Second edit

ചാടുന്ന ഉറുമ്പ്

ചാടുന്ന ജീവികള്‍ പലതുണ്ട്: കംഗാരുവും തവളയും പച്ചത്തുള്ളന്മാരും മനുഷ്യരും ചാടുന്നതില്‍ കഴിവു തെളിയിച്ചവരാണ്. എന്നാല്‍, പാവം ഉറുമ്പുകള്‍ അങ്ങനെയല്ല. അവര്‍ക്ക് മറ്റു പല സിദ്ധികളും ഉണ്ടെങ്കിലും അവയെ ചാട്ടക്കാരുടെ കൂട്ടത്തില്‍ ആരും കണക്കിലെടുത്തിരുന്നില്ല.എന്നാല്‍, ഇപ്പോള്‍ ഗവേഷകര്‍ പറയുന്നത് ചിലയിനം ഉറുമ്പുകളെങ്കിലും ചാടാന്‍ ശേഷിയുള്ളവരാണെന്നാണ്. പക്ഷേ, അടിയന്തര ഘട്ടത്തില്‍ മാത്രമേ അവര്‍ അതിനു തുനിയാറുള്ളൂ. ഒരു ശത്രുവിന്റെ മുമ്പില്‍ പെട്ടാല്‍ ചിലയിനം ഉറുമ്പുകള്‍ തല മണ്ണിലേക്കമര്‍ത്തി പിന്നോട്ടു ചാടുന്നതായി ഗവേഷകര്‍ കണ്ടെത്തിയിരുന്നു. ലോകത്ത് ഇതുവരെ കണ്ടെത്തിയ 326 തരം ഉറുമ്പുകളില്‍ മൂന്നെണ്ണത്തിനു മാത്രമേ ഇങ്ങനെ പിന്നോട്ടു ചാടാനാവൂ. അങ്ങനെ ചാടുമ്പോഴും അവര്‍ക്ക് അതില്‍ വലിയ നിയന്ത്രണമില്ല. മിക്കപ്പോഴും പുറമടിച്ചു വീഴുകയാണു പതിവ്. എന്നാല്‍, നോര്‍ത്ത് കാരലൈന സര്‍വകലാശാലയിലെ മാഗ്ധലീന സര്‍ഗവും സംഘവും പിന്നോട്ടു മാത്രമല്ല, മുമ്പോട്ടും ചാടാന്‍ കെല്‍പുള്ള ഒരിനം ഉറുമ്പുകളെ ഈയിടെ കണ്ടെത്തി. ഒഡോന്റോമാക്‌സ് റിക്‌സോസസ് എന്ന ശാസ്ത്രനാമമുള്ള ഈയിനം ഉറുമ്പുകള്‍ ദക്ഷിണ അമേരിക്കയിലും ആസ്‌ത്രേലിയയിലും ന്യൂസിലാന്‍ഡിലും ന്യൂ കാലഫോര്‍ണിയയിലും മാത്രമാണ് കാണപ്പെടുന്നത്. അവയും ജീവരക്ഷയ്ക്കു വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. പിന്നോട്ടു ചാടാന്‍ തലയാണ് ആയുധം. മുമ്പോട്ടു ചാടാന്‍ പിന്‍കാലുകളാണ് അവ ഉപയോഗിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു. പക്ഷേ, എങ്ങനെയാണതു സാധിക്കുന്നത് എന്ന് ഇനിയും ഗവേഷകര്‍ക്കു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
Next Story

RELATED STORIES

Share it