ചിത്രം തെളിഞ്ഞു; അങ്കത്തട്ടില്‍ 5109 പേര്‍

കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാ നിച്ചതോടെ സ്ഥാനാര്‍ഥി ചിത്രം തെളിഞ്ഞു. അന്തിമപട്ടികയില്‍ ജില്ലയില്‍ അവശേഷിക്കുന്നത് 5109 സ്ഥാനാര്‍ഥികളാണ്. ജില്ലാ പഞ്ചായത്തിലേക്ക് 86, കണ്ണൂര്‍ കോര്‍പറേഷനിലേക്ക് 224, വിവിധ നഗരസഭകളിലായി 846, ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 472, ഗ്രാമപ്പഞ്ചായത്തുകളിലേക്ക് 3481 എന്നിങ്ങനെയാണ് സ്ഥാനാര്‍ഥികളുടെ എണ്ണം. ഇവരില്‍ 2576 പേര്‍ വനിതകളും 2533 പേര്‍ പുരുഷന്‍മാരുമാണ്. തളിപ്പറമ്പ്-107, കൂത്തുപറമ്പ്-84, തലശ്ശേരി-169, പയ്യന്നൂര്‍-119, പാനൂര്‍-140, ആന്തൂര്‍-29, ശ്രീകണ്ഠാപുരം-82, ഇരിട്ടി-116 എന്നിങ്ങനെയാണ് വിവിധ നഗരസഭകളിലേക്ക് ജനവിധി തേടുന്നവരുടെ എണ്ണം. അന്തിമസമയം തീരുമ്പോഴും പലയിടത്തും അനുരഞ്ജന ശ്രമങ്ങള്‍ ഫലിക്കാതെയായപ്പോള്‍ വിമതര്‍ സ്ഥാനാര്‍ഥിപ്പട്ടികയില്‍ നിലനില്‍ക്കുകയാണ്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിമത സ്ഥാനാര്‍ഥികളുള്ളത് യുഡിഎഫിലാണ്. ഇതില്‍ തന്നെ കോണ്‍ഗ്രസിനാണു ഏറ്റവും വലിയ തിരിച്ചടിയുണ്ടായത്. കണ്ണൂര്‍ കോര്‍പറേഷനില്‍ മാത്രം കോണ്‍ഗ്രസില്‍ ഒമ്പതുപേരാണ് വിമതരായിട്ടുള്ളത്. ഇതില്‍ പഞ്ഞിക്കീല്‍ വാര്‍ഡിലാവട്ടെ ലീഗും കോണ്‍ഗ്രസിലെ വിമതനായി രംഗത്തുവന്ന സ്ഥാനാര്‍ഥിയുമാണ് അങ്കത്തട്ടിലുള്ളത്. പി കെ രാഗേഷിനെ നേരത്തേ ഔദ്യോഗിക സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇന്നലെ ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ മലക്കംമറിഞ്ഞു. ഇവിടെ ലീഗ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച കെ പി റാസിഖിനെ യുഡിഎഫ് പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇതോടെ സമവായശ്രമങ്ങളെല്ലാം അടഞ്ഞ് പി കെ രാഗേഷും സംഘവും സ്ഥാനാര്‍ഥിത്വത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. ഇരിക്കൂറില്‍ ലീഗും കോണ്‍ഗ്രസും എല്ലാ വാര്‍ഡുകളിലും പരസ്പരം മല്‍സരിക്കുന്നു.രാമന്തളി പഞ്ചായത്തില്‍ അഞ്ചു സീറ്റുകളിലാണ് യുഡിഎഫിലെ പ്രബല കക്ഷികളായ ലീഗും കോണ്‍ഗ്രസും പരസ്പരം പോരാടുന്നത്. കൊളച്ചേരി പഞ്ചായത്തിലെ പാട്ടയം വാര്‍ഡിലും കോണ്‍ഗ്രസിനെതിരേ ലീഗ് സ്ഥാനാര്‍ഥിയുണ്ട്. താക്കീതിലൂടെയും അനുനയത്തിലൂടെയും പത്രിക പിന്‍വലിപ്പിക്കാനുള്ള ഒടുവിലത്തെ സമയം കൂടി അവസാനിച്ചതോടെ ഇനിയുള്ള ദിവസങ്ങള്‍ പ്രചാരണത്തിലാവും പാര്‍ട്ടികള്‍ ശ്രദ്ധിക്കുക. അതിനുപുറമെ നേരിയ വോട്ടുകള്‍ക്കു ജയപരാജയം നിര്‍ണയിക്കുന്ന വാര്‍ഡുകളില്‍ വിമതസ്ഥാനാര്‍ഥികളെ നിര്‍ജീവമാക്കാനും ഊര്‍ജിതശ്രമം നടക്കും. ഏതായാലും വരുംദിവസങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തീപാറും കാഴ്ചകളായിരിക്കും സമ്മാനിക്കുക.
Next Story

RELATED STORIES

Share it