Middlepiece

ചിത്രലേഖയുടെ സമരം ഒരു ഓര്‍മപ്പെടുത്തല്‍

ഡോ. ജെ  ദേവിക

ചിത്രലേഖ എന്ന ദലിത് വനിതാ ഓട്ടോറിക്ഷാ തൊഴിലാളി സമരം തുടങ്ങിയത് സമീപകാലത്തല്ല. അവരുടെ സമരത്തെക്കുറിച്ച ചര്‍ച്ച പൊതുമണ്ഡലത്തിന്റെ പല ഭാഗത്തായി നടക്കുന്നുമുണ്ട്. എങ്കിലും കേരളീയ സവര്‍ണ മധ്യവര്‍ഗ പ്രതിനിധികള്‍ക്കിടയില്‍ വാര്‍പ്പുമാതൃകകള്‍ക്കും തികഞ്ഞ അജ്ഞതയ്ക്കും തെല്ലും കുറവുണ്ടായിട്ടില്ല. അതുകൊണ്ട് ഈ സമരത്തിന് കേരളത്തില്‍ എന്തു പ്രസക്തിയാണുള്ളതെന്നു വീണ്ടും പറഞ്ഞുപോവുന്നു. ഒന്നാമതായി, കേരളത്തില്‍ നവവരേണ്യര്‍ സൃഷ്ടിച്ച പാര്‍പ്പിടപ്രശ്‌നത്തെക്കുറിച്ചു ചിന്തിക്കാന്‍ ചിത്രലേഖയുടെ സമരം നമ്മെ പ്രേരിപ്പിക്കുന്നു. അവര്‍ തനിക്കു സുരക്ഷിതമായി താമസിക്കാന്‍ ഒരിടമാണു ചോദിക്കുന്നത്. നാട്ടില്‍ പാര്‍പ്പിടപ്രശ്‌നം എന്നൊന്നുണ്ടെന്ന് മധ്യവര്‍ഗ മലയാളിയെ അവര്‍ ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഈ പ്രശ്‌നം ഉണ്ടായതെങ്ങനെ എന്നു ചോദിക്കാന്‍ അവര്‍ നമ്മെ നിര്‍ബന്ധിതരാക്കുന്നു. കേരളത്തിലെ പാര്‍പ്പിടപ്രശ്‌നം സൃഷ്ടിച്ചത് ദരിദ്രരല്ല, ധനികരാണ്. സാധാരണക്കാര്‍ക്കു വാങ്ങാന്‍ കഴിയാത്തത്ര വില ഭൂമിക്കുണ്ടാക്കിയത് ഇവിടത്തെ പാവപ്പെട്ടവരല്ല. താങ്ങാന്‍പറ്റാത്ത ചെലവുവരുന്ന ഗൃഹനിര്‍മാണരീതികള്‍ പതിവാക്കിയത് അവരല്ല. കഴിഞ്ഞ സെന്‍സസ് പ്രകാരം കേരളത്തിലെ 10 ശതമാനത്തിലധികം വീടുകളും ഉപയോഗിക്കപ്പെടാതെ അടഞ്ഞുകിടക്കുകയാണ്. അമേരിക്കയില്‍നിന്നോ ഗള്‍ഫില്‍നിന്നോ വല്ലപ്പോഴും വരുന്ന സമയത്ത് അല്‍പകാല താമസത്തിനായി മാത്രം വീട് വാങ്ങുന്നത് പാവപ്പെട്ടവരല്ല.രണ്ടാമതായി, മലയാളിയെ തിരിച്ചറിയുന്നതില്‍ നാം കാട്ടുന്ന വിവേചനത്തെ ചിത്രലേഖ പുറത്തുകൊണ്ടുവരുന്നു. വീടെന്നാല്‍ സുഖഭോഗവസ്തുവല്ല, ധനിക-ദരിദ്ര ഭേദെമന്യേ വിദ്യാഭ്യാസത്തിനും ജീവിതമാര്‍ഗം കണ്ടെത്തുന്നതിനും അവശ്യം വേണ്ട ഉപാധിയാണ്. ഈ നാട്ടില്‍ വേലയെടുത്ത്, ഇവിടത്തെ ഉല്‍പാദനവ്യവസ്ഥയ്ക്കു നേരിട്ട് സംഭാവന നല്‍കുന്ന തൊഴിലാളിയാണ് ചിത്രലേഖ- വെറും ഉപഭോഗത്തിലൂടെ മാത്രം മലയാളിയാവുന്നവരില്‍നിന്ന് വ്യത്യസ്തമായി. ഉപഭോഗത്തിലൂടെ മാത്രം കേരളീയ സാമ്പത്തിക ജീവിതത്തില്‍ പങ്കാളികളാവുന്നവരേക്കാള്‍ ഈ നാട്ടില്‍ പാര്‍പ്പിടം ലഭിക്കേണ്ടത് ഇവിടെ പണിയെടുത്ത്, ഇവിടത്തെ ഉല്‍പാദനവ്യവസ്ഥയെ പോഷിപ്പിക്കുന്നവര്‍ക്കാണ്.മൂന്നാമതായി, രൂപം കുറേ മാറിയെങ്കിലും കേരളീയ ജനജീവിതത്തിന്റെ ഉള്ളിന്റെയുള്ളില്‍ ഭദ്രമായി തുടരുന്ന ജാതീയതയെ ചിത്രലേഖയുടെ സമരം പച്ചയായി തുറന്നുകാട്ടുന്നു. ധനിക-ദരിദ്ര ഭേദം അതിവേഗം വളര്‍ന്നുകഴിഞ്ഞ കേരളത്തില്‍ ഇന്ന് എല്ലാത്തരം വിഭവങ്ങളുടെയും മേല്‍ നിയന്ത്രണം സവര്‍ണര്‍ക്കും സാമ്പത്തിക സംവരണത്തെ പുണരുന്ന വെള്ളാപ്പള്ളി ഭക്തന്മാര്‍ക്കുമാണെന്ന വസ്തുത പ്രത്യക്ഷമാണെങ്കിലും അത് എത്ര ഓര്‍മിപ്പിച്ചാലും പോരെന്നു വ്യക്തം. എന്നാല്‍, ചിത്രലേഖയുടെ മുന്‍കാല സമരം വിഭവമില്ലായ്മയെക്കുറിച്ചു മാത്രമല്ല പറഞ്ഞതെന്ന് ഓര്‍മിക്കേണ്ടതാണ്. തൊഴില്‍ ചെയ്ത് ജീവിക്കാനുള്ള അവകാശത്തിനായാണ് അവര്‍ സമരം ആരംഭിച്ചത്. വിഭവങ്ങള്‍ മാത്രമല്ല, അന്തസ്സോടുകൂടി സാമൂഹികജീവിതം നയിക്കാനുള്ള അവകാശം തന്നെ ദലിതര്‍ക്കു നിഷേധിക്കപ്പെടാറുണ്ടെന്ന വസ്തുതയെ വീണ്ടുമോര്‍ക്കാന്‍ ചിത്രലേഖയുടെ സമരം നമ്മെ നിര്‍ബന്ധിതരാക്കുന്നു. നാലാമത്, ഇന്ന് കേരളത്തിലെ ദരിദ്രരില്‍ ഏറ്റവും ദുരിതമനുഭവിക്കുന്നത് സ്ത്രീകളാണെന്ന കാര്യം പകല്‍പോലെ വ്യക്തമാണെങ്കിലും മറവിരോഗം കലശലായ മലയാളി മധ്യവര്‍ഗത്തെ അക്കാര്യം വീണ്ടും വീണ്ടും ഓര്‍മിപ്പിക്കാതെ വയ്യ. ചിത്രലേഖയുടെ സമരം അതാണു ചെയ്യുന്നത്. ഇന്നത്തെ സാഹചര്യങ്ങളില്‍ തൊഴിലെടുത്തു കുടുംബം പോറ്റാനുള്ള മുഖ്യ ചുമതല വഹിക്കേണ്ടിവരുന്നവരായ സ്ത്രീകളെ സംബന്ധിച്ചിടത്തോളം വീടുപോലുള്ള അവശ്യ ജനക്ഷേമവിഭവങ്ങള്‍ക്കുള്ള വഴി ഒന്നേയുള്ളു, സമരത്തിന്റെ മാര്‍ഗം. വീട്, വിദ്യാഭ്യാസം, ആരോഗ്യം മുതലായവയടക്കമുള്ളവയ്ക്കു സാധാരണക്കാര്‍ കൊടുക്കേണ്ടിവരുന്ന പണം തികച്ചും ആഭാസകരമാംവിധം പല മടങ്ങു വര്‍ധിച്ചെന്ന് എല്ലാ പഠനങ്ങളും സൂചിപ്പിക്കുന്നു. അപ്പോള്‍ അവര്‍ക്ക് മറ്റെന്താണു മാര്‍ഗം? കുടുംബശ്രീപോലുള്ള വഴികള്‍ കുറേപേര്‍ക്കു പ്രയോജനം ചെയ്തിരിക്കാം. പക്ഷേ, ആ മാര്‍ഗങ്ങളെല്ലാം ചുരുങ്ങിത്തന്നെയാണു വരുന്നത്. അന്തസ്സിന്റെയും തുല്യതയുടെയും മാനദണ്ഡങ്ങളാണ് പ്രസക്തമെങ്കില്‍ വിഭവങ്ങള്‍ക്കായി മാത്രമല്ല, തെഴിലിടത്തില്‍ ജനാധിപത്യമര്യാദകളില്‍ വേരൂന്നിയ അന്തസ്സിനു വേണ്ടിയും കേരളത്തിലെ ദരിദ്രരായ സ്ത്രീകള്‍ സമരം ചെയ്യുന്ന കാലമാണ് നമ്മുടെ മുന്നില്‍. ഇടതുപക്ഷമെന്ന പേര് കുത്തകയാക്കിക്കൊണ്ടുനടക്കുന്ന കൂട്ടര്‍ കണ്ടാലും കണ്ടില്ലെങ്കിലും.അഞ്ചാമതായി, ചിത്രലേഖയുടെ സുഹൃത്തുക്കളില്‍ പലരും ഒരുപക്ഷേ അംഗീകരിക്കാന്‍ മടിക്കുന്ന ചില അധികാരബന്ധങ്ങളെ അവരുടെ സമരം തുറന്നുകാട്ടുന്നു. സമൂഹ മുഖ്യധാരയുടെ ശരികളില്‍നിന്നു വേറിട്ടു ജീവിക്കുന്ന സ്ത്രീകള്‍ക്ക് സദാചാരവാദികളില്‍നിന്നു നേരിടേണ്ടിവരുന്ന ദൈനംദിന ആക്രമണങ്ങളുടെ രൂക്ഷതയെന്തെന്നു ചിത്രലേഖയുടെ സമരം വെളിപ്പെടുത്തുന്നു. ലൈംഗിക സ്വയംനിര്‍ണയത്തിനു തയ്യാറായവരാണ് കേരളത്തിലിന്ന് ഏറ്റവും നിശ്ശബ്ദരാക്കപ്പെട്ടവര്‍. ലൈംഗികതയിലും ചാര്‍ച്ചാബന്ധങ്ങളിലും സ്വന്തം പാതകള്‍ തിരഞ്ഞെടുത്തവര്‍. സദാചാരവാദികളുടെ അടിസ്ഥാനപരമായ ബ്രാഹ്മണസ്വഭാവം ഹൈന്ദവേതര മതവിശ്വാസികളില്‍പ്പോലും തെളിഞ്ഞുകാണുന്ന ഒന്ന്. ഏതു വിധത്തിലുള്ള പുറന്തള്ളലാണ് സാധ്യമാക്കുന്നതെന്നു സ്പഷ്ടമാക്കുന്ന സമരമാണ് ചിത്രലേഖയുടേത്. എല്ലാത്തിനും ഉപരിയായി, കൊതിക്കാനുള്ള അവകാശം മധ്യവര്‍ഗത്തിനു മാത്രമല്ല ഉള്ളതെന്നുകൂടി സര്‍ക്കാരുദ്യോഗസ്ഥനും മുഖ്യധാരാ ഇടതനുകൂലിയുമായ പുരുഷനെ ഒന്നുകൂടി ഓര്‍മിപ്പിക്കുന്നുണ്ട് ഈ സമരം. (കടപ്പാട്: മറുവാക്ക്, മാര്‍ച്ച് 2016)   ി
Next Story

RELATED STORIES

Share it