thrissur local

ചാവക്കാടിന്റെ കാര്‍ഷികസ്വപ്‌നങ്ങള്‍ക്ക് ചിറകുമുളയ്ക്കുന്നു

ചാവക്കാട്: മത്തിക്കായല്‍ മുട്ടില്‍ പാടശേഖരത്തില്‍ നെല്ലും മീനും പച്ചക്കറിയും കൃഷിയിറക്കാന്‍ നഗരസഭ ആലോചിക്കുന്നു. ഇതിന്റെ സാധ്യതാ പഠനത്തിനായി കേരള കാര്‍ഷിക സര്‍വകലാശാലയിലെ പ്രഫ. പി കെ സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ചു. നഗരസഭയിലെ നൂറ് ഏക്കറോളം വരുന്ന മത്തിക്കായല്‍ മുട്ടില്‍ പാടശേഖരത്തില്‍ ഇത്തവണ കൃഷിയിറക്കേണ്ടെന്ന് പാട ശേഖര സമിതി തീരുമാനിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇവിടെ പുതിയ സാധ്യതകള്‍ തേടിയത്. ഇവിടെയുള്ള 25 ഏക്കര്‍ സ്ഥലത്ത് മല്‍സ്യ കൃഷിയും പച്ചക്കറി കൃഷിയും നടത്താനാണ് ആലോചന. നെല്ലും മീനും ഒരുമിച്ച് കൃഷി ചെയ്യുന്ന രീതിയും ഉദ്യോഗസ്ഥര്‍ മുന്നോട്ട് വച്ചിട്ടുണ്ട്. ഇതിനു ശേഷം പാടശേഖരത്തിലെ കുളവാഴയും മറ്റും നീക്കം ചെയ്യാതെ തന്നെ ഇതില്‍ മല്‍സ്യ കൃഷി ചെയ്യാമെന്ന പരീക്ഷണവും നടത്താന്‍ ഉദ്ദേശിച്ചിട്ടുണ്ട്. കുളവാഴയും മറ്റും ഭക്ഷിക്കുന്ന ഗ്രാഫ് കാര്‍പ്പ് മല്‍സ്യമാണ് ഇവിടെ കൃഷി ചെയ്യാന്‍ ആലോചിക്കുന്നത്. ഇതിന്റെ സാധ്യതാ പഠനത്തിനു വേണ്ടി ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള അക്വോകള്‍ച്ചര്‍ ഡവലപ്‌മെന്റ് ഓഫ് കേരളയിലെ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കും. വെള്ളത്തിന്റെയും മറ്റും ലഭ്യത അനുസരിച്ച് മല്‍സ്യകൃഷി ആരംഭിക്കാനാണ് തീരുമാനം. പാടശേഖരത്തില്‍ വലകെട്ടി വിഭജിച്ച് നെല്ലും മീനും പച്ചക്കറി കൃഷി ചെയ്യാനും ആലോചനയുണ്ട്.മേഖലയിലെ മത്തിക്കായല്‍ മുട്ടില്‍ പാടശേഖരത്തില്‍ നെല്ലും മീനും പച്ചക്കറിയും കൃഷി ആരംഭിക്കുന്നതോടെ ചാവക്കാടിന്റെ കാര്‍ഷിക സ്വപ്‌നങ്ങള്‍ക്ക് ചിറകുമുളക്കുമെന്നാണ് പ്രതീക്ഷ. ചെയര്‍മാന്‍ എന്‍ കെ അക്ബര്‍, വൈസ് ചെയര്‍മാന്‍ മഞ്ജുഷ സുരേഷ്, കെ എച്ച് സലാം, എ സി ആനന്ദന്‍, പി കെ ബാലന്‍, രാധാകൃഷ്ണന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it