച പാര്‍ട്ടി ജന്മിത്തം കരുതിവച്ചത് പഴയ ആയുധങ്ങള്‍ തന്നെ. നാട്ടില്‍ നിന്നും സംസ്‌കാരത്തില്‍നിന്നുമുള്ള കുടിയൊഴിക്കല്‍. പയ്യന്നൂരിലെ ചിത്രലേഖയുടെ പോരാട്ടത്തിന് പത്തു വയസ്സ്




'കുറ്റവാളികളെ' വേദനിപ്പിച്ചു കൊല്ലുന്ന ചില ശിക്ഷാവിധികളുണ്ടായിരുന്നു പ്രാചീനകാലത്ത് നമ്മുടെ നാട്ടില്‍, ചിത്രവധമെന്ന പേരില്‍. പുതിയ കാലത്ത് കേരളത്തിലെ ഏറ്റവും വലിയ ആള്‍ക്കൂട്ടപ്രസ്ഥാനമായ സി.പി.എം. ഇപ്പോള്‍ ഒരു 'ചിത്രവധം' വിജയകരമായി നടത്തിയിരിക്കുന്നു. ഇങ്ങേ തലയ്ക്കല്‍ പണ്ടത്തെപ്പോലെ നിരായുധയായ ആ ദലിതന്‍ തന്നെ. അതും ഒരു പെണ്ണ്. ഫ്യൂഡല്‍ കാലത്തിന്റെ നീക്കിയിരിപ്പായ കുടിയൊഴിക്കല്‍ കേരളത്തിലെ ഏറ്റവും കേഡര്‍സ്വഭാവമുള്ള പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടപ്പാക്കുകയായിരുന്നു.

ജാതിയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ചതിനും ദലിതയായ പെണ്ണൊരുത്തി കുലത്തൊഴില്‍ വിട്ട് ഇഷ്ടമുള്ള തൊഴിലിടം തിരെഞ്ഞെടുത്തതിലുള്ള പ്രതിഷേധം. ഭൂമിയില്‍നിന്നും സംസ്‌കാരത്തില്‍ നിന്നുമൊക്കെ ഇരകളെ കുടിയൊഴിപ്പിക്കുന്ന ആഭിചാരക്രിയ തന്നെയാണ് പത്തു വര്‍ഷത്തിനു ശേഷം ചിത്രലേഖയെയും പിറന്ന വീട്ടില്‍നിന്നും നാട്ടില്‍നിന്നും തന്നെ കുടിയൊഴിപ്പിക്കുന്നത്.

അസാധാരണമൊന്നുമല്ലാത്ത ചെറുപ്പകാലം

ചെറുപ്പത്തിലേ ചിത്രലേഖയുടെ അച്ഛന്‍ മരിച്ചു.പിന്നീട് അമ്മ ഏറെ ബുദ്ധിമുട്ടിയാണ് മകളെ വളര്‍ത്തിയത്. വളര്‍ന്നപ്പോള്‍ ചിത്രലേഖ നഴ്‌സിങ് പഠനത്തിനു ചേര്‍ന്നു. അതിനുശേഷമായിരുന്നു വിവാഹം. ഒരു പ്രണയവിവാഹം. ഭര്‍ത്താവ് ശ്രീഷ്‌കാന്ത് തിയ്യ സമുദായക്കാരനും സി.പി.എം. കുടുംബാംഗവുമാണ്. ശ്രീയുടെ അച്ഛന്‍ വടകര അറക്കിലാട് സി.പി.ഐ.(എം) ലോക്കല്‍സെക്രട്ടറിയായിരുന്നു. വിവാഹത്തിന് ഭര്‍ത്താവിന്റെ വീട്ടില്‍നിന്നു കടുത്ത എതിര്‍പ്പ് നേരിടേണ്ടി വന്നെങ്കിലും എല്ലാം മറികടന്ന് അവര്‍ ഒന്നിച്ചു.

chitralekha with husbend

പിന്നീട് ജീവിതം വഴിമുട്ടിയപ്പോള്‍ പി.എം.ആര്‍.വൈ. സ്‌കീം പ്രകാരം ലോണിന് അപേക്ഷിച്ചു. തവണവ്യവസ്ഥയില്‍ ഒരു ഓട്ടോ വാങ്ങാനായിരുന്നു പരിപാടി. ജനകീയാസൂത്രണം വഴി നേരത്തേ ഡ്രൈവിങ് പഠിച്ചത് സഹായകരമായി. ജാതിവാദികള്‍ തന്നെ ലക്ഷ്യം വച്ചുതുടങ്ങിയത് അന്നു മുതലാണെന്ന് ചിത്രലേഖ പറയുന്നു.
പൊലച്ചിയുടെ ഓട്ടോറിക്ഷ!

2004 ഒക്ടോബറില്‍ ഓട്ടോ വാങ്ങി. ഈ ഓട്ടോ ഞാനും മറ്റൊരു ഓട്ടോ വാടകയ്‌ക്കെടുത്ത് ഭര്‍ത്താവും ഓടിക്കാമെന്നായിരുന്നു ആലോചന. അങ്ങനെ എടാട്ട് സ്റ്റാന്റില്‍ പാര്‍ക്ക് ചെയ്യാന്‍ വേണ്ടി സി.ഐ.ടിയു മെംബര്‍ഷിപ്പിന് അപേക്ഷ കൊടുത്തു. ആ യൂനിയനിലുണ്ടെങ്കിലേ ആ സ്റ്റാന്റില്‍ ഓട്ടോ ഓടിക്കാന്‍ പറ്റൂ എന്ന് പറഞ്ഞിട്ടാണ് നൂറു രൂപ കൊടുത്ത് മെംബര്‍ഷിപ്പെടുത്തത്. എടാട്ട് സ്റ്റാന്റില്‍ ഓട്ടോയുമായി എത്തിയപ്പോഴുള്ള അനുഭവം ഞാന്‍ മരിച്ചാലും മറക്കില്ല.

'ഓ... പൊലച്ചി നന്നായിപ്പോയല്ലോ, ഓട്ടോറിക്ഷയും കൊണ്ടു വന്നല്ലോ, വണ്ടിയോടിക്കാന്‍ പഠിച്ചല്ലോ' എന്നൊക്കെയായിരുന്നു സഹപ്രവര്‍ത്തകരുടെ പ്രതികരണം. പിന്നീടൊരിക്കല്‍ സ്റ്റാന്റില്‍ ഓട്ടോയുമായി എത്തിയ ചിത്രലേഖയെ പവിത്രന്‍, നവീന്‍, അജിത്, രമേശന്‍ എന്നീ ഓട്ടോ ഡ്രൈവര്‍മാരടങ്ങിയ ഒരു സംഘം ഓട്ടോയില്‍നിന്ന് പിടിച്ചിറക്കി മര്‍ദ്ദിച്ചു. 'നിന്നെപ്പോലുള്ള ഒരു പൊലച്ചിയെയും ഈ സ്റ്റാന്റില്‍ ഇനിമേല്‍ വണ്ടിയോടിക്കാന്‍ വിടില്ലെ'ന്ന് ആക്രോശിച്ച് അവര്‍ ചിത്രലേഖയുടെ ശരീരത്തില്‍ വാഹനം കയറ്റാന്‍ പോലും  ശ്രമിച്ചു.2005 ഒക്ടോബര്‍ 11നു സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ ആയുധപൂജ തുടങ്ങിയ രാത്രിയാണ് പ്രശ്‌നം രൂക്ഷമാവുന്നത്. അന്ന് സി.ഐ.ടി.യു. യൂനിയനില്‍പ്പെട്ട ഡ്രൈവര്‍മാര്‍ ഓട്ടോറിക്ഷയുടെ റെക്‌സിന്‍ വലിച്ചുകീറി. അതിനു മുന്‍കൈയെടുത്തയാളെ പാര്‍ട്ടിക്കു ചൂണ്ടിക്കാണിച്ചു കൊടുത്തെങ്കിലും തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്ന മറുപടിയാണ് ലഭിച്ചത്. പോലിസില്‍ പരാതി കൊടുത്തപ്പോള്‍ ദുര്‍നടപ്പുകാരിയെന്നാരോപിച്ച് ഒരു എതിര്‍പരാതി എല്ലാ ഓട്ടോഡ്രൈവര്‍മാരും ചേര്‍ന്ന് പോലിസില്‍ കൊടുത്തു. പിന്നീട് ഓട്ടോ സ്റ്റാന്റിലെത്തിയപ്പോള്‍ യൂനിയന്‍ ഭാരവാഹികളും മറ്റുള്ളവരും ചേര്‍ന്ന് ചിത്രലേഖയെ വണ്ടിയില്‍നിന്ന് വലിച്ചു പുറത്തേക്കിട്ട് മര്‍ദ്ദിക്കുകയായിരുന്നു. വീണ്ടും പോലിസില്‍ പരാതിപ്പെട്ടപ്പോള്‍ മര്‍ദ്ദനത്തിന് നേതൃത്വം കൊടുത്ത രമേശനെ അറസ്റ്റ് ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് സി.പി.എം. പ്രവര്‍ത്തകര്‍ പോലിസ്‌സ്റ്റേഷന്‍ വളഞ്ഞു.
കേസില്‍ ഇയാളെ പിന്നീട് കോടതി ശിക്ഷിച്ചു. ചിത്രലേഖ ഓട്ടോ ഓടിക്കല്‍ നിര്‍ത്തിയ ശേഷവും പാര്‍ട്ടിക്കാര്‍ വെറുതെയിരുന്നില്ല. 2005 ഡിസംബറില്‍ ചിത്രലേഖയുടെ വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ അക്രമികള്‍ അഗ്നിക്കിരയാക്കി. ഇതുപോലെ ചിത്രലേഖയെയും കത്തിക്കുമെന്നായിരുന്നു ഭീഷണി. 2010ല്‍ മെഡിക്കല്‍ ഷോപ്പില്‍ മരുന്നു വാങ്ങാന്‍ ചെന്ന ചിത്രലേഖയെയും ഭാര്‍ത്താവിനെയും ഡ്രൈവര്‍മാര്‍ വളഞ്ഞിട്ടു മര്‍ദ്ദിച്ചു. പോലിസ് കേസെടുത്തത് പക്ഷേ, ചിത്രലേഖയ്ക്കും ഭര്‍ത്താവിനുമെതിരേയായിരുന്നു. മദ്യപിച്ച് വഴക്കുണ്ടാക്കിയെന്നായിരുന്നു കേസ്.

പായനെയ്ത്തിലേക്ക്

ഓട്ടോയുമായി മുന്നോട്ടു പോകാനാവാതെയായപ്പോള്‍ ചിത്രലേഖ പായ നെയ്യാന്‍ തുടങ്ങി. അവിടെയും അവര്‍ക്ക് സമാധാനം കിട്ടിയില്ല. ആരൊക്കെയോ ചേര്‍ന്ന് അവരുടെ വീട്ടിലേക്കുള്ള വഴി കൊട്ടിയടച്ചു. ശ്രീഷ്‌കാന്തിനെയും അനുജത്തിയുടെ ഭര്‍ത്താവിനെയും പലരും ചേര്‍ന്നു മര്‍ദ്ദിച്ചു. വീടിനു നേരെയും ആക്രമണമുണ്ടായി. ഇത്തവണയും പോലിസ് പതിവു തെറ്റിച്ചില്ല. കേസെടുത്തത് ചിത്രലേഖയ്ക്കും ഭര്‍ത്താവിനുമെതിരേ. ശ്രീഷ്‌കാന്ത് 32 ദിവസം റിമാന്റില്‍ കിടന്നു. കുടുംബത്തിന് സര്‍ക്കാര്‍ അനുവദിച്ച ധനസഹായം പോലും തടഞ്ഞുവപ്പിച്ചു. യഥാര്‍ഥത്തില്‍ ഒരു ഊരുവിലക്ക് തന്നെയായിരുന്നു അത്. ചിത്രലേഖ ആണുങ്ങളെപ്പോലെയാണെന്നും ഉറക്കെ സംസാരിക്കുന്നവളും സന്ധ്യാനേരത്തും വാഹനമോടിക്കുന്നവളുമാണെന്നുമാണ് 'ആരോപണം.' ഭര്‍ത്താവ് മദ്യപാനിയാണെന്നും പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്.

ഇത്തരം പ്രചരണങ്ങളിലൂടെ അക്രമത്തിനു പശ്ചാത്തലമൊരുക്കുകയായിരുന്നു പുതിയ കാലത്തെ ജാതിവാദികള്‍. ചിത്രലേഖ കൊടുത്ത കേസുകളിലെ സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതും ദ്രോഹിക്കുന്നതും മുറ പോലെ നടക്കുന്നുണ്ട്.

 ആക്ഷന്‍ കൗണ്‍സിലിനും ഭീഷണി
ഒരു ഭാഗത്ത് ഈ വേട്ടയാടല്‍ തുടര്‍ന്നപ്പോള്‍ മറുഭാഗത്ത് മനുഷ്യസ്‌നേഹികള്‍ ആക്ഷന്‍കൗണ്‍സില്‍ രൂപീകരിച്ചു. സുല്‍ഫത്ത് ടീച്ചറായിരുന്നു കണ്‍വീനര്‍. കമ്മിറ്റിക്കാര്‍ ചേര്‍ന്ന് താല്‍ക്കാലിക പരിഹാരമെന്ന നിലയില്‍ ഒരു ഓട്ടോ വാടകയ്‌ക്കെടുത്തു കൊടുത്തു. ഇത്രയും ആയപ്പോഴേക്കും ആക്ഷന്‍ കൗണ്‍സിലിനെതിരേയും ആക്രമണമുണ്ടായി. പൊതുയോഗം നടക്കുമ്പോള്‍ പാര്‍ട്ടിക്കാര്‍ വന്ന് പരസ്യഭീഷണി മുഴക്കി. സുല്‍ഫത്ത് ടീച്ചറെ അപമാനിക്കുന്ന അശ്ലീലപോസ്റ്ററുകള്‍ നാടുനീളെയൊട്ടിച്ചു. ഒരു ദലിത് സ്ത്രീയെ നിലയ്ക്കു നിര്‍ത്തണമെന്നാവശ്യപ്പെട്ട് സി.പി.എം. നേതാക്കള്‍ നഗരത്തില്‍ മാര്‍ച്ച് നടത്തി. ഇതിനുശേഷമാണ് തന്നെ ജീവിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ചിത്രലേഖ 2014 ഏപ്രിലില്‍ കലക്ടറേറ്റ് പടിക്കല്‍ സമരം തുടങ്ങിയത്. സമരത്തെത്തുടര്‍ന്ന് ചിത്രലേഖയ്‌ക്കെതിരേയുള്ള വധശ്രമക്കേസ് റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്യാമെന്ന് ജില്ലാകലക്ടര്‍ ഉറപ്പുനല്‍കിയെങ്കിലും പോലിസ് വഴങ്ങിയില്ല.

പിറന്നനാട്ടില്‍ അന്തസ്സോടെ ജോലി ചെയ്യാനുള്ള മാനുഷികനീതിക്കായ് പത്തു വര്‍ഷത്തോളം ലോകത്തോട് ഒച്ചവച്ചുകൊണ്ടിരുന്ന ചിത്രലേഖ ഇപ്പോള്‍ ജാതിപ്പോരിനും സാമൂഹിക ബഹിഷ്‌കരണത്തിനുമൊടുവില്‍ സ്വന്തം നാടുപേക്ഷിച്ചു പോകാനൊരുങ്ങുകയാണ്. കണ്ണൂര്‍ ഭരണസിരാകേന്ദ്രത്തിനു മുന്നില്‍ ചില പൗരാവകാശപ്രവര്‍ത്തകരുടെ പിന്തുണയോടെ എണ്‍പത്തിയെട്ട് ദിവസമായി അവര്‍ നീതിക്കുവേണ്ടി സമരംചെയ്യുന്നു. പയ്യന്നൂര്‍ എടാട്ടെ ആറു സെന്റ് ഭൂമിയില്‍ താമസിക്കാനും ഓട്ടോ ഓടിച്ചു ജീവിക്കാനും അവസരം ഒരുക്കണമെന്നാവശ്യപ്പെട്ടുള്ള സമരം ഏറെ നീണ്ടിട്ടും ചര്‍ച്ചയ്ക്കു പോലും അധികൃതര്‍ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് ചിത്രലേഖയ്ക്ക് ജന്മനാട്ടില്‍നിന്ന് മാറിത്താമസിച്ച് തൊഴില്‍ ചെയ്തു ജീവിക്കാനുള്ള സൗകര്യമൊരുക്കാന്‍ പുനരധിവാസ സമിതി രൂപവല്‍ക്കരിച്ചത്. കണ്ണൂര്‍ ടൗണ്‍ പരിസരത്ത് അഞ്ചുസെന്റ് ഭൂമിയും വീടും ഒരുക്കാനാണ് തീരുമാനം. 10 ലക്ഷം രൂപ ചെലവ് വരുന്ന പദ്ധതിക്ക് പണം കണ്ടത്തെുന്നത് പൊതുജനങ്ങളില്‍ നിന്നാണ്.              ി


222
Next Story

RELATED STORIES

Share it