ചാലക്കുടിക്കാരന്‍ ചങ്ങാതീ... പൊട്ടിച്ചിരിയുടെ മണിനാദം നിലച്ചു

ഫഖ്‌റുദ്ദീന്‍ പന്താവൂര്‍

പൊന്നാനി: ആബേല്‍ അച്ചന്‍ മലയാള സിനിമയ്ക്കു നല്‍കിയ നിരവധി സംഭാവനകളില്‍ ഒന്നാണ് കലാഭവന്‍ മണി. മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരുപിടി നാടന്‍ പാട്ടുകളും കണ്ണു കാണാത്ത രാമുവായും കരുമാടിക്കുട്ടനായും വിക്കുള്ള മന്ത്രി ഗുണശേഖരനായും കൊച്ചിയിലെ ഗുണ്ടാ പോലിസ് സിഐ നടേശനായും പിന്നെ നമ്മുടെ സ്വന്തം ലൂയി പാപ്പനായും മറ്റും ഒരുപിടി നല്ല കഥാപാത്രങ്ങള്‍ എന്നും ഓര്‍ക്കാന്‍ തന്ന് മണിച്ചേട്ടന്‍ പോയി.
നാടന്‍ പാട്ടിലൂടെയും മിമിക്രിയിലൂടെയും മലയാളികളുടെ മനസ്സില്‍ ചേക്കേറിയ മണി, അക്ഷരം എന്ന സിനിമയിലൂടെയാണു വെള്ളിത്തിരയിലെത്തിയത്. നിരവധി തമാശവേഷങ്ങളിലൂടെ മലയാളിയുടെ സ്വന്തം താരമായി മാറി. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലെ രാമുവിലൂടെ ദേശീയ സംസ്ഥാന തലത്തില്‍ പ്രത്യേക ജൂറി അവാര്‍ഡും മണി നേടി. മണിയുടെ ചിരിയുടെ രീതിപോലും മലയാളിക്കു സുപരിചിതമായിരുന്നു. കലാഭവന്‍ മണി എന്ന നടനെ ഒരു പരിധിവരെ ശരിക്കും ഉപയോഗിച്ച സംവിധായകന്‍ വിനയന്‍ മാത്രമായിരുന്നു.
തമിഴിലും തെലുങ്കിലുമായി നൂറോളം സിനിമകളില്‍ വേഷമിട്ട മണി, തെന്നിന്ത്യയിലെ പ്രധാനപ്പെട്ട വില്ലന്‍ വേഷങ്ങളിലാണ് തിളങ്ങിയത്. അവസാനകാലത്ത് തമിഴ് സിനിമകളിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. നാടന്‍പാട്ടുകളെ വീണ്ടും മലയാളികളുടെ ചുണ്ടിലേക്കെത്തിക്കാന്‍ മണിയോളം പരിശ്രമിച്ച മറ്റൊരാളില്ല. നാടന്‍പാട്ട് കാസറ്റുകളും ഉല്‍സവ പറമ്പുകളും മണിക്കു സ്വന്തമായി. ചാലക്കുടി ചന്തയ്ക്ക് പോവുമ്പോഴും കണ്ണിമാങ്ങാ പ്രായത്തിലുമെല്ലാം മലയാളമുള്ള കാലത്തോളം മറക്കാത്തവണ്ണം മനസ്സിലുറപ്പിച്ചതു മണിയാണ്. സിനിമയില്‍ നൂറോളം പാട്ടുകള്‍ പാടുകയും രണ്ട് സിനിമകള്‍ക്ക് സംഗീതം നല്‍കുകയും ചെയ്തിരുന്നു. 20ഓളം സിനിമകളില്‍ പാടുകയും ചെയ്തു. എംഎല്‍എ മണിയെന്ന സിനിമയ്ക്ക് കഥയും എഴുതി. ചാലക്കുടി ഗവ. ബോയ്‌സ് ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ അനുകരണകല മണിയുടെ തലയ്ക്കുപിടിച്ചിരുന്നു.
മോണോആക്ടില്‍ മണി യുവജനോല്‍സവങ്ങളില്‍ മല്‍സരിച്ചു. 1987ല്‍ കൊല്ലത്തു നടന്ന സംസ്ഥാന സ്‌കൂള്‍ യുവജനോല്‍സവത്തില്‍ മോണോആക്ടില്‍ ഒന്നാമനാവാന്‍ കഴിഞ്ഞത് മണിയുടെ ജീവിതത്തിനു വഴിത്തിരിവായി. അനുകരണകലയില്‍ തനിക്ക് ഭാവിയുണ്ടെന്നു തിരിച്ചറിഞ്ഞ മണി കുടുംബത്തിലെ ദാരിദ്ര്യമകറ്റാന്‍ പിന്നീട് ഈ കലയും ഉപയോഗിച്ചുതുടങ്ങി. സ്‌കൂള്‍ പഠനം തീരാറായപ്പോള്‍ ഓട്ടോറിക്ഷ ഒടിക്കാന്‍ പഠിച്ച മണി പകല്‍ ഓട്ടോ ഡ്രൈവറും രാത്രി മിമിക്രി ആര്‍ട്ടിസ്റ്റുമായി. ധാരാളം മിമിക്രി ട്രൂപ്പുകളുണ്ടായിരുന്ന കേരളത്തില്‍ പല ട്രൂപ്പുകള്‍ക്കുവേണ്ടി മിമിക്രി അവതരിപ്പിച്ച് മണി പണമുണ്ടാക്കി. ഇരിങ്ങാലക്കുടയില്‍വച്ചു പരിചയപ്പെട്ട പീറ്റര്‍ എന്ന വ്യക്തി മണിയെ കലാഭവനുമായി ബന്ധിപ്പിച്ചു. ഇടയ്ക്ക് വിനോദശാല എന്ന ടെലിവിഷന്‍ പരമ്പരയില്‍ അഭിനയിക്കാന്‍ പോയതിനാല്‍ കലാഭവനുമായുള്ള ബന്ധം അറ്റുപോയി. കലാഭവനിലെ ജോലി നഷ്ടപ്പെട്ടതോടെ അഭിനയരംഗത്തു ശ്രദ്ധിക്കാനുള്ള തീരുമാനമെടുത്ത് മണി സിനിമാക്കാരെ കണ്ടുതുടങ്ങി.
സമുദായം എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറിയത്. ചെറിയ വേഷങ്ങള്‍ ചെയ്ത് മണി ഉയരുകയായിരുന്നു. സിബി മലയിലിന്റെ അക്ഷരം എന്ന ചിത്രത്തില്‍ ഓട്ടോറിക്ഷ ഡ്രൈവറായി അഭിനയിച്ചു. സല്ലാപത്തിലെ ചെത്തുകാരന്റെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ പ്രമുഖ സിനിമാ സംവിധായകര്‍ മണിയെ തേടിയെത്തി. ഉദ്യാനപാലകന്‍, ഭൂതക്കണ്ണാടി എന്നീ ചിത്രങ്ങളില്‍ സീരിയസ് വേഷമായിരുന്നു.ഓട്ടോഡ്രൈവറില്‍ നിന്നും കൂലിപ്പണിക്കാരനില്‍ നിന്നും മികച്ച നടനിലേക്കുള്ള പ്രയാണത്തിലെ കഠിനാധ്വാനത്തിലെ മാതൃക ഈ തലമുറയ്ക്ക് ഈടുവയ്പ്പു തന്നെ! നായക സങ്കല്‍പ്പങ്ങളിലെ വാര്‍പ്പു മാതൃകകളെയും സവര്‍ണ ശാഠ്യങ്ങളെയും പൊളിച്ചെഴുതിയ മണിയുടെ വളര്‍ച്ചയില്‍ കീഴാള രാഷ്ട്രീയത്തിന്റെ പ്രസക്തിയുണ്ട്.
മലയാളത്തിന്റെ മണികിലുക്കം നിലച്ചിരിക്കുന്നു. കല്‍പ്പന, ഒഎന്‍വി തുടങ്ങി മലയാളിക്ക് പെരും നഷ്ടങ്ങളുടെ മാസമായിരുന്നു ഫെബ്രുവരി. ഇപ്പോഴിതാ മാര്‍ച്ചിന്റെ തുടക്കത്തില്‍ തന്നെ മലയാളിക്ക് ഏറെ പ്രിയങ്കരനായ കരുമാടിക്കുട്ടനും വിടപറഞ്ഞിരിക്കുന്നു.
Next Story

RELATED STORIES

Share it