ചായം പൂശിയ വീട് എന്ന സിനിമയ്ക്ക് സര്‍ട്ടിഫിക്കറ്റ് തീരുമാനം സിബിഎഫ്‌സിക്കു വിടാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം

കൊച്ചി: സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് അനുമതി നിഷേധിക്കപ്പെട്ട 'ചായം പൂശിയ വീട്' (ദ പെയിന്റഡ് ഹൗസ്) എന്ന സിനിമയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്‌സി)ന്റെ തിരുവനന്തപുരം റീജ്യനല്‍ ഓഫിസ് അധികൃതര്‍ക്കു ഹൈക്കോടതി നിര്‍ദേശം നല്‍കി. രണ്ടാഴ്ചയ്ക്കകം ഇതുസംബന്ധിച്ച തീരുമാനമറിയിക്കണമെന്നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജഡ്ജി ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖിന്റെ നിര്‍ദേശം.

ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാളായ സന്തോഷ് ബാബുസേനന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പരാതി പരിഗണിച്ചാണ് ഈ നിര്‍ദേശം. തിരുവനന്തപുരം സ്വദേശിയായ സന്തോഷും സഹോദരന്‍ സതീഷ് ബാബുസേനനും ചേര്‍ന്നാണ് 'ചായം പൂശിയ വീട്' എന്ന മലയാള ചലച്ചിത്രത്തിന്റെ നിര്‍മാണവും സംവിധാനവും നിര്‍വഹിച്ചിട്ടുള്ളത്. ചിത്രത്തിന് സിബിഎഫ്‌സി സെന്‍സര്‍ അനുമതി നല്‍കിയിരുന്നില്ല. സര്‍ട്ടിഫിക്കറ്റിനായി ചിത്രം സമര്‍പ്പിച്ചപ്പോള്‍ അതിലെ മൂന്ന് അശ്ലീലരംഗങ്ങളും ഒരു നാടന്‍ സംസാരവും നീക്കംചെയ്യാന്‍ ബോര്‍ഡംഗങ്ങള്‍ ഇവരോടാവശ്യപ്പെടുകയായിരുന്നു.

ഏതെങ്കിലുമൊരു ഭാഗം നീക്കംചെയ്യുന്നത് ഈ സിനിമയുടെ അടിസ്ഥാന ആശയത്തെയും അത് കൈകാര്യം ചെയ്ത രീതിയെയും സാരമായി ബാധിക്കുമെന്നായിരുന്നു നിര്‍മാതാക്കളുടെ വാദം. നഗ്നത ലൈംഗികതയുമായി ബന്ധപ്പെടുത്തിയല്ല സിനിമയില്‍ കാണിച്ചിട്ടുള്ളതെന്നും ഈ രംഗങ്ങള്‍ അശ്ലീലതയുള്ളതോ സഭ്യതയുടെ അതിരുകള്‍ ലംഘിക്കുന്നതോ അല്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.സിബിഎഫ്‌സി എന്നത് സെന്‍സറിങ് സമിതിയല്ലെന്നും കേന്ദ്ര വിവര -വാര്‍ത്താ വിനിമയ മന്ത്രാലയത്തിനു കീഴിലുള്ള സര്‍ട്ടിഫിക്കേഷന്‍ സമിതിയാണെന്നും ഹരജിക്കാര്‍ക്കുവേണ്ടി ഹാജരായ അഡ്വ. സെബാസ്റ്റിയന്‍ പോള്‍ ചൂണ്ടിക്കാട്ടി. 1952ലെ സിനിമാട്ടോഗ്രാഫി നിയമമനുസരിച്ച് പൊതുപ്രദര്‍ശനത്തിനുള്ള ക്രമീകരണമേര്‍പ്പെടുത്തുക മാത്രമാണ് ഈ സമിതിയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story

RELATED STORIES

Share it