thrissur local

ചാവക്കാട്ട് കോണ്‍ഗ്രസ്സില്‍ എ-ഐ ഗ്രൂപ്പ് പ്രവര്‍ത്തനം ശക്തമാവുന്നു

ചാവക്കാട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ച എ ഗ്രൂപ്പ് അംഗങ്ങളെ ഒഴിവാക്കി ഐ ഗ്രൂപ്പ് യോഗം. നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് അംഗങ്ങളെ പരസ്പരം പരിചയപ്പെടുത്തുന്നതിനെന്ന പേരില്‍ കഴിഞ്ഞ ദിവസമാണ് എ ഗ്രൂപ്പ് അംഗങ്ങളെ ഒഴിവാക്കി ഐ ഗ്രൂപ്പ് അംഗങ്ങളുടെ യോഗം വിളിച്ചു ചേര്‍ത്തത്.
നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസിന്റെ ഒമ്പത് അംഗങ്ങളില്‍ ഐ ഗ്രൂപ്പില്‍പ്പെട്ട ഏഴുപേര്‍ മാത്രമേ യോഗത്തില്‍ പങ്കെടുത്തുള്ളൂ. എ ഗ്രൂപ്പുകാരായ രണ്ട് അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തില്ല. ഐ ഗ്രൂപ്പ് നേതാവും കെപിസിസി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായ പി കെ അബൂബക്കര്‍ ഹാജിയാണ് യോഗം വിളിച്ചു ചേര്‍ത്തതെന്നാണ് എ ഗ്രൂപ്പ് ആരോപണം.
എ ഗ്രൂപ്പ് നേതാവും ചാവക്കാട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റുമായ കെ വി ഷാനവാസ് ഉള്‍പ്പെടെയുള്ളവരെ അറിയിക്കാതേയായിരുന്നു യോഗം. ഐ ഗ്രൂപ്പിന്റെ നടപടിക്കെതിരേ കെപിസിസി പ്രസിഡന്റിന് പരാതി നല്‍കാനാണ് എ ഗ്രൂപ്പ് തീരുമാനം.
കോണ്‍ഗ്രസ് നേതാവ് എ സി ഹനീഫയെ കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് മേഖലയില്‍ ശക്തമായിരുന്ന ഗ്രൂപ്പ് പോര് തിരഞ്ഞെടുപ്പിനോടുബന്ധിച്ച് ശമനമുണ്ടായിരുന്നെങ്കിലും തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും ശക്തമായത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്.
ചരിത്രത്തില്‍ ആദ്യമായാണ് ബ്ലോക്ക് കമ്മിറ്റി ഇല്ലാതെ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് നേരിട്ടത്. എ സി ഹനീഫ വധത്തെ തുടര്‍ന്നാണ് കേസില്‍ ഗൂഢാലോചന നടത്തിയെന്നാരോപണ വിധേയനായ സി എ ഗോപപ്രതാപന്‍ പ്രസിഡന്റായ ബ്ലോക്ക് കമ്മിറ്റി കെപിസിസി പിരിച്ചു വിട്ടത്.
Next Story

RELATED STORIES

Share it