ചികില്‍സയിലെ പിഴവ്; മൂന്നുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: വയനാട് കണിയാരം സ്വദേശി ദേവികയെന്ന ഏഴുവയസ്സുകാരി മാനന്തവാടി ജില്ലാ ആശുപത്രിയില്‍ മതിയായ ചികില്‍സ ലഭിക്കാതെ മരിച്ച സംഭവത്തില്‍ മൂന്നുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ നിര്‍ദേശിച്ചു.
കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് വകുപ്പുതല അന്വേഷണം നടത്തി ഉത്തരവാദികളില്‍നിന്ന് തുക ഈടാക്കാന്‍ നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ ചെയര്‍പേഴ്‌സന്‍ ശോഭ കോശി, അംഗങ്ങളായ ഗ്ലോറി ജോര്‍ജ്, ജെ സന്ധ്യ എന്നിവര്‍ അടങ്ങിയ ഫുള്‍ബെഞ്ച് ആവശ്യപ്പെട്ടു.
ജില്ലാ ആശുപത്രിയില്‍ കുട്ടികളുടെ വാര്‍ഡിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും അടിയന്തരഘട്ടങ്ങള്‍ നേരിടുന്നതിനുള്ള പരിശീലനം നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി. കുട്ടിക്ക് നല്‍കിയ ചികില്‍സയില്‍ വീഴ്ചയും അനാസ്ഥയുമുണ്ടായതായി വയനാട് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ റിപോര്‍ട്ട് നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിയ കമ്മീഷന്‍, ഛര്‍ദ്ദിലും ശ്വാസതടസ്സവുമുണ്ടായതിനെത്തുടര്‍ന്ന് ഓക്‌സിജന്‍ നല്‍കിയ കുട്ടിക്ക് ഗുളിക നല്‍കിയത് ഉചിതമായില്ലെന്ന് കണ്ടെത്തി. അത്യാഹിതവിഭാഗത്തിലെ ഡോക്ടറും നഴ്‌സും ശിശുരോഗവിദഗ്ധനും രോഗിക്ക് ന്യായമായ ശ്രദ്ധനല്‍കുന്നതില്‍നിന്ന് വളരെയധികം പിന്നോട്ടുപോയതായും കമ്മീഷന്‍ വിലയിരുത്തി.
ശരിയായ രീതിയില്‍ കൃത്യസമയത്ത് കുട്ടിക്ക് ഫലപ്രദമായ ചികില്‍സ നല്‍കിയിരുന്നുവെങ്കില്‍ വിലപ്പെട്ട ജീവന്‍ നഷ്ടപ്പെടില്ലായിരുന്നുവെന്ന കമ്മീഷന്റെ നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരം ശുപാര്‍ശ ചെയ്തത്. ഒരു രോഗിയുടെ ചികില്‍സയുടെ കാര്യത്തില്‍ ന്യായയുക്തമായ ശ്രദ്ധയും വൈദഗ്ധ്യവും പുലര്‍ത്തണമെന്ന സുപ്രിംകോടതി നിരീക്ഷണവും കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Next Story

RELATED STORIES

Share it