Kollam Local

ചികില്‍സാ സംവിധാനങ്ങളുമായി നാവികസേനയുടെ രണ്ട് കപ്പലുകളെത്തി

കൊല്ലം: പരവൂരിലെ വെടിക്കെട്ട് ദുരന്തത്തില്‍പ്പെട്ട് ചികില്‍സയില്‍ തുടരുന്നവര്‍ക്ക് ആവശ്യമായ മരുന്നും അടിയന്തര ചികില്‍സാ സംവിധാനങ്ങളുമായി നാവികസേനയുടെ രണ്ട് കപ്പലുകള്‍ കൊല്ലത്തെത്തി. അതീവ ഗുരുതര സാഹചര്യങ്ങളില്‍ ചികില്‍സാ വൈദഗ്ധ്യം നേടിയ വിദഗ്ധരാണ് കപ്പലിലുള്ളത്.

ഹെലികോപ്ടര്‍ മാര്‍ഗം കൊല്ലത്ത് എത്തിയ നാവികസേനയുടെ ഡോക്ടര്‍മാരും സേവനത്തിനുണ്ട്. കപ്പലിലെത്തിയ സംഘം ആരോഗ്യ മന്ത്രി വി എസ് ശിവകുമാറുമായി ചര്‍ച്ച നടത്തി. ഇതനുസരിച്ച് അത്യാവശ്യഘട്ടത്തില്‍ അധികൃതരുടെ നിര്‍ദ്ദേശാനുസരണം പ്രവര്‍ത്തിക്കാനാണ് ധാരണ. അടിയന്തര സാഹചര്യം കണക്കിലെടുത്ത് കപ്പലുകളും സംഘാംഗങ്ങളും കൊല്ലത്ത് തന്നെ തുടരും. നാവിക കപ്പലുകള്‍ 200 കിലോഗ്രോം മരുന്നുകളും മെഡിക്കല്‍ സംഘവുമായി ഇന്നലെ രാവിലെയാണ് കൊച്ചിയില്‍നിന്ന് അപകടസ്ഥലത്തേക്ക് യാത്ര തിരിച്ചു. വൈകുന്നേരം നാലു മണിയോടെ ഐഎന്‍എസ് കാബ്ര, കല്‍പ്പേനി കൊല്ലം ജെട്ടിയുടെ തീരത്തടുത്തു. ഐഎന്‍എസ് സുനേയ്‌ന അടിയന്തര നിര്‍ദ്ദേശങ്ങള്‍ക്ക് സജ്ജമായി തീരത്തുണ്ട്. മരുന്നുകള്‍ തദ്ദേശ ഭരണകൂടങ്ങള്‍ക്ക് കൈമാറി. രക്തദാനത്തിന് സജ്ജരായ ആളുകളേയും കപ്പലുകളില്‍ സജ്ജമാക്കിയിട്ടുണ്ട്. കൊല്ലത്ത് നാവികസേന ഒരുക്കിയ ദുരിതാശ്വാസ കേന്ദ്രം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചു.
നാവികസേനയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായി ഉദ്ദ്യോഗസ്ഥരുമായും നാവികസേന നിരന്തരം ബന്ധപ്പെടുന്നുണ്ട്.തീരസംരക്ഷണ സേനയുടെ സംഘങ്ങളെ കൊച്ചിയിലും വിഴിഞ്ഞം തുറമുഖത്തും നിയോഗിച്ചു. ജില്ലാ ഭരണകൂടത്തിന് പിന്തുണയുമായി വിഴിഞ്ഞത്തു നിന്നും പരമാവധി തീരസംരക്ഷണ സേനാംഗങ്ങളുമായി അതിവേഗ ബോട്ടുകളും വിമാനങ്ങളും തങ്ങശ്ശേരിയില്‍ ഹാര്‍ബറില്‍ കുതിച്ചെത്തി. മെഡിക്കല്‍ കിറ്റുകളുമായി തീരസംരക്ഷണ സേനയിലെ ദുരന്ത നിവാരണസംഘത്തെ കേന്ദ്ര സര്‍ക്കാര്‍ വിഴിഞ്ഞത്ത് നിന്നും അപകടസ്ഥലത്തേക്ക് അയച്ചു. രക്തദാനത്തിനായി തീരസംരക്ഷണ സേനാംഗങ്ങളെ തിരുവനന്തപുരത്തെ വിവിധ ആശുപത്രികളില്‍ എത്തിച്ചിരുന്നു. രക്തദാനത്തിന് സന്നദ്ധരായെത്തിയ പൊതുജനങ്ങളെ രക്തദാനത്തിന് സഹായിക്കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം തീരസംരക്ഷണ സേനാംഗങ്ങള്‍ പങ്കെടുത്തു. ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ അടിയന്തര സഹായങ്ങള്‍ ലഭ്യമാക്കാനായി തീരസംരക്ഷണ സേനയുടെ കപ്പല്‍ അഭിനവ് മരുന്നുകളുമായി തയ്യാറെടുത്തിട്ടുണ്ട്.
Next Story

RELATED STORIES

Share it