ചാത്തുവേട്ടന് 30,000 നല്‍കി'ഇന്ദുലേഖ' തടിയൂരി

ചാത്തുവേട്ടന് 30,000 നല്‍കിഇന്ദുലേഖ തടിയൂരി
X
indulekhaമാനന്തവാടി: ഇന്ദുലേഖ സോ പ്പ് ഉപയോഗിച്ചാല്‍ സൗന്ദര്യം തേടിവരുമെന്ന വാഗ്ദാനത്തില്‍ വഞ്ചിക്കപ്പെട്ടെന്നാരോപിച്ചു പരാതിനല്‍കിയ മാനന്തവാടി സ്വദേശിക്ക് എതിര്‍കക്ഷികള്‍ 30,000 രൂപ നഷ്ടപരിഹാരം നല്‍കി കേസൊതുക്കി. ഇന്ദുലേഖ സോപ്പ് ഉപയോഗിച്ചാല്‍ സൗന്ദര്യം വരുമെന്ന നടന്‍ മമ്മൂട്ടിയുടെ വാഗ്ദാനത്തില്‍ വഞ്ചിക്കപ്പെട്ടെന്നാരോപിച്ചാണ് ജില്ലാ ഉപഭോക്തൃ കോടതിയില്‍ അമ്പുകുത്തി കൂപ്പില്‍ വീട്ടില്‍ കെ ചാത്തു പരാതി നല്‍കിയത്. താനും കുടുംബവും ഒരു വര്‍ഷമായി ഇന്ദുലേഖ സോപ്പാണ് ഉപയോഗിക്കുന്നത്. മമ്മൂട്ടിയുടെ പരസ്യവാചകം കേട്ടാണ് ഇതുപയോഗിക്കാന്‍ തുടങ്ങിയതെന്നും എന്നാല്‍, തങ്ങള്‍ വഞ്ചിക്കപ്പെടുകയായിരുന്നുവെന്നുമാണ് ചാത്തു  കഴിഞ്ഞ ആഗസ്ത് 24ന് പരാതി നല്‍കിയത്. പിന്നീട് അസുഖം മൂലം രണ്ടുതവണ കോടതിയില്‍ ഹാജരാവാന്‍ ചാത്തുവിന് കഴിഞ്ഞിരുന്നില്ല. ഒടുവില്‍ ജനുവരി ആറിന് കേസ് പരിഗണനയ്‌ക്കെടുത്തു. എന്നാല്‍, അഞ്ചിനു തന്നെ എതിര്‍കക്ഷികളുടെ അഭിഭാഷകന്‍ ചാത്തുവിന്റെ അഭിഭാഷകനായ അബ്ദുല്‍ സലീമിനെ ഒത്തുതീര്‍പ്പിനു വേണ്ടി സമീപിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ 30,000 രൂപ ചാത്തുവിന് നല്‍കാമെന്ന ധാരണയില്‍ കേസ് പിന്‍വലിപ്പിക്കുകയായിരുന്നു.

ഇന്ദുലേഖ കമ്പനി ഹിന്ദുസ്ഥാന്‍ ലിവര്‍ ഏറ്റെടുക്കുന്നതിന്റെ നടപടിക്രമങ്ങളുടെ ഭാഗമായാണ് കേസ് ഒതുക്കിത്തീര്‍ത്തതെന്നും സൂചനയുണ്ട്. നിരവധി സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങളില്‍ സിനിമാതാരങ്ങള്‍ അഭിനയിക്കുന്നുണ്ട്. കമ്പനിയുടെ പരസ്യവാചകങ്ങള്‍ പറയുന്ന ഇവര്‍ക്ക് ഉല്‍പ്പന്നങ്ങളുടെ നിലവാരത്തെക്കുറിച്ച് അറിവില്ല. പണം വാങ്ങി ജനങ്ങളെ കബളിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ ഇവര്‍ കൂട്ടുനില്‍ക്കുന്നതു തടയാനാണ് ഈ കേസ് ഫയല്‍ ചെയ്തതെന്നാണ് ചാത്തുവിന്റെ പക്ഷം. 50,000 രൂപ നഷ്ടപരിഹാരവും മറ്റ് ചെലവുകളും ലഭിക്കണമെന്ന് ചാത്തു ഹരജിയില്‍ വ്യക്തമാക്കിയിരുന്നു.
Next Story

RELATED STORIES

Share it