thrissur local

ചാവക്കാട് നഗരത്തില്‍ മയക്കുമരുന്നു സംഘങ്ങള്‍ പിടിമുറുക്കുന്നു

ചാവക്കാട്: സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ക്ക് മയക്കുമരുന്ന് നല്‍കി ചൂഷണം ചെയ്യുന്ന സംഘം ചാവക്കാട് നഗരത്തില്‍ പിടിമുറുക്കുന്നു.
മയക്കുമരുന്നു വിതരണ സംഘത്തില്‍ അന്യ സംസ്ഥാനത്ത് നിന്നുള്ള വലിയൊരു ശൃംഖലതന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. നഗരത്തിലെ ചില പ്രധാന സ്ഥലങ്ങളില്‍ പ്രത്യേകിച്ചും ജനങ്ങള്‍ കൂടുതലായി എത്തുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് മയക്കു ഗുളികകള്‍ വിതരണം ചെയ്യുന്ന സംഘം പ്രവര്‍ത്തിക്കുന്നത്.
ഗുളികകള്‍ കൃത്യമായി നല്‍കിയ ശേഷം ഇതില്ലാതെ ജീവിക്കാന്‍ കഴിയാതാകുന്നവരെ ക്വട്ടേഷന്‍ പോലുള്ള ജോലിക്കായി സംഘം വിനിയോഗിക്കുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
മയക്കു ഗുളികകള്‍ വാങ്ങാന്‍ പണമില്ലാത്ത പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിനിയോഗിക്കുന്നുണ്ടെന്നും ഇതുസംബന്ധിച്ച അന്വേഷണത്തില്‍ തെളിഞ്ഞിട്ടിട്ടുണ്ട്. സംഘത്തിന്റെ കെണിയില്‍ വീഴുന്നവരിലധികവും സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികളാണ്.
മാനസിക രോഗികള്‍ക്ക് നല്‍കുന്ന നെട്രാസിപാം ഗുളികയാണ് പെണ്‍കുട്ടികള്‍ക്ക് നല്‍കുക. ഈ ഗുളികകള്‍ കഴിച്ചാല്‍ കഞ്ചാവ്, ഹഷീഷ് പോലുള്ള മയക്കുമരുന്നുകള്‍ ഉപയോഗിച്ചാലുള്ള അതേ അവസ്ഥയായിരിക്കുമത്രെ.
ആദ്യം സൗജന്യമായും പിന്നീട് ചെറിയ തുകയ്ക്കും ഗുളികകള്‍ വിതരണം ചെയ്താണ് വിദ്യാര്‍ഥികളെ മയക്കുമരുന്നു സംഘത്തിന്റെ വലയില്‍ വീഴ്ത്തുന്നത്. ഇതിനിടെ പാന്‍മസാല വില്‍പ്പനയും ശക്തമായിട്ടുണ്ട്. പുതിയ വിപണന തന്ത്രങ്ങളുമായി പാന്‍മസാല കമ്പനികള്‍ നാടും നഗരവും പിടിമുറുക്കിയതോടെ ആവശ്യക്കാരേറുകയാണ്. ഹാന്‍സ്, ശംഭു, ഗണേഷ്, ലിപ്കൂള്‍, ചൈനി-ഖൈനി എന്നിങ്ങനെ വിവിധ പേരുകളില്‍ ലഭിക്കുന്ന പുകയിലപ്പൊടികളാണ് ഏറെയും.
അടയ്ക്കാപ്പൊടിയും മറ്റ് മിശ്രിതങ്ങളും ലഹരിസാധനങ്ങളും ചേര്‍ന്ന തുളസി, പാന്‍പരാഗ് പായ്ക്കറ്റുകള്‍ ഇപ്പോള്‍ വലിയ പായ്ക്കറ്റുകളില്‍ കൂടുതല്‍ അളവില്‍ വിറ്റഴിക്കപ്പെടുന്നുണ്ട്. പാന്‍മസലകളുടെ വില്‍പ്പന നിരോധിച്ചിട്ടുണ്ടെങ്കിലും നിരോധനം പലയിടങ്ങളിലും കടലാസിലൊതുങ്ങിയിരിക്കുകയാണ്. പോലിസ് ഇടയ്ക്കിടെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഇടയ്ക്കിടെ നടത്തുന്ന റെയ്ഡുകള്‍ ഒഴിച്ചാല്‍ കാര്യമായ ഒരു നടപടിയും നടക്കുന്നില്ലെന്നതാണ് സത്യം.
Next Story

RELATED STORIES

Share it