ചാനലുകളെ വിമര്‍ശിച്ച് ജ. കെ ടി ശങ്കരന്‍

മൂവാറ്റുപുഴ: ആശയക്കുഴപ്പം സൃഷ്ടിക്കുന്ന തരത്തില്‍ രാഷ്ട്രീയ മുതലെടുപ്പിനു സഹായിക്കുന്ന വിധത്തിലാണ് ചാനലുകളിലെ ചര്‍ച്ചകള്‍ നടക്കുന്നതെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ ടി ശങ്കരന്‍. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ ജുഡീഷ്യറിയെയും ജനാധിപത്യ സംവിധാനത്തെയും ദുര്‍ബലപ്പെടുത്തുന്നു. ന്യായാധിപന്‍മാര്‍ക്ക് തങ്ങളുടെ ഭാഗം ജനങ്ങളോടു പറയാന്‍ അവസരമില്ല. ഇതു പലപ്പോഴും മുതലെടുക്കുകയാണ്. വിധിന്യായങ്ങളെ വിമര്‍ശിക്കാം. എന്നാല്‍, അത് ജുഡീഷ്യല്‍ സംവിധാനങ്ങളെ നശിപ്പിക്കുന്ന തരത്തിലാവരുത്. വ്യക്തിക്കല്ല സ്ഥാപനത്തിനാണ് ഇവിടെ പ്രാധാന്യം. ജുഡീഷ്യല്‍ സംവിധാനം നിലനില്‍ക്കേണ്ടത് ജനാധിപത്യസംവിധാനത്തില്‍ അനിവാര്യമാണ്. സമൂഹത്തിലുള്ള ഭൂരിഭാഗം പേരും നിയമ സാക്ഷരതയില്ലാത്തവരാണ്. ജനാധിപത്യത്തില്‍ എല്ലാ ഘടകങ്ങളും ഒരുപോലെ ശക്തമായി പ്രവര്‍ത്തിപ്പിച്ചാല്‍ മാത്രമേ ജനാധിപത്യത്തിന്റെ അന്തസ്സ് ശരിയായി കാത്തുസൂക്ഷിക്കാനാവൂ. 1600 ജീവനക്കാരുള്ള ഹൈക്കോടതിയില്‍ ഒരാള്‍പോലും കൈക്കൂലിക്കാരില്ല. ഇത്രയും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമുണ്ടെന്ന് പലര്‍ക്കും അറിവില്ല. ഹര്‍ത്താല്‍ അടക്കമുള്ള സമയങ്ങളിലും കോടതി പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, കോടതിയുടെ പോരായ്മകള്‍ അറിയിക്കാനാണ് പലപ്പോഴും മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും ജസ്റ്റിസ് പറഞ്ഞു.
Next Story

RELATED STORIES

Share it