ചിട്ടിഫണ്ട് കുംഭകോണം: തട്ടിയത് 80,000 കോടിയെന്ന് സിബിഐ

ന്യൂഡല്‍ഹി: നിക്ഷേപകരെ കബളിപ്പിച്ച് ചിട്ടിക്കമ്പനികള്‍ രാജ്യത്ത് 80,000 കോടി രൂപയോളം സമ്പാദിച്ചതായി സിബിഐ. നിക്ഷേപകര്‍ക്ക് ആകര്‍ഷകമായ പലിശനിരക്ക് വാഗ്ദാനം ചെയ്താണ് പേള്‍സ് ഗ്രൂപ്പ് അടക്കമുള്ളവര്‍ തട്ടിപ്പു നടത്തിയത്. 80,000 കോടി പ്രാഥമിക കണക്കാണെന്നും വെട്ടിച്ച തുക ഇനിയും കൂടാനിടയുണ്ടെന്നും സിബിഐ വ്യക്തമാക്കി.
പശ്ചിമബംഗാള്‍, അസം, ഒഡീഷ, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിലെ ചെറുകിട നിക്ഷേപകരില്‍ നിന്ന് 30,000 കോടിയിലേറെയും പഞ്ചാബ് ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് 51,000 കോടിയോളവും വെട്ടിച്ചു. ഭൂമി വാങ്ങാനും മാധ്യമസ്ഥാപനങ്ങളും ഹോട്ടലുകളും മറ്റ് വ്യവസായ സ്ഥാപനങ്ങളും തുടങ്ങാനുമാണ് തട്ടിപ്പുപണം വിനിയോഗിച്ചത്.
നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് 4 സംസ്ഥാനങ്ങളിലായി സിബിഐ 73 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 31 എണ്ണത്തിന് കുറ്റപത്രവും നല്‍കി. മൂന്ന് കേസുകള്‍ റോസ് വാലി ഗ്രൂപ്പിനെതിരേയും 7 എണ്ണം ശാരദ അഴിമതിയുമായി ബന്ധപ്പെട്ടതുമാണ്.
തട്ടിപ്പുകള്‍ക്കു പിന്നിലെ ഉദ്യോഗസ്ഥ പിന്തുണ പരിശോധിക്കുമെന്നും ഇതിനായി സെബി, റിസര്‍വ് ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യേണ്ടിവരുമെന്നും സിബിഐ ഡയറക്ടര്‍ അനില്‍ സിന്‍ഹ പറഞ്ഞു. രാജ്യത്ത് ആകമാനം 6 കോടിയോളം പേര്‍ അനധികൃത ചിട്ടിതട്ടിപ്പുമായി കബളിപ്പിക്കപ്പെട്ടിട്ടുണ്ട്. തട്ടിപ്പില്‍ മുന്നില്‍ പേള്‍ ഗ്രൂപ്പാണെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it