thrissur local

ചാവക്കാട് താലൂക്ക് ആശുപത്രി ജനറല്‍ ആശുപത്രിയാക്കി ഉയര്‍ത്തണം: വികസനസമിതി

ചാവക്കാട്: ജില്ലയില്‍ ഏറ്റവും കൂടുതല്‍ പ്രസവങ്ങള്‍ നടക്കുന്ന ചാവക്കാട് താലൂക്ക് ആശുപത്രി ജനറല്‍ ആശുപത്രിയാക്കി ഉയര്‍ത്തണമെന്ന് താലൂക്ക് വികസനസമിതി യോഗത്തില്‍ ആവശ്യമുയര്‍ന്നു. താലൂക്ക് ആശുപത്രിയില്‍ മൂന്ന് ഗൈനക്കോളജിസ്റ്റുകളെ നിയമിക്കണം. തണ്ണീര്‍ത്തടങ്ങള്‍ മണ്ണിട്ട് നികത്തുന്നതിനെതിരെ നടപടി ശക്തമാക്കുക, കടല്‍ കായലോര കയ്യേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക, ഒരുമനയൂര്‍ മൂന്നാംകല്ലിലെ ജലസേചന പദ്ധതിയുടെ ലോക്കിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുക തുടങ്ങി ആവശ്യങ്ങളും യോഗത്തിലുയര്‍ന്നു.
ലോക്കിന്റെ ഷട്ടര്‍ തുരുമ്പെടുത്ത് ദ്രവിച്ച നിലയിലാണെന്നും ലോക്ക് ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ഉപ്പുവെള്ളം കയറി ഒരുമനയൂര്‍, കടപ്പുറം പഞ്ചായത്തുകളിലെ ജലസ്രോതസ്സുകള്‍ മലിനമാവുകയാണെന്നും അഡ്വ. മുഹമ്മദ് ബഷീര്‍ പറഞ്ഞു.
സര്‍ക്കാരിന്റെ പുറമ്പോക്ക് ഭൂമി കണ്ടെത്തി കയ്യേറ്റക്കാരെ ഒഴിപ്പിക്കുന്നതില്‍ റവന്യു വകുപ്പ് പരാജയമാണെന്നും പുറ മ്പോക്ക് ഭൂമിയുടെ ശരിയായ രേഖകള്‍ പോലും അതത് വില്ലേജ് ഓഫീസുകളില്‍ ഇല്ലാത്ത അവസ്ഥയാണെന്നും യോഗത്തില്‍ ആരോപണമുയര്‍ന്നു.
എംപി, എംഎല്‍എ എന്നിവരുടെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന റോഡുകള്‍, സ്ഥാപനങ്ങള്‍, ഹൈമാസ്റ്റ് വിളക്കുകള്‍ എന്നിവയുടെ തുടര്‍ പരിപാലനത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രത്യേക ശ്രദ്ധ നല്‍കണമെന്നും അഞ്ച് സെന്റ്, പത്ത് സെന്റ് എന്നിവയുടെ കാണം ജന്മമാക്കാനുള്ള നടപടി ലഘൂകരിച്ച് ഏജന്റുമാരുടെ ചൂഷണം അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ലീഗല്‍ മെട്രോളജി ഓഫീസ് താഴത്തെ നിലയിലേക്ക് മാറ്റാനുള്ള നടപടിക്ക് ആരോഗ്യവകുപ്പ് ഡയറക്ടറുടെ അനുമതി വേണമെന്ന് തഹസില്‍ദാര്‍ പി മുഹമ്മദ് റഫീഖ് യോഗത്തെ അറിയിച്ചു. മന്ദലാംകുന്ന് മുഹമ്മദുണ്ണി അധ്യക്ഷത വഹിച്ചു. തോമസ് ചിറമ്മല്‍, ലാസര്‍ പേരകം, എം കെ ഷംസുദ്ദീന്‍, ടി പി ഷാഹു, താലൂക്ക് ജൂനിയര്‍ സൂപ്രണ്ട് ഹരിദാസ്, വിവിധ വകുപ്പ് പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it