thrissur local

ചാവക്കാട്ട് അനധികൃത നിര്‍മാണങ്ങള്‍ പെരുകുന്നു; നിലം നികത്തലും വ്യാപകം

ചാവക്കാട്: നഗരസഭയില്‍ അനധികൃത നിര്‍മാണങ്ങള്‍ പെരുകുന്നു. നിലം നികത്തലും വ്യാപകമായി. പാലയൂര്‍, മുതുവുട്ടൂര്‍, ഓവുങ്ങല്‍, ആശുപത്രി റോഡ് മേഖലകളിലാണ് വിവിധ രാഷ്ട്രീയ നേതാക്കളുടെ പിന്തുണയില്‍ വ്യാപകമായി അനധികൃത നിര്‍മാണങ്ങള്‍ നടക്കുന്നത്. ചട്ടങ്ങള്‍ ലംഘിച്ച് നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പരാതിപ്പെടുന്നവരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുകയാണ് പതിവ്.
റോഡിനോട് ചേര്‍ന്നും തണ്ണീര്‍തടങ്ങള്‍ നികത്തിയും നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉടമകളില്‍ നിന്നും നേതാക്കള്‍ വന്‍ തുക വാങ്ങി ഒത്താശ നല്‍കുകയാണ് ചെയ്യുന്നത്.
നേതാക്കള്‍ക്ക് പുറമെ നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരും അനധികൃത നിര്‍മാണങ്ങള്‍ക്ക് കൂട്ടു നില്‍ക്കുന്നുണ്ട്. കെട്ടിട നിര്‍മ്മാണ കരാറുകാരനും മുന്‍ കൗണ്‍സിലറുമായ സിപിഎം നേതാവ് നഗരസഭയില്‍ നടക്കുന്ന അനധികൃത നിര്‍മാണങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നതെന്നാണ് ആരോപണം നേരത്തെ തന്നെ ശക്തമായിരുന്നു. പുന്നയില്‍ പ്രമുഖ കോണ്‍ഗ്രസ് നേതാവ് അദ്ദേഹത്തിന്റെ വീടിനടുത്തെ സ്ഥലവും വ്യാപകമായി നികത്തിയിട്ടുണ്ട്. ഇതിനെതിരേ സിപിഎം ആദ്യം രംഗത്തു വന്നെങ്കിലും ക്രമേണ പ്രതിഷേധത്തില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു.
നേരത്തെ ഓവുങ്ങല്‍ പള്ളിക്കടുത്ത് അനധികൃതമായി നടക്കുന്ന കെട്ടിട നിര്‍മാണം നിര്‍ത്തി വെക്കണമെന്ന് നഗരസഭ എഞ്ചിനീയര്‍ അറിയിച്ചിട്ടും സിപിഎമ്മുകാരനായ നഗരസഭ മുന്‍ കൗണ്‍സിലറുടെ പിന്തുണയിലാണ് കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കിയത്. നഗരസഭ കൗണ്‍സിലര്‍മാരായിരിക്കെ സിപിഎം കൗണ്‍സിലര്‍മാരുടെ ഇത്തരം നടപടികള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ വ്യാപക പ്രതിഷേധത്തിന് കാരണമാക്കിയിരുന്നു.
പാര്‍ട്ടിയില്‍ പിടിമുറുക്കിയ പണച്ചാക്കുകളായ നേതാക്കന്‍മാരാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ പരാതി.
Next Story

RELATED STORIES

Share it