Kottayam Local

ചിത്രം തെളിഞ്ഞു; ഇനി നിര്‍ണായകമായ 13 നാളുകള്‍

ചങ്ങനാശ്ശേരി: നാമനിര്‍ദേശക പത്രിക പിന്‍വലിക്കാനുള്ള സമയവും ഇന്നലെ അവസാനിച്ചതോടെ തിരഞ്ഞെടുപ്പ് ഗോദയില്‍ നില്‍ക്കുന്നവരുടെ ചിത്രവും തെളിഞ്ഞു. ഇതോടെ ഇനിയുള്ള 13 നാളുകള്‍ സ്ഥാനാര്‍ഥികള്‍ക്കു നിര്‍ണായകവുമായി. ചങ്ങനാശ്ശേരിയില്‍ എല്‍ഡിഎഫിലെ ഡോ. കെ സി ജോസഫ്, യുഡിഎഫിലെ സി എഫ് തോമസ്, എന്‍ഡിഎയിലെ ഏറ്റുമാന്നൂര്‍ രാധാകൃഷ്ണന്‍, എസ്ഡിപിഐയിലെ അല്‍ത്താഫ് ഹസന്‍, എസ്‌യുസിഐയിലെ കെ ആര്‍ രാജന്‍ എന്നിവരാണ് പ്രധാന സ്ഥാനാര്‍ഥികള്‍. കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി കണ്‍വന്‍ഷനുകള്‍, ഭവന സന്ദര്‍ശനം, കുടുംബയോഗം തുടങ്ങിയവ സംഘടിപ്പിച്ചായിരുന്നു സ്ഥാനാര്‍ഥികള്‍ വോട്ടര്‍മാരെ കണ്ടിരുന്നതെങ്കില്‍ ഇനിയുള്ള ദിവസങ്ങള്‍ നിശബ്ദ പ്രചാരണത്തിനും തന്ത്രങ്ങള്‍ ആവിഷകരിക്കുന്നതിനുമാവും ചെലവഴിക്കുക.
ഒപ്പം സ്വീകരണയോഗങ്ങളും നടക്കും. ശക്തമായ പ്രചാരണത്തെ തുടര്‍ന്നു ചങ്ങനാശ്ശേരിയില്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം എന്ന നിലയിലേക്കു മാറിയിട്ടുണ്ട്. 1.64 ലക്ഷം വോട്ടര്‍മാരില്‍ 85000 പേരും സ്ത്രീകളാണ്. നായര്‍-ഈഴവ സമുദായങ്ങള്‍ 50 ശതമാനവും 30 ശതമാനം ക്രിസ്ത്യന്‍ സമുദായംഗങ്ങളുമാണ് ഇവിടെ. മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ളവരാണ് ബാക്കിവരുന്ന 20 ശതമാനവും. പുതിയ രാഷ്ട്രീയ കൂട്ടുകെട്ടില്‍ രൂപം പ്രാപിച്ച മൂന്നാം മുന്നണിയുടെ രംഗ പ്രവേശനം വോട്ടുകള്‍ എങ്ങോട്ടൊക്കെ മാറിമറിയുമെന്നു ആശങ്കയോടെയാണ് പ്രമുഖ പാര്‍ട്ടികള്‍ കാണുന്നതും.
Next Story

RELATED STORIES

Share it