ചാരവൃത്തി: മലയാളി അറസ്റ്റില്‍

ഭതിന്ദ: പാക് ചാരസംഘടനയായ ഐഎസ്‌ഐക്കു സൈനിക വിവരങ്ങള്‍ ചോര്‍ത്തിനല്‍കിയതിനു മുന്‍ വ്യോമസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. മലപ്പുറം ജില്ലക്കാരന്‍ രഞ്ജിത്ത് കെ കെ യാണ് അറസ്റ്റിലായത്. ഇദ്ദേഹത്തെ ഡല്‍ഹി മെട്രോപൊളിറ്റന്‍ കോടതി നാലു ദിവസത്തെ പോലിസ് കസ്റ്റഡിയില്‍ വിട്ടു. പഞ്ചാബിലെ ഭതിന്ദയില്‍ വച്ചാണ് പോലിസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ ഈയിടെ വ്യോമസേനയില്‍ നിന്നു പിരിച്ചുവിട്ടിരുന്നു.
2010ല്‍ വ്യോമസേനയില്‍ ചേര്‍ന്ന ഇയാള്‍ എയര്‍ക്രാഫ്റ്റ്മാന്‍ എന്ന പദവിയിലാണ് ജോലി ചെയ്തിരുന്നത്. സുരക്ഷാ ഏജന്‍സികള്‍ മാസങ്ങളായി ഇയാളെ നിരീക്ഷിച്ചുവരുകയായിരുന്നു. സാമൂഹിക മാധ്യമത്തിലൂടെ തന്ത്രപൂര്‍വമാണ് സുരക്ഷാസേന ഇദ്ദേഹത്തെ വലയിലാക്കിയത്. ബ്രിട്ടന്‍ ആസ്ഥാനമായുള്ള ഒരു മാധ്യമസ്ഥാപനത്തിന്റെ എക്‌സിക്യൂട്ടീവെന്ന വ്യാജേന ദാമിനി മെക്‌നോട്ട് എന്ന ഒരു സ്ത്രീയുടെ പേരില്‍ സാമൂഹിക മാധ്യമത്തിലൂടെ സുരക്ഷാസേന ഇയാളുമായി ബന്ധം സ്ഥാപിച്ചു. ഇയാള്‍ അവര്‍ക്കും സൈനിക രഹസ്യങ്ങള്‍ കൈമാറി. ഇ-മെയിലിലൂടെ കൈമാറിയ രേഖകള്‍ ദേശീയ സുരക്ഷയ്ക്കു ഭീഷണിയാണെന്നു കണ്ടെത്തിയതായി പോലിസ് പറഞ്ഞു.
ഔദ്യോഗിക രഹസ്യ നിയമപ്രകാരമാണ് അറസ്റ്റ്. രഞ്ജിത്തുമായി ബന്ധപ്പെട്ട് ചാരപ്രവര്‍ത്തനം നടത്തിയ അഞ്ചു പേരെ കൂടി പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സര്‍വീസിലുള്ളതും വിരമിച്ചവരുമായ സൈനിക ഉദ്യോഗസ്ഥരും ഒരു ബിഎസ്എഫ് സൈനികനും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും.
Next Story

RELATED STORIES

Share it