Districts

ചാവക്കാട് ഹനീഫ വധം: കോണ്‍ഗ്രസ് നേതാവിനെ ഒഴിവാക്കിയ കുറ്റപത്രം അംഗീകരിക്കില്ലെന്നു ബന്ധുക്കള്‍

കെ എം അക്ബര്‍

ചാവക്കാട്: ഹനീഫ വധക്കേസില്‍ കോണ്‍ഗ്രസ് നേതാവ് സി എ ഗോപപ്രതാപനെ ഒഴിവാക്കി കുറ്റപത്രം സമര്‍പ്പിച്ചതിനെതിരേ ഹനീഫയുടെ ബന്ധുക്കള്‍ രംഗത്ത്. കൊലപാതകത്തിനു പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതുവരെ നിയമയുദ്ധം തുടരുമെന്നും ഗൂഢാലോചനക്കാരെ ഒഴിവാക്കി ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം അംഗീകരിക്കാന്‍ കഴിയില്ലെന്നും ദുബയിലുള്ള ഹനീഫയുടെ സഹോദരന്‍ എ സി ഉമ്മര്‍ തേജസിനോടു പറഞ്ഞു.
കൊലപാതകത്തിന്റെ സൂത്രധാരന്‍ കോണ്‍ഗ്രസ് ഗുരുവായൂര്‍ ബ്ലോക്ക് മുന്‍ പ്രസിഡന്റ് സി എ ഗോപപ്രതാപനാണെന്ന് മാതാവ് മൊഴി നല്‍കിയെങ്കിലും തെളിവില്ലെന്നു പറഞ്ഞ് അന്വേഷണ സംഘം ഈ മൊഴി ഒഴിവാക്കിയെന്നും പണത്തിന്റെ സ്വാധീനം കൊണ്ടാണ് കേസില്‍ ഗോപപ്രതാപനെ പ്രതി ചേര്‍ക്കാത്തതെന്നും ഉമ്മര്‍ ആരോപിച്ചു. ഈ മൊഴി അന്വേഷിക്കാതെ കൊലപാതകത്തിനു പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ കഴിയില്ല.
കോണ്‍ഗ്രസ് ഗ്രൂപ്പ് പോരാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് കുറ്റപത്രം പറയുമ്പോള്‍ ക്വട്ടേഷന്‍ സംഘാംഗങ്ങളെ മാത്രമാണു പ്രതിചേര്‍ത്തിരിക്കുന്നത്. ഇതുവരെയുള്ള അന്വേഷണത്തില്‍ തങ്ങളുടെ കുടുംബം തൃപ്തരല്ല. പാര്‍ട്ടി കുറ്റക്കാരനാണെന്നു കണ്ടെത്തിയിട്ടും പോലിസിനും സര്‍ക്കാരിനും അത് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തന്റെ സഹോദരന്റെ വധത്തില്‍ ഗോപപ്രതാപന് പങ്കുണ്ടെന്നു ബോധ്യമായതുകൊണ്ടാണ് പാര്‍ട്ടി അദ്ദേഹത്തെ ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്തു നിന്ന് ഒഴിവാക്കിയത്. എന്നിട്ടും സര്‍ക്കാരിനും പോലിസിനും അദ്ദേഹം തെറ്റുകാരനാണെന്നു കണ്ടെത്താനാവാത്തത് അദ്ഭുതമാണെന്നും കേസിന്റെ കുറ്റപത്രം ലഭിച്ചാല്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും ഉമ്മര്‍ വ്യക്തമാക്കി.
ആഗസ്ത് ഏഴിന് രാത്രി പത്തോടെയാണ് മണത്തല ബേബി റോഡ് പഴയ 14ാം വാര്‍ഡില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് സെക്രട്ടറി എ സി ഹനീഫ മാതാവിന്റെ മുന്നില്‍വച്ച് കുത്തേറ്റു മരിച്ചത്.
ഹനീഫയുടെ മാതാവടക്കം അഞ്ചു ദൃക്‌സാക്ഷികളും 45ഓളം സാക്ഷികളുമുള്ള കേസില്‍ എട്ടു പേരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകം നടന്ന് 88ാം ദിവസമാണ് മുന്നുറോളം പേജുള്ള കുറ്റപത്രം ചാവക്കാട് ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് രഞ്ജിത് കൃഷ്ണന്‍ മുമ്പാകെ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ ഡി മോഹന്‍ദാസ് സമര്‍പ്പിച്ചത്. കൊലപാതക കേസില്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപണമുള്ള ഗോപപ്രതാപന്റെ പേരു പരാമര്‍ശിക്കാത്ത കുറ്റപത്രത്തി ല്‍ നേരത്ത അറസ്റ്റിലായ എട്ടു പ്രതികളുടെ പേരാണു പരാമര്‍ശിച്ചിട്ടുള്ളത്.
Next Story

RELATED STORIES

Share it