ചിത്രം തെളിഞ്ഞു; നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി അവസാനിച്ചു 

തിരുവനന്തപുരം: നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചതോടെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അവസാനചിത്രം തെളിഞ്ഞു. 140 മണ്ഡലങ്ങളിലായി 1,203 സ്ഥാനാര്‍ഥികള്‍ മല്‍സരിക്കും. ഇവരില്‍ 109 പേര്‍ വനിതകളാണ്. 1,647 പത്രികകളാണ് ആകെ ലഭിച്ചത്.
മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍- 145. കുറവ് വയനാട് ജില്ലയിലും- 29. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 971 സ്ഥാനാര്‍ഥികള്‍ രംഗത്തുണ്ടായിരുന്നു. പൂഞ്ഞാറാണ് ഏറ്റവുമധികം പേര്‍ മല്‍സരിക്കുന്ന മണ്ഡലം-17 പേര്‍. എല്‍ഡിഎഫിനും യുഡിഎഫിനും വെല്ലുവിളിയായി വിമതരും അപരന്‍മാരും രംഗത്തുണ്ട്. ഒമ്പതു മണ്ഡലങ്ങളില്‍ വിമതഭീഷണിയിലാണ് യുഡിഎഫ്. സിറ്റിങ് സീറ്റുകളായ ചെങ്ങന്നൂര്‍, അഴീക്കോട്, കണ്ണൂര്‍, പേരാവൂര്‍, ഇരിക്കൂര്‍ എന്നിവിടങ്ങളിലാണ് യുഡിഎഫ് പ്രധാനമായും വിമതശല്യം നേരിടുന്നത്. ഇവയില്‍ അഴീക്കോട് ഒഴികെയുള്ളവ കോണ്‍ഗ്രസ്സിന്റെ സിറ്റിങ് സീറ്റുകളാണ്.
ചെങ്ങന്നൂരില്‍ പി സി വിഷ്ണുനാഥിനെതിരേ കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ശോഭന ജോര്‍ജാണ് സ്വതന്ത്രയായി മല്‍സരിക്കുന്നത്. കെപിസിസി നേതൃത്വം ഏറെ ശ്രമിച്ചിട്ടും ശോഭനയെ പിന്തിരിപ്പിക്കാനായില്ല. അടുത്തിടെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലറായ പി കെ രാഗേഷാണ് അഴീക്കോട്ട് കെ എം ഷാജിക്കെതിരേ വിമതനായി മല്‍സരിക്കുന്നത്. കണ്ണൂരില്‍ സതീശന്‍ പാച്ചേനിക്കെതിരേ സത്താറും ഇരിക്കൂറില്‍ കെ സി ജോസഫിനെതിരേ ബിനോയി തോമസും വിമതരായി മല്‍സരിക്കും.
കൊച്ചിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡൊമിനിക് പ്രസന്റേഷന് വെല്ലുവിളിയായി കോണ്‍ഗ്രസ് നേതാവ് കെ ജെ ലീനസും ദേവികുളത്ത് എ കെ മണിക്കെതിരേ സി കെ ഗോവിന്ദനും വിമതവേഷത്തിലുണ്ട്. പേരാവൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി സണ്ണി ജോസഫിനെതിരേ വിമതനായി കര്‍ഷക കോണ്‍ഗ്രസ് നേതാവ് കെ ജെ ജോസഫാണ് മല്‍സരിക്കുക. കുട്ടനാട്ടിലും ഏറ്റുമാനൂരിലും കേരളാ കോണ്‍ഗ്രസ്(എം) സ്ഥാനാര്‍ഥികള്‍ക്ക് വിമതഭീഷണിയുണ്ട്. അതേസമയം, കുന്നംകുളം മണ്ഡലത്തിലെ എല്‍ഡിഎഫ്, യുഡിഎഫ് അപരന്‍മാര്‍ പത്രിക പിന്‍വലിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി സി പി ജോണിനെതിരേ ജോണ്‍ എന്നയാളും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ സി മൊയ്തീനെതിരേ സി പി മൊയ്തീനുമാണ് പത്രിക നല്‍കിയിരുന്നത്. പത്തനാപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ജഗദീഷിന്റെ അപരന്‍ പത്രിക പിന്‍വലിച്ചു. വടകരയില്‍ ആര്‍എംപിയുടെ കെ കെ രമയ്‌ക്കെതിരേ മറ്റൊരു കെ കെ രമയും ടി പി രമയും രംഗത്തുണ്ട്. ശക്തമായ പോരാട്ടം നടക്കുന്ന തൃപ്പൂണിത്തുറയില്‍ മന്ത്രി കെ ബാബുവിനും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജിനും അപരസ്ഥാനാര്‍ഥികള്‍ ഉണ്ട്.
തിരുവനന്തപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആന്റണി രാജുവിനും യുഡിഎഫിലെ വി എസ് ശിവകുമാറിനും അപരന്‍മാര്‍ വെല്ലുവിളി ഉയര്‍ത്തുന്നു. അരുവിക്കരയില്‍ യുഡിഎഫിലെ കെ എസ് ശബരീനാഥിനും എല്‍ഡിഎഫിലെ അബ്ദുല്‍ റഷീദിനും ഉണ്ട് അപരന്മാര്‍. നെടുമങ്ങാട്ട് എല്‍ഡിഎഫ് നേതാവ് സി ദിവാകരന് ഇതേ പേരില്‍ അപരനുണ്ട്. എറണാകുളത്ത് എല്‍ഡിഎഫിലെ എം അനില്‍കുമാറിന് രണ്ട് അപരന്‍മാരുണ്ട്. തവനൂരില്‍ എല്‍ഡിഎഫിലെ കെ ടി ജലീലിന് ഉള്ളത് മൂന്ന് അപരന്മാര്‍. ഉദുമ യില്‍ എല്‍ഡിഎഫിലെ കുഞ്ഞിരാമന്‍, യുഡിഎഫിലെ കെ സുധാകരന്‍ എന്നിവര്‍ക്ക് അപരസ്ഥാനാര്‍ഥികളുണ്ട്. കായംകുളത്ത് ധാരണയുടെ അടിസ്ഥാനത്തില്‍ അപരനെ പിന്‍വലിക്കാനുള്ള നീക്കം പൊളിഞ്ഞു.
Next Story

RELATED STORIES

Share it