ചാരന്മാര്‍: ഇന്തോ-പാക് ശത്രുതയുടെ നിശ്ശബ്ദ ഇരകള്‍

മുഹമ്മദ് സാബിത്

ന്യൂഡല്‍ഹി: ബലൂചിസ്താനി ല്‍നിന്ന് പിടിയിലായ ഹുസയ്ന്‍ മുബാറക് പട്ടേല്‍ എന്ന കുല്‍ഭൂഷണ്‍ യാദവ് ഇന്ത്യന്‍ ചാരനാണെന്നു പാകിസ്താന്‍ ആവര്‍ത്തിക്കുമ്പോഴും ഇന്ത്യ നിഷേധിക്കുകയാണ്. നിലവില്‍ തങ്ങളുമായി ബന്ധമില്ലാത്ത മുന്‍ നേവി ഉദ്യോഗസ്ഥന്‍ മാത്രമാണ് യാദവ് എന്നാണ് ഇന്ത്യയുടെ വാദം. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട ഇന്തോ-പാക് ഉഭയകക്ഷി ചര്‍ച്ച മാറ്റിവച്ചാല്‍ യാദവിനെ കാത്തിരിക്കുന്നത് മോശം ദിനങ്ങളായിരിക്കുമെന്ന് മുന്‍ ചാരന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു.
യാദവ് ഇന്ത്യന്‍ ചാരനാണെന്ന് ഇന്ത്യ സമ്മതിച്ചാലും ഇല്ലെങ്കിലും ചാരവൃത്തിയുമായി ബന്ധപ്പെട്ട് ഇതിനുമുമ്പ് പാകിസ്താനില്‍ അറസ്റ്റിലായവരുടെ അനുഭവങ്ങള്‍ സുഖകരമല്ലെന്ന് ഔട്ട്‌ലുക്ക് പ്രസിദ്ധീകരിച്ച ലേഖനം ചൂണ്ടിക്കാണിക്കുന്നു. പിടിയിലാവുന്നവര്‍ തങ്ങളുടെ ചാരന്മാരാണെന്ന് ഏതു രാജ്യവും അംഗീകരിക്കുക വളരെ അപൂര്‍വമാണ്. എങ്കിലും വിദേശ ജയിലുകളില്‍ തികച്ചും ശത്രുതാപരമായ സാഹചര്യത്തില്‍ കഴിയുന്ന തങ്ങളടെ പൗരന്മാര്‍ക്ക് മതിയായ സൗകര്യം ലഭിക്കുന്നുണ്ടെന്നും അവരുടെ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നില്ലെന്നും ഉറപ്പുവരുത്താന്‍ മിക്ക രാജ്യങ്ങളും ശ്രമിക്കാറുണ്ട്. എന്നാല്‍, ഇന്ത്യന്‍ അധികൃതര്‍ ഈ കാര്യത്തിലും പിന്നാക്കമാണെന്നാണ് അനുഭവങ്ങള്‍.
ലാഹോര്‍ ജയിലില്‍ 2013ല്‍ സഹതടവുകാരാല്‍ കൊല്ലപ്പെട്ട സരബ്ജിത് സിങും ഇതേ ജയിലില്‍തന്നെ മരണപ്പെട്ട ചമല്‍സിങും മാത്രമാണ് തങ്ങളുടെ ചാരന്മാരാണെന്ന് ഇന്ത്യ അംഗീകരിച്ച അപൂര്‍വം ചിലര്‍. ജമ്മു സ്വദേശിയായ ചമല്‍സിങിന്റെ മരണം നരേന്ദ്രമോദി 2014 തിരഞ്ഞെടുപ്പുകാലത്ത് വിഷയമാക്കി ഉയര്‍ത്തിയിരുന്നു. സരബ്ജിത് സിങിന് മാധ്യമശ്രദ്ധ വേണ്ടുവോളം ലഭിച്ചപ്പോള്‍ ജമ്മു സ്വദേശിയായ ചമല്‍ സിങിനെ മാധ്യമങ്ങള്‍ അവഗണിച്ചെന്ന് ജമ്മുവിലെ ഒരു റാലിയില്‍ മോദി പറഞ്ഞു. യുപിഎ സര്‍ക്കാര്‍ ചമല്‍സിങിന്റെ കുടുംബത്തിന് ഒന്നേകാല്‍ കോടി രൂപ നഷ്ട പരിഹാരം നല്‍കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ചമല്‍സിങിന് സര്‍ക്കാര്‍ രക്തസാക്ഷി പദവി നല്‍കണമെന്നാവശ്യപ്പെട്ട ബിജെപി എംപി അവിനാശ് റായ് ഖന്ന അദ്ദേഹത്തിന്റെ കുടുംബത്തിന് മൂന്നുലക്ഷം രൂപ സംഭാവന നല്‍കി. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഒരു ബിജെപി നേതാവും ഇതുവരെ തങ്ങളെ സമീപിച്ചിട്ടില്ലെന്ന് ചമല്‍സിങിന്റെ വിധവ കംലേഷ് ദേവി പറയുന്നു.
മരിച്ചുകഴിഞ്ഞാല്‍ സര്‍ക്കാ ര്‍ ബഹുമതികള്‍ ഒന്നും ചാരന്മാര്‍ക്ക് ലഭിക്കാറില്ല. രഹസ്യസ്വഭാവം അതിന്റെ അവിഭാജ്യ ഘടകമാണ്. ചാരന്മാര്‍ ഏറ്റെടുക്കുന്ന വന്‍ വെല്ലുവിളിയും ഏതു നിമിഷവും വന്നുപെടുന്ന പ്രശ്‌നങ്ങളും കാരണം മിക്ക സര്‍ക്കാരുകളും ആവശ്യമായ സാമ്പത്തിക സഹായം ചാരന്മാര്‍ക്കും അവരുടെ കുടുംബത്തിനും നല്‍കാറുണ്ട്. എന്നാല്‍ ഇന്ത്യന്‍ ഏജന്‍സികള്‍ ജമ്മുകശ്മീരില്‍ നിന്നു റിക്രൂട്ട് ചെയ്യുന്ന ചാരന്മാരില്‍ പലര്‍ക്കും ഇത്തരം സഹായം ലഭിക്കാറില്ല. മേഖലയെയും അവിടത്തെ ഭാഷയെയും ആചാരങ്ങളെയും കുറിച്ചുള്ള ധാരണ മുന്‍നിര്‍ത്തി ദരിദ്രരും വിദ്യാഭ്യാസയോഗ്യത കുറഞ്ഞവരുമായ നാട്ടുകാരെയാണ് പലപ്പോഴും ജമ്മുകശ്മീരില്‍നിന്ന് പാകിസ്താനില്‍ ചാരപ്പണിക്ക് റിക്രൂട്ട് ചെയ്യാറുള്ളതെന്ന് ഔട്ട്‌ലുക്ക് റിപോര്‍ട്ട് തെളിവുസഹിതം ചൂണ്ടിക്കാട്ടുന്നു. കുറഞ്ഞ ശമ്പളത്തിന് പുറമെ സാഹസികത നിറഞ്ഞതും കാല്‍പനികവുമായ ദേശസ്‌നേഹമാണ് ഇവരെ ഈ ജോലിയിലെത്തിക്കുന്നത്. പിടിക്കപ്പെട്ടാല്‍ ഭരണകൂടം ഇവരെ കൈയൊഴിയുക പതിവാണെന്ന് മുന്‍ ചാരന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു. മു ന്‍ ഇന്ത്യന്‍ ചാരന്മാരുടെ ജമ്മു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനാ അധ്യക്ഷന്‍ വിനോദ് സാവ്‌നിയുടെ അനുഭവം റിപോര്‍ട്ടില്‍ കാണാം. ജമ്മു ബസ്സ്റ്റാന്റിന് സമീപം ദേശപ്രേമി ഫാസ്റ്റ് ഫുഡ് കോര്‍ണര്‍ നടത്തുന്ന വിനോദ് താന്‍ രഹസ്യാന്യേഷണ സംഘടനകള്‍ക്കുവേണ്ടി 120 തവണ പാകിസ്താനില്‍ പോയിരുന്നതായി വെളിപ്പെടുത്തി. 15 വര്‍ഷത്തോളം പാക് ജയിലുകളില്‍ തടവനുഭവിച്ച തനിക്ക് പിന്നീട് ബന്ധുക്കളില്‍നിന്നും പോലിസില്‍നിന്നും പീഡനങ്ങളേല്‍ക്കേണ്ടി വന്നു. വിനോദിന്റെ ഭാഷയില്‍ ചാരന്മാര്‍ വെറും കരുക്കളാണ്.
വീട്ടിലെ ദാരിദ്ര്യമോ ദേശസ്‌നേഹത്തെക്കുറിച്ചുള്ള കാല്‍പനിക ആശയങ്ങളോ ആണ് ഇവരെ ഇതിലേക്കാകര്‍ഷിക്കുന്നത്. റിക്രൂട്ട് നടത്തുമ്പോള്‍ നല്ല വാഗ്ദാനങ്ങള്‍ ലഭിക്കുന്നു. എന്നാ ല്‍, ഏങ്ങനെയെങ്കിലും പിടിക്കപ്പെട്ടാല്‍ അധികൃതര്‍ കൈയൊഴിയും. പിന്നീട് നിയമവിരുദ്ധമായി അതിര്‍ത്തി കടന്നവരോ കള്ളക്കടത്തുകാരോ മീന്‍ പിടുത്തക്കാരോ ആയി പ്രഖ്യാപിക്കപ്പെടുന്നതായി വിനോദ് സാവ്‌നി പറഞ്ഞു.
റോയ്ക്ക്‌വേണ്ടി ചാരപ്പണി ചെയ്യാന്‍ നൂറിലേറെ തവണ താന്‍ പാകിസ്താനില്‍ കടന്നിട്ടുണ്ടെന്ന് 53കാരനായ സ്വര്‍ണലാല്‍ സാക്ഷ്യപ്പെടുത്തുന്നു. അവിടത്തെ ചിലയിടങ്ങളിലെ ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു ലാലിനെ ഏല്‍പ്പിച്ച ദൗത്യം. ചാരന്മാരെക്കുറിച്ചുള്ള നോവലുകളോടുള്ള താല്‍പര്യവും അമിത ദേശസ്‌നേഹവും കാരണം അകന്ന ബന്ധുവാണ് തന്നെ ഇതിലേക്കു നയിച്ചത്. പാകിസ്താനില്‍ പിടിക്കപ്പെട്ടതിനുശേഷം കുടുംബം പോറ്റാന്‍ ഭാര്യക്ക് തെരുവില്‍ പച്ചക്കറി വില്‍ക്കേണ്ടിവന്നു.മറ്റു രാജ്യങ്ങളില്‍നിന്നുള്ള തടവുകാരെ കാണാനും അവരുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താനും അതാത് രാജ്യങ്ങളിലെ ഉദ്യോഗസ്ഥര്‍ ഇടയ്ക്കിടെ ജയി ല്‍ സന്ദര്‍ശിക്കാറുണ്ട്. എന്നാല്‍ തന്നെ വെറും രണ്ടുതവണ മാത്രമാണ് ഇന്ത്യന്‍ അധികൃതര്‍ സന്ദര്‍ശിച്ചതെന്ന് ലാല്‍ ഓര്‍മിച്ചു.
തന്നെ ഇന്ത്യയിലേക്ക് നാടുകടത്താന്‍ മുന്‍കൈയെടുക്കണമെന്ന ലാലിന്റെ അഭ്യര്‍ഥനയ്ക്ക് മറുപടിയായി പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ 2003 ആഗസ്ത് 26ന് എഴുതിയ കത്ത് ഇങ്ങനെ:'താങ്കള്‍ക്ക് കോ ണ്‍സുലര്‍ സേവനം ലഭ്യമാക്കാ ന്‍ പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയത്തോട് ഹൈക്കമ്മീഷന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇതിനായി അവര്‍ ഒരു തിയ്യതി നിശ്ചയിക്കും. താങ്കള്‍ക്ക് ഉടന്‍ ഇന്ത്യയിലേക്ക് മടങ്ങാനാവുമെന്നും പ്രതീക്ഷിക്കുന്നു. മോചനത്തിന് മൂന്നു മാസം മുമ്പ് തന്നെ സന്ദര്‍ശിക്കാനെത്തിയ ഇന്ത്യന്‍ ഉദ്യോഗസ്ഥനോട് തന്റെ മോചനത്തിനായി ശ്രമിക്കണമെന്ന് ലാല്‍ അഭ്യര്‍ഥിച്ചു. എന്നാല്‍ ആ ഉദ്യോഗസ്ഥന്റെ മറുപടി ലാല്‍ ഇന്നും ഓര്‍ക്കുന്നു. താങ്കളോട് ആരുപറഞ്ഞു ഇവിടെ വരാന്‍.
Next Story

RELATED STORIES

Share it