ചാലിയാറിന്റെ തീരത്തു നന്‍മയുടെ വിത്തിറക്കി ഒരുപറ്റം യുവാക്കള്‍

കെ പി നജീബ്

ഫറോക്ക്: ചാലിയാറിന്റെ തീരത്തെ പാടശേഖരങ്ങളില്‍ നന്‍മയുടെ വിത്തിറക്കി വിളവെടുപ്പിനു തയ്യാറെടുക്കുകയാണ് ഫാറൂഖ് കോളജ് അണ്ടിക്കാടന്‍കുഴിയിലെ ഒരു പറ്റം യുവാക്കള്‍. ഫാറൂഖ് കോളജ് അണ്ടിക്കാടന്‍കുഴി ഷാ സാഹിബ് നഗറിലെ സാമൂഹികപ്രവര്‍ത്തകര്‍ കൂടിയായ 20 പേരടങ്ങിയ സംഘമാണ് നന്‍മയെന്ന പേരില്‍ സ്വാശ്രയസംഘം രൂപീകരിച്ചു കൃഷിയുടെ ബാലപാഠങ്ങളും മായമില്ലാത്ത വിളവും തേടിയിറങ്ങിയത്. കരിങ്കല്ലായിപ്പാടത്തെ മൂന്ന് ഏക്കര്‍ ഭൂമിയില്‍ നെല്ലും നേന്ത്രവാഴയുമാണ് പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചത്.
ചാലിയാറിന്റെ തീരമായതിനാല്‍ എപ്പോഴും വെള്ളം നില്‍ക്കുന്ന ഇവിടെ രാസവളം തീരെ ഉപയോഗിക്കാതെ പൂര്‍ണമായും ജൈവവളം മാത്രമാണു പ്രയോജനപ്പെടുത്തിയതെന്ന് സംഘം പ്രസിഡണ്ടും എഫ്‌സിഐ ജീവനക്കാരനുമായ അഷ്‌റഫ് കണ്ടിയില്‍ പറഞ്ഞു. പഴയ കാലത്ത് കാര്‍ഷിക മേഖലയായി അറിയപ്പെട്ടിരുന്ന കരിങ്കല്ലായി പാടത്തിന്റെ പ്രതാപം വീണ്ടെടുക്കുകയാണ് ലക്ഷ്യമെന്ന് സംഘം ഖജാഞ്ചിയും അധ്യാപകനുമായ കെ കെ മുജീബ് റഹ്മാന്‍ അഭിപ്രായപ്പെട്ടു. കീടനാശിനിയെന്ന മഹാമാരി ഇവര്‍ ഇവിടേക്ക് അടുപ്പിച്ചിട്ടില്ല. നെല്‍വയലും ചതുപ്പു നിലങ്ങളുമായ കരിങ്കല്ലായിപ്പാടത്തിന്റെ പടിഞ്ഞാറു വശം പൂര്‍ണമായും ഭുമാഫിയ കൈവശപ്പെടുത്തി മണ്ണിട്ട് നികത്തിയതിനാല്‍ പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകള്‍പോലും ആശങ്കയുടെ വക്കിലാണെന്ന് സംഘത്തിലെ മുതിര്‍ന്ന അംഗമായ കെ കെ മുഹമ്മദ്‌കോയ പറഞ്ഞു.
Next Story

RELATED STORIES

Share it