ചികില്‍സ കഴിഞ്ഞ് ഒമാന്‍ പൗരന്‍ സ്വദേശത്തേക്ക്

പത്തനംതിട്ട: 275 കിലോ തൂക്കവുമായി പൊണ്ണത്തടി കുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയക്ക് കേരളത്തിലെത്തിയ ഒമാന്‍ സ്വദേശി കൈസര്‍ സെയ്ഫ് സഖാര്‍ സ്വദേശത്തേക്കു മടങ്ങുന്നു. 35കാരനായ കൈസര്‍ സെയ്ഫ് സഖാറിന് 174 സെന്റിമീറ്റര്‍ ഉയരവും 275 കിലോഗ്രാം തൂക്കവുമാണുണ്ടായിരുന്നത്.
നടക്കാന്‍പോലുമാവാത്ത അവസ്ഥയിലാണു ചികില്‍സതേടി ഇദ്ദേഹം അടൂരിലെ ലൈഫ്‌ലൈന്‍ ആശുപത്രിയിലെത്തിയതെന്ന് മെഡിക്കല്‍ സൂപ്രണ്ട് ഡോ. മാത്യൂസ് ജോണ്‍ പറഞ്ഞു. ശരീരവണ്ണം കാരണം കിതപ്പും ശ്വാസംമുട്ടലും അലട്ടിയിരുന്നു. പൊണ്ണത്തടിയും നീര്‍ക്കെട്ടും കാരണം വൃക്കകളുടെ പ്രവര്‍ത്തനവും തകരാറിലായി. ഉറക്കത്തില്‍ ശ്വാസംകിട്ടാത്ത അവസ്ഥയിലുമായിരു ന്നു അദ്ദേഹം.
മണിക്കൂറില്‍ 71 പ്രാവശ്യം ഇദ്ദേഹത്തിനു ശ്വാസം കിട്ടാതെവരുന്നതായി പരിശോധനകളില്‍ തെളിഞ്ഞിരുന്നു. കേരളത്തില്‍ 240 കിലോഗ്രാമില്‍ കൂടുതലുള്ള ആരെയും ഇത്തരമൊരു ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിട്ടില്ലെന്ന് മാനേജിങ് പാര്‍ട്ണര്‍ ഡോ. മാത്യു പാപ്പച്ചനും ഡോ. മാത്യൂസ് ജോണും ചൂണ്ടിക്കാട്ടി. കൈസര്‍ സെയ്ഫിനു മാത്രമായി ആശുപത്രിയില്‍ പ്രത്യേക കിടക്കയും പരിശോധനാ ഉപകരണങ്ങളും തയ്യാറാക്കേണ്ടിവന്നു.
രണ്ടാഴ്ച മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളെ കഴിഞ്ഞ 11നാണ് ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയത്. താക്കോല്‍ദ്വാര ശസ്ത്രക്രിയ മുഖേന വണ്ണം കുറയ്ക്കല്‍ പ്രക്രിയ നടത്തി. ഒരുവര്‍ഷത്തിനുള്ളില്‍ ഇതിന്റെ ഫലം പ്രത്യക്ഷത്തില്‍ കണ്ടുതുടങ്ങുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഡോ. മാത്യൂസ് ജോണ്‍, ഡോ. അനു ആന്റണി എന്നിവരുടെ നേതൃത്വത്തില്‍ അനസ്തീസ്യ വിഭാഗത്തിലെ ഡോ. ജയറാം, ഡോ. മാത്യു പി ഉമ്മന്‍, ഡോ. ഷീജ വര്‍ഗീസ്, ഡോ. വിമല്‍ എന്നിവരുടെ സഹകരണത്തിലാണ് ശസ്ത്രക്രിയ പൂര്‍ത്തീകരിച്ചത്. ഏകദേശം മൂന്നുലക്ഷത്തോളം രൂപ ചെലവുവരുന്നതാണ് കൈസര്‍ സെയ്ഫ് സഖാറിന് വേണ്ടി നടത്തിയ ബര്‍യാട്രിക്ക് സര്‍ജറി.
Next Story

RELATED STORIES

Share it